ബി.പി.എല്ലുകാർക്ക് സൗജന്യ കുടിവെള്ളം; അധികം പണം നൽകാതെ തുടരാനാവില്ലെന്ന് ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: സ്ഥാപനം വലിയ സാമ്പത്തികബാധ്യത നേരിടുന്ന സാഹചര്യത്തിൽ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി കുടിവെള്ള വിതരണത്തിന് അധിക നോൺ പ്ലാൻ ഗ്രാന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി സർക്കാറിനെ സമീപിച്ചു. നിലവിൽ 15,000 ലിറ്ററിന് താഴെ പ്രതിമാസ ഉപയോഗമുള്ള ബി.പി.എൽ ഉപഭോക്താക്കൾക്ക് ജലം സൗജന്യമാണ്. ബി.പി.എൽ അപേക്ഷകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇത് തുടരാനുള്ള ബുദ്ധിമുട്ട് ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തിൽ ജല അതോറിറ്റി എം.ഡി അറിയിച്ചു.
2023 ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ എന്ന നിരക്കിൽ വെള്ളക്കരം കൂട്ടിയശേഷം ബി.പി.എൽ അപേക്ഷകരുടെ എണ്ണത്തിലും സബ്സിഡി തുകയിലും കാര്യമായ വർധന വന്നിട്ടുണ്ടെന്നാണ് ജല അതോറിറ്റി വാദം. ബി.പി.എൽ ആനൂകൂല്യത്തിന് ഇക്കൊല്ലം ലഭിച്ചത് പത്ത് ലക്ഷത്തിലധികം അപേക്ഷകളാണ്. സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ ഇത്രയും വലിയ സബ്സിഡി സാധ്യമാകില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഇതുവരെ ബി.പി.എൽ ഉപഭോക്താക്കൾക്ക് സബ്സിഡി നൽകിയ വകയിൽ 123.88 കോടി രൂപ ജല അതോറിറ്റിക്ക് നഷ്ടം വന്നുവെന്ന കണക്കും ജലവിഭവ വകുപ്പിന് നൽകിയിട്ടുണ്ട്.
ശുദ്ധീകരണത്തിനും വിതരണത്തിനും വരുന്ന ചെലവിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം വിതരണം ചെയ്യുന്നതുവഴി വൻ നഷ്ടം പ്രതിവർഷം ഉണ്ടാകുന്നതായാണ് ജല അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്. ആയിരം ലിറ്റർ കുടിവെള്ളത്തിന്റെ ഉൽപാദന ചെലവ് 24.82 രൂപയായി ഉയർന്നു. വൈദ്യുതി ചാർജിലെ വർധന, കെമിക്കൽ ഉൽപന്നങ്ങളുടെ ഉയരുന്ന വില, അറ്റകുറ്റപ്പണികളുടെ ചെലവ്, വായ്പ തിരിച്ചടവ്, ശമ്പളം, പെൻഷൻ ചെലവ് തുടങ്ങിയവക്ക് അനുസൃതമായി വെള്ളക്കര വർധന ഉണ്ടാകുന്നില്ല. സർക്കാറിൽനിന്ന് 2022-23ൽ 169.43 കോടിയും 2023-24ൽ 291.18 കോടിയും നോൺ പ്ലാൻ ഗ്രാന്റ് കിട്ടാനുണ്ട്. കെ.എസ്.ഇ.ബിക്ക് നൽകാനുള്ള തുക, കരാറുകാർക്ക് കൊടുക്കേണ്ട പണം തുടങ്ങി വിവിധ ഇനങ്ങളിൽ ജല അതോറിറ്റിയുടെ ബാധ്യത 1595 കോടി രൂപയാണ്. ബി.പി.എൽ ഉപഭോക്താക്കൾക്ക് നൽകിയ സബ്സിഡി തുക നിലവിലുള്ള നോൺ പ്ലാന്റ് ഗ്രാന്റിന് പുറമേ അധിക നോൺ പ്ലാൻ ഗ്രാന്റായി അനുവദിക്കാതെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് ജല അതോറിറ്റി അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.