കര്‍ഷകര്‍ക്ക് സൗജന്യ വൈദുതി പദ്ധതി: ബില്ലിൽ വൻ പൊരുത്തക്കേടെന്ന് കണ്ടെത്തൽ
text_fields2019 സെപ്തംബറിൽ 28 ലക്ഷം, ഒക്ടോബറിലും നവംബറിലുമായി ആറ് ലക്ഷം.
ബിൽ കുശിക 17 കോടി
കോഴിക്കോട്: കർക്ഷർക്കായി നടപ്പാക്കിയ സൗജന്യ വൈദ്യുതി പദ്ധതിയുടെ പ്രതിമാസബിൽ തുകയിൽ വൻ വ്യത്യാസമെന്ന് പരിശോധനാ റിപ്പോർട്ട്. ചിറ്റൂരിലെ എ.ഡി.എയുടെ കീഴിലുള്ള എട്ട് കൃഷിഭവനുകളുടെ വൈദ്യുതി ബില്ലുകളുടെയും അനുബന്ധ രേഖകളുടെയും പരിശോധനയിലാണ് കണക്കിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. 2019 സെപ്തംബറിലെ ബിൽതുക 28 ലക്ഷം രൂപയാണ്. എന്നാൽ, അടുത്ത രണ്ട് മാസത്തെ (ഒക്ടോബർ, നവംബർ) ബില്ല് ആറ് ലക്ഷമാണ്.
2019 സെപ്‌റ്റംബർ മാസത്തെ പ്രതിമാസ കറന്റ് ചാർജുകളിൽ വലിയ വ്യതിയാനത്തിന്റെ കാരണം വ്യക്തമല്ല. ഇലക്‌ട്രിസിറ്റി രജിസ്‌റ്റർ കൃത്യമായി എഴുതി സൂക്ഷിക്കാത്തത് വൈദ്യുതി ചാർജിലെ വൻ വ്യതിയാനത്തിന് കാരണമെന്ന് ഓഡിറ്റിങ്ങിൽ ചൂണ്ടിക്കാണിച്ചു. പാലക്കാട് ജില്ലയിലെ എട്ട് ഇലക്ട്രിക്കൽ സെക്‌ഷനുകൾക്ക് കീഴിൽ 2016 ജൂൺ മുതൽ 2021 സെപ്തംബർ വരെയുള്ള കാലയളവിൽ 17,01,70,302 രൂപ അടക്കാനുള്ള തുക ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി.
സൗജന്യ ഇലക്‌ട്രിസിറ്റി രജിസ്‌റ്ററിന്റെയും ബന്ധപ്പെട്ട രേഖകളുടെയും രജിസ്‌റ്റർ പരിശോധിച്ചതിൽ ചിറ്റൂർ എ.ഡി.എ കെ.എസ്.ഇ.ബിക്ക് ബിൽ കുശികയായി ഏതാണ്ട് 17 കോടി അടക്കാനുണ്ട്. 2018 മുതൽ 2021 ജൂലൈ വരെ എലപ്പുള്ളി- 2,43,77,444, വേലൻതാവളം-46,58,305, കഞ്ചിക്കോട്- 20,43,387, ചിറ്റൂർ- 8,57,643, കൊഴിഞ്ഞാമ്പാറ-10,49,599 എന്നിങ്ങനെയാണ് അടക്കാനുള്ള തുക.
ഓരോ വിഭാഗങ്ങളുമായും ബന്ധപ്പെട്ട ക്ലെയിമുകളുടെ വിശദാംശങ്ങൾ കെ.എസ്.ഇ.ബിയിലേക്ക് പണമടക്കുന്നതിനായി എ.ഡി.എക്ക് നൽകിയിട്ടുണ്ട്. എന്നാൽ, എ.ഡി.എ അയച്ച പണത്തിന്റെ വിശദാംശങ്ങൾ, പേയ്‌മെന്റ് നടത്തിയ കാലയളവ്, പണമടക്കാൻ തീർപ്പുകൽപ്പിക്കപ്പെട്ടില്ലെങ്കിൽ ബാക്കി തുക മുതലായവ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ രജിസ്റ്ററിൽ രേഖപ്പെടുത്തണം. എന്നാൽ, ഇതൊന്നും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടില്ല.
ചിറ്റൂരിലെ എ.ഡി.എയിൽ നിന്ന് ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച് കൃഷിഭവൻ എലപ്പുള്ളിയുമായി ബന്ധപ്പെട്ട് 2016 ജൂൺ മുതൽ 2021 സെപറ്റംബർ വരെയുള്ള കാലയളവിലെ വൈദ്യുതി ചാർജായ 1,81,57,114 രൂപ അടക്കാനുണ്ട്. അതിന് മതിയായ ആധികാരിക രേഖകളില്ലെന്നും ഓഡിറ്റിൽ കണ്ടെത്തി. വൈദ്യുതി ചാർജ് സംബന്ധിച്ച് വിശദീകരണം നൽകാൻ കൃഷി ഓഫീസർക്കും കഴിയുന്നില്ല.
സംസ്ഥാന സർക്കാർ നെൽക്കൃഷിക്ക് 1995ൽ കർഷകർക്ക് വൈദ്യുതി ചാർജിൽ നിന്ന് ഇളവ് അനുവദിച്ചിരുന്നു. പിന്നീട് വിജ്ഞാപനത്തിൽ ഒരു ഹെക്ടറിനുള്ളിൽ കൈവശമുള്ളവർക്ക് ഇളവ് ലഭിക്കുമെന്ന് വ്യക്തമാക്കി. ഭൂപരിധി പിന്നീട് രണ്ട് ഹെക്ടറായി ഉയർത്തി. ഓരോ കൃഷിഭവനുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾ ഉന്നയിക്കുന്ന ഡിമാൻഡ് അനുസരിച്ച് കൃഷി വകുപ്പ് (നോൺ പ്ലാൻ സ്കീം) വൈദ്യുതി ചാർജുകൾ അടച്ചു.
പാലക്കാട് ജില്ലയിൽ വൈദ്യുതി സൗകര്യം ലഭിക്കുന്ന കർഷകരുടെ എണ്ണം ഏകദേശം 47,614 ആയിരുന്നു. ചിറ്റൂർ ബ്ലോക്കിന് കീഴിൽ സൗജന്യ വൈദ്യുതി ലഭിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം 8405 ആണ്. കെ.എസ്.ഇ.ബിക്ക് നൽകേണ്ട സൗജന്യ വൈദ്യുതി ബിൽ തുക അഞ്ച് വർഷത്തിലേറെയായി 2016 ജൂൺ മുതൽ അടക്കാനുണ്ട്. 17 കോടി രൂപ അടക്കാനുള്ളതിൽ നടപ്പുസാമ്പത്തിക വർഷം 1.5 കോടി രൂപ കെ.എസ്.ഇ.ബിയിലേക്ക് അയച്ചിട്ടുണ്ടെന്നും നിലവിൽ വൈദ്യുതി ബില്ലടക്കാൻ 3.5 കോടി രൂപ അനുവദിച്ചുവെന്നുമാണ് കൃഷിവകുപ്പ് നൽകിയ മറുപടി. ഇലക്ട്രിസിറ്റി ചാർജ് രജിസ്റ്ററിന്റെ പരിപാലനത്തിലും വൻ വീഴ്ചയുണ്ടെന്ന് ഓഡിറ്റിൽ കണ്ടെത്തി.
.....................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.