കുട്ടികളുടെ ജീവൻ കൊണ്ട് കളിക്കുന്ന ഫ്രീ ഫയർ
text_fieldsപബ്ജിക്ക് പിന്നാലെ കുട്ടികളുടെ ജീവൻ കൊണ്ടു കളിക്കുകയാണ് ഫ്രീ ഫയർ ഓൺലൈൻ ഗെയിം. 2017ൽ ഇറങ്ങിയെങ്കിലും പബ്ജിയുടെ നിരോധനത്തോടെയാണ് പ്രചാരം നേടിയത്. ലോക്ഡൗണിലെ അടച്ചിരിപ്പും ഫോണിലെ ഓൺലൈൻ ക്ലാസുകളുമാണ് വില്ലനായത്. മാതാപിതാക്കളുടെ സാങ്കേതിക പരിജ്ഞാനത്തിലെ കുറവും കുട്ടികൾക്ക് അനുഗ്രഹമായി. 50 കോടിയിലധികം പേരാണ് ഫ്രീ ഫയർ ആൻഡ്രോയിഡ് പതിപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്.
പബ്ജി 1.6 ജി.ബി ഫോൺ മെമ്മറി കവർന്നിരുന്നെങ്കിൽ ഫ്രീ ഫയറിന് 716 എം.ബി മതി. ഫ്രീ ഫയർ രണ്ട് ജി.ബി റാമുള്ള പഴയ ആൻഡ്രോയിഡ് 4.0 (ഐസ്ക്രീം സാൻവിച്ച്) പതിപ്പുള്ള കുറഞ്ഞ ഫോണുകളിലും നന്നായി പ്രവർത്തിക്കും. ഇതാണ് പ്രധാന ആകർഷണം.
ബാറ്റിൽ റോയൽ
കോഷുൻ തകാമിയുടെ 1999 ലെ നോവൽ ബാറ്റിൽ റോയൽ അടിസ്ഥാനമാക്കി അതേപേരിൽ 2000ൽ ഇറങ്ങിയ ജപ്പാൻ സിനിമ ആണ് ഗെയിമുകളുടെ പ്രചോദനം. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ 42 പേരെ വിജന ദ്വീപിലേക്ക് അയക്കുന്നു. മാപ്പ്, ഭക്ഷണം, ആയുധങ്ങൾ എന്നിവ നൽകുന്നു. കഴുത്തിൽ കോളർ ബോംബുമുണ്ട്. നിയമം ലംഘിച്ചാൽ, കോളർ പൊട്ടിത്തെറിക്കും. ദൗത്യം പരസ്പരം കൊല്ലുക, അവസാന വിജയിയാവുക. അവസാന വിജയിക്ക് ദ്വീപ് വിടാം. ഒന്നിൽ കൂടുതൽ വിജയികൾ ഉണ്ടെങ്കിൽ കോളറുകൾ പൊട്ടിത്തെറിക്കുകയും എല്ലാവരെയും കൊല്ലുകയും ചെയ്യുന്നതാണ് സാങ്കൽപിക കഥ.
പബ്ജി പോലെ ബാറ്റിൽ റോയൽ വിഭാഗത്തിൽപെടുന്നതാണ് ഫ്രീ ഫയറും. അതായത് മറ്റുള്ള കളിക്കാരെ കൊന്നുതള്ളി വിജയിക്കുക. ഒരു വിമാനത്തിൽ ദ്വീപിന് മുകളിൽ 50 കളിക്കാരെ ഇറക്കിവിടും. ഇറങ്ങുന്ന സമയം മുതൽ കളിക്കാരെ നിയന്ത്രിക്കാം. പാരച്യൂട്ടിൽ എവിടെയിറങ്ങണമെന്ന് തീരുമാനിക്കാം. അവിടെയിറങ്ങി ഉള്ള ആയുധമെടുത്ത് മറ്റ് 49 കളിക്കാരെ കൊന്നുതള്ളി അന്തിമ വിജയിയാവുക. അതിന് പല ഘട്ടങ്ങളിലായി ആയുധം വാങ്ങാൻ പണം വേണം.
ഈ പണം കുട്ടികൾ കണ്ടെത്തുന്നത് മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ അക്കൗണ്ടിൽനിന്നാണ്. മൂന്ന് മുതൽ അഞ്ചുപേരുള്ള സംഘമായും കളിക്കാം. പണമില്ലാതെ ആയുധങ്ങളുടെ പോരായ്മകൊണ്ട് തോൽക്കുന്നത് കൂടാതെ മറ്റ് കളിക്കാരുടെ കളിയാക്കലും സഹിക്കാനാവാതെ ആത്മഹത്യയിൽ അഭയം തേടുകയാണ് പലരും.
പബ്ജി വേഷംമാറി വീണ്ടും
സ്വകാര്യതലംഘനത്തിെൻറ പേരിൽ 2020 സെപ്റ്റംബറിലാണ് ചൈനീസ് കമ്പനി ടെൻസെൻറിെൻറ പബ്ജി മൊബൈൽ (പ്ലേയേഴ്സ് അൺനോൺ ബാറ്റിൽ ഗ്രൗണ്ട്സ്) നിരോധിച്ചത്. ഇപ്പോൾ ദക്ഷിണ കൊറിയൻ കമ്പനി ക്രാഫ്റ്റൺ ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന പേരിൽ പബ്ജിയെ വീണ്ടും രാജ്യത്തെത്തിച്ചിട്ടുണ്ട്. ഒരു കോടിയിലധികം പേർ ആൻഡ്രോയിഡ് പതിപ്പ് ഡൗൺലോഡും ചെയ്തു. ഐഫോണുകളിലേക്ക് വരാൻ കാത്തിരിക്കുകയാണ് ഗെയിം. ഇന്ത്യൻ കുട്ടികൾക്കുമാത്രമായി സൃഷ്ടിച്ചതാണത്രേ ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ.
കണ്ണുവേണം കുട്ടികളിൽ
കുട്ടികൾ പഠിക്കുേമ്പാൾ എപ്പോഴും ഒരു കണ്ണ് അവരുടെ മേൽ വേണം. ഒപ്പം ആരെങ്കിലും ഉള്ളത് നല്ലതാണ്. മുറിയടച്ചിരുന്നും വീട്ടിൽ ആരുമില്ലാത്തപ്പോഴും ഫോണുമായി കളിക്കാൻ അനുവദിക്കരുത്.
കുട്ടികളുടെ അയൽപക്കത്തെയും സമൂഹമാധ്യമങ്ങളിലെയും സൗഹൃദങ്ങൾ അറിയണം. സ്നേഹത്തോടെയിടപെട്ട് മക്കളുടെ സുഹൃത്താവുക. ഓൺലൈൻ ക്ലാസിന് സ്മാർട്ട്ഫോൺ വാങ്ങി നൽകാതെ ടി.വിയിലോ, ലാപ്ടോപിലോ ക്ലാസ് കാണാനുള്ള സൗകര്യം ഏർപ്പെടുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.