ബാംബൂ കർട്ടൻ വിൽപനയുടെ മറവിൽ തട്ടിപ്പ്; മൂന്നംഗ സംഘം അറസ്റ്റിൽ
text_fieldsകോഴഞ്ചേരി: വയോധികർ തനിച്ച് താമസിക്കുന്ന വീട്ടിലെത്തി ബാംബൂ കർട്ടനിട്ട ശേഷം കബളിപ്പിച്ച് അമിത പണം കൈക്കലാക്കിയ കേസിൽ മൂന്നംഗ സംഘം അറസ്റ്റിൽ. കരുനാഗപ്പള്ളി തഴവ വെട്ടുവിളശ്ശേരിയിൽ എസ് ഹാഷിം (46), കൊല്ലം ശൂരനാട് നോർത്ത് തെക്കേമുറി അൻസു മൻസിലിൽ എൻ. അൻസിൽ (29), കൊല്ലം ശൂരനാട് സൗത്ത് കടമ്പാട്ട് വിള തെക്കേതിൽ എൻ. റിയാസ് (25) എന്നിവരെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ നവംബർ 30നാണ് ആറന്മുള സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ സംഘം എത്തിയത്. ചതുരശ്രയടിക്ക് 200 രൂപ നിരക്കിൽ ബാംബൂ കർട്ടനിട്ടു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും കർട്ടനിട്ട ശേഷം 45,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. കൈവശമുള്ള 14,000 രൂപ നൽകിയ വയോധിക, ബാക്കി തുകക്കായി രണ്ട് ബ്ലാങ്ക് ചെക്കുകൾ പ്രതികൾക്ക് കൈമാറി. അതിൽ ഒരു ചെക്ക് ഉപയോഗിച്ച് പ്രതികൾ 85,000 രൂപ പിൻവലിച്ചു. 10,000 രൂപയിൽ താഴെ വിലയുള്ള കർട്ടൻ 99,000 രൂപ പ്രതികൾ ഈടാക്കിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികൾ എർട്ടിഗ കാറിൽ വിവിധ പ്രദേശങ്ങളിൽ കറങ്ങി നടന്നാണ് വയോധികർ മാത്രം താമസിക്കുന്ന വീടുകൾ കണ്ടെത്തി തട്ടിപ്പ് നടത്തിയിരുന്നത്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ പ്രതികൾ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി ആറന്മുള പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.