ഓക്സിജൻ അളവിലും വെട്ടിപ്പ് പരിശോധനയുമായി ലീഗൽ മെട്രോളജി വകുപ്പ്
text_fieldsആലുവ: സിലിണ്ടറുകളിലെ ഓക്സിജൻ അളവിലും വെട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനക്ക് രംഗത്തിറങ്ങി. ജില്ലയിൽ ഓക്സിജൻ സിലിണ്ടർ വിൽക്കുന്ന സ്ഥാപനങ്ങളിൽ ഫ്ലൈയിങ് സ്ക്വാഡ് മിന്നൽ പരിശോധന ആരംഭിച്ചു. ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലിൽ ഓക്സിജെൻറ അളവ് വ്യക്തമായി എഴുതുന്നില്ലെന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസം അമ്പലമുഗൾ മേഖലയിൽ നടത്തിയ പരിശോധനയിലാണ് തെറ്റായ രീതി കണ്ടെത്തിയത്. സിലിണ്ടറിൽ നിറക്കുന്ന ഓക്സിജെൻറ അളവ് ക്യുബിക് മീറ്ററിലാണ് ബില്ലിൽ രേഖപ്പെടുത്തത്.
അതിനോടൊപ്പം കിലോഗ്രാമിലും അളവ് രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. സാധാരണ 48 കിലോ ഭാരമുള്ള സിലിണ്ടറിലാണ് ഓക്സിജൻ നൽകുന്നത്. ഏഴ് ക്യുബിക് മീറ്റർ ഓക്സിജന് സമമാണ് 9.5 കിലോഗ്രാം ഓക്സിജൻ. ഇപ്രകാരം അളവ് രേഖപ്പെടുത്തിയാൽ രോഗിക്കും ഡോക്ടറിനും കൃത്യമായ ധാരണ ലഭിക്കുമെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സി. ഷാമോൻ അറിയിച്ചു.
വീടുകളിൽ നൽകുന്ന എൽ.പി.ജി സിലിണ്ടറിൽ പാചകവാതകം കിലോഗ്രാമിൽ രേഖപ്പെടുത്തിയിരിക്കണമെന്ന് നിയമമുണ്ട്. ഇതേ നിയമം ഓക്സിജൻ സിലിണ്ടറിനും ബാധകമാണെന്നും മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ പറഞ്ഞു. തുടർ ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ലീഗൽ മെട്രോളജി സ്ക്വാഡിൽ ഇൻസ്പെക്ടർ റീന തോമസ്, ഇൻസ്പെക്ടിങ് അസിസ്റ്റൻറുമാരായ എ.എക്സ്. ജോസ്, വി.എസ്. രജീഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.