സൗജന്യ കൈത്തറി യൂനിഫോം കൂടുതൽ കുട്ടികളിലേക്ക്
text_fieldsകൊച്ചി: സംസ്ഥാന സർക്കാറിെൻറ സൗജന്യ കൈത്തറി സ്കൂൾ യൂനിഫോം പദ്ധതി കൂടുതൽ കുട്ടികളിലേക്ക്. നിലവിൽ സർക്കാർ സ്കൂളുകളിൽ മാത്രമുള്ള പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കാനാണ് ശ്രമം. അതോടെ സാധാരണക്കാരായ നിരവധി കുട്ടികൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും. കൈത്തറി മേഖലയുടെ വികസനം കൂടി കണക്കിലെടുത്താണ് പുതിയ നീക്കം. 21ന് വ്യവസായ, വിദ്യാഭ്യാസ മന്ത്രിമാരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഇതുസംബന്ധിച്ച് ചർച്ച നടത്തും.
അടുത്ത അധ്യയന വർഷം 5800ഓളം എയ്ഡഡ് സ്കൂളിലെ കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 63 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി കൈത്തറി മേഖല സജ്ജമാണെന്ന് കൈത്തറി വികസന കോര്പറേഷന് എം.ഡി. കെ. സുധീര് ‘മാധ്യമ’ത്തോടു പറഞ്ഞു.
ഉൽപാദന വർധനയനുസരിച്ച് കൈത്തറി മേഖലയുടെ വികസനം കൂടിയാണ് ലക്ഷ്യം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 54,000 തറികളിൽ 29,000 എണ്ണമാണ് പ്രവർത്തിക്കുന്നത്. തൊഴിലാളികളും കുറവാണ്. തറികൾ അറ്റകുറ്റപ്പണി ചെയ്ത് സജ്ജമാക്കുന്നതിനൊപ്പം നെയ്ത്തുകാർ ഉൾപ്പെടെ ഒരു ലക്ഷത്തോളം തൊഴിലാളികൾ ആവശ്യമാണ്. കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുന്നതുൾപ്പെടെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സ്കൂളുകളുടെ അന്തിമ പട്ടിക കിട്ടുന്നതോടെ തൊഴിലാളികളെ കണ്ടെത്തി പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകും -അദ്ദേഹം പറഞ്ഞു.
കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട പദ്ധതിയിൽ 2017ൽ സർക്കാർ സ്കൂളുകളിലെ ഒന്നു മുതൽ അഞ്ചുവരെ ക്ലാസിലെ കുട്ടികൾക്കാണ് യൂനിഫോം നൽകിയത്. 9.26 ലക്ഷം മീറ്റർ തുണിയാണ് 2,718 സ്കൂളുകളിലെ 2.2 ലക്ഷം വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. ഈ അധ്യയന വർഷം ഏഴാം ക്ലാസുവരെയുള്ള കുട്ടികളെ പദ്ധതിയിൽ ഉൾപ്പെടുത്തി.
വിദ്യാഭ്യാസ വകുപ്പ് നിർദേശമനുസരിച്ച് 23 ലക്ഷം മീറ്റർ തുണി കൈത്തറി വികസന കോർപറേഷൻ തയാറാക്കി. 20.5 ലക്ഷം മീറ്റർ തുണി വിതരണം ചെയ്തു. 3,701 സ്കൂളുകളിലെ 4.6 ലക്ഷം കുട്ടികൾക്ക് രണ്ട് ജോഡി യൂനിഫോമുകളാണ് നൽകിയത്. പദ്ധതിയിലൂടെ 63 കോടിയോളം രൂപ കൈത്തറി മേഖലക്കു ലഭിച്ചു. വേതനയിനത്തിൽ 35 കോടി തൊഴിലാളികൾക്ക് ലഭ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.