പ്രധാനമന്ത്രിയുടെ വായ്പയുടെ മറവിൽ തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതിയും പങ്കാളിയും പിടിയില്‍
text_fieldsകുളത്തൂപ്പുഴ: പ്രധാനമന്ത്രിയുടെ പേരിലെ സ്വയംതൊഴില്‍ വായ്പ മറയാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതിയും പങ്കാളിയും പിടിയില്‍. കുളത്തൂപ്പുഴ പതിനൊന്നാംമൈല്‍ സുമിത ഭവനില്‍ സുമിത, ഏരൂര്‍ ചില്ലിങ് പ്ലാന്റിന് സമീപം വിപിൻ സദനത്തില്‍ വിപിന്‍ കുമാര്‍ എന്നിവരെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാള്‍ നാട്ടിലെത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. അനീഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ ജി.എസ്. സജിയുടെ നേതൃത്വത്തിലെ സംഘം വിപിനെ കഴിഞ്ഞ ദിവസം പുലര്‍ച്ച വീട്ടില്‍നിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നുമാണ് ഏരൂര്‍ പാണയത്ത് ഒളിവില്‍ കഴിഞ്ഞ സുമിതയെ കസ്റ്റഡിയിലെടുത്തത്.
ഇവരെ കൂടാതെ, കുളത്തൂപ്പുഴ സ്വദേശികളായ രമ്യ പ്രദീപ്, ഭര്‍ത്താവ് ബിനു എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരം, കൊല്ലം ജില്ലയില്‍നിന്നുള്ള നിരവധി ആളുകളില്‍നിന്ന് വായ്പ തട്ടിപ്പ് നടത്തിയത്. വായ്പ ലഭിക്കാൻ മാര്‍ജിന്‍ മണി എന്ന നിലയില്‍ ആദ്യം കുറച്ചു തുക അടയ്ക്കണമെന്നും വായ്പ ലഭിക്കുമ്പോള്‍ മുന്‍കൂര്‍ വാങ്ങിയ പണത്തിനു പുറമേ, സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള തുക കൂടി നല്കാമെന്നുള്ള ഉറപ്പിലാണ് ലക്ഷങ്ങള്‍ ഇവര്‍ വാങ്ങിയെടുത്തത്.
വാഗ്ദാനം നല്കിയ സമയം കഴിഞ്ഞിട്ടും വായ്പയോ പണമോ ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് പൊലീസില്‍ പരാതി നല്കി.
സംഭവമറിഞ്ഞ് സ്ഥലത്തുനിന്ന് മുങ്ങിയ പ്രതികള്‍ ഒളിവിലിരുന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ രമ്യ പ്രദീപിനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. നാളുകള്‍ കഴിഞ്ഞിട്ടും നടപടി ഒന്നുമാകാതെ വന്നതോടെ തട്ടിപ്പിനിരയായ ലിഷ, ഉമ, ധനൂജ എന്നിവര്‍ സുമിതയുടെ ഭാരതീപുരത്തുള്ള വീടിനു മുന്നില്‍ സമരം ആരംഭിച്ചു.
മൂന്നു മാസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഒളിവിലുള്ള ബിനുവിനെകുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
എ.എസ്.ഐ വിനോദ്, സി.പി.ഒ മാരായ രതീഷ്, സുജിത്ത്, വിമൽ, ഗിരീഷ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.