കെ.എസ്.ഇ.ബി ആപ്പിന്റെ മറവിൽ ഉപഭോക്താക്കളെ ആപ്പിലാക്കാൻ തട്ടിപ്പുസംഘം
text_fieldsകട്ടപ്പന: വൈദ്യുതി ബിൽ ഓൺലൈനായി അടക്കാനുള്ള കെ.എസ്.ഇ.ബിയുടെ മൊബൈൽ ആപ്ലിക്കേഷന്റെ മറവിലും തട്ടിപ്പിന് ശ്രമം. കട്ടപ്പനയിലെ ചില ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണിൽ സന്ദേശമയച്ച് പണം തട്ടാനാണ് കഴിഞ്ഞദിവസങ്ങളിൽ ശ്രമം നടന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഓൺലൈനായി പണം തട്ടുന്ന സംഘത്തിന്റെ പ്രവർത്തനം സംസ്ഥാനത്ത് ഉടനീളമുണ്ടെന്നാണ് സൂചന.
'പ്രിയ ഉപഭോക്താവേ, കഴിഞ്ഞ മാസത്തെ ബിൽ അടക്കാത്തതിനാൽ നിങ്ങളുടെ കണക്ഷൻ ഇന്ന് രാത്രി 9.30 ന് വൈദ്യുതി ഓഫിസിൽനിന്ന് വിച്ഛേദിക്കും. ദയവായി ഉടൻ ഞങ്ങളുടെ ഇലക്ട്രിസിറ്റി ഓഫിസറെ 7866096069 നമ്പറിൽ ബന്ധപ്പെടുക'- കട്ടപ്പന കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിന് കീഴിലെ ഉപഭോക്താവിന് വൈദ്യുതി ബോർഡിൽനിന്നെന്ന പേരിൽ കഴിഞ്ഞ ദിവസം മൊബൈൽ ഫോണിൽ ലഭിച്ച സന്ദേശം ഇതായിരുന്നു. നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സന്ദേശത്തിൽ പറഞ്ഞ അതേ കാര്യങ്ങളായിരുന്നു മറുപടി. കണക്ഷൻ വിച്ഛേദിക്കുന്നത് ഒഴിവാക്കാൻ ബില്ലടച്ച് കെ.എസ്.ഇ.ബി വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായിരുന്നു കെ.എസ്.ഇ.ബി തിരുവനന്തപുരം ഓഫിസിൽനിന്നാണെന്ന് പറഞ്ഞ് ഇംഗ്ലീഷിലെ നിർദേശം.
ഇലക്ട്രിക്കൽ സെക്ഷനും കൺസ്യൂമർ നമ്പറും മൊബൈൽ നമ്പറുമെല്ലാം കൃത്യമായി പറഞ്ഞപ്പോൾ ഉപഭോക്താവിന് സംശയമുണ്ടായില്ല. ബില്ല് അടക്കാൻ എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോൾ പ്ലേ സ്റ്റോറിൽനിന്ന് കെ.എസ്.ഇ.ബിയുടെ ആപ് ഡൗൺലോഡ് ചെയ്യണമെന്നും ആപ് ഇൻസ്റ്റാൾ ചെയ്യാൻ ഫോണിലേക്ക് വരുന്ന 10 അക്ക നമ്പർ പറഞ്ഞു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ ഉപഭോക്താവ് ഫോൺ കട്ടാക്കി. പിന്നീട് തുടരെ കാൾ വന്നെങ്കിലും എടുത്തില്ല. എന്നാൽ, സമാന രീതിയിൽ ആപ് ഇൻസ്റ്റാൾ ചെയ്തവർക്ക് തങ്ങളുടെ മൊബൈൽ ഫോൺ, സന്ദേശം അയച്ച ആൾക്ക് വിദൂരത്തിലിരുന്ന് നിയന്ത്രിക്കാവുന്ന വിധത്തിലായതായി പറയുന്നു. ബിൽ അപ്ഡേറ്റ് ആയോ എന്ന് പരിശോധിക്കാൻ ഒരു രൂപ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് അയക്കാനാണ് ഇവരോട് ആവശ്യപ്പെട്ടത്. പണം അയക്കുന്നതോടെ അക്കൗണ്ട് വിവരങ്ങളും തുടർന്ന് പണവും ചോർത്തിയെടുക്കുന്നതാണ് തട്ടിപ്പുരീതി.
ചങ്ങനാശ്ശേരി സ്വദേശിയായ ഒരാളെ കട്ടപ്പനയിൽ തട്ടിപ്പിന് ഇരയാക്കാൻ ശ്രമിച്ചെങ്കിലും ആപ് ഡൗൺലോഡിങ് പൂർത്തിയാക്കുന്നതിനുമുമ്പ് കാൾ കട്ട് ചെയ്തതിനാൽ പണം നഷ്ടമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.