ഓണത്തിനിടയിൽ തട്ടിപ്പ്, 777 കച്ചവട സ്ഥാപനങ്ങൾക്കെതിരെ കേസ്
text_fieldsകോഴിക്കോട്: കച്ചവടം കൊട്ടിക്കയറിയ ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 777 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് 3337 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 30,34,500 രൂപ പിഴ ഈടാക്കി. ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഉൽപന്ന പാക്കറ്റുകൾ വിൽപനക്ക് പ്രദർശിപ്പിച്ചിരുന്ന ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഇലക്ട്രോണിക് ഉപകരണ കേന്ദ്രങ്ങൾ, ഓണച്ചന്തകൾ, റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ, ഇന്ധന വിതരണ കേന്ദ്രങ്ങൾ, വസ്ത്രവ്യാപാര കേന്ദ്രങ്ങൾ, വഴിയോര കച്ചവടക്കാർ, ജ്വല്ലറികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്.
മുദ്ര പതിപ്പിക്കാതെ അളവു തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് വിവിധ വ്യാപാര സ്ഥാപനങ്ങൾക്കെതിരെ 626 കേസുകളും, പാക്കേജുകളിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ ഇല്ലാതെ വിൽപന നടത്തൽ/എം.ആർ.പി തിരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട 142 കേസുകളും അളവിലും തൂക്കത്തിലും കുറവു വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ എട്ടു കേസുകളും എം.ആർ.പി യേക്കാൾ അമിത വില ഈടാക്കി വിൽപന നടത്തിയതായി കണ്ടെത്തിയതിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടെത്തുന്ന കേസുകളിൽ പിഴ ഈടാക്കുന്നതും പിഴ ഒടുക്ക് വരുത്താത്തവ കോടതിയിൽ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചു വരുകയാണെന്നും തുടർന്നും പരിശോധനകൾ ഉണ്ടായിരിക്കുമെന്നും ഉത്തരമേഖല ജോയന്റ് കൺട്രോളർ രാജേഷ് സാം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.