കെ-ഫോൺ സൗജന്യ കണക്ഷന് സിഗ്നലില്ല; ആദായവഴിയിൽ അതിവേഗത
text_fieldsതിരുവനന്തപുരം: നിർധന കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ എന്ന വാഗ്ദാനവുമായി തുടക്കമിട്ട കെ-ഫോൺ ലക്ഷ്യം മറന്ന് ധനസമ്പാദന മാതൃകയിലേക്ക് (മോണിറ്റൈസേഷൻ മോഡൽ) ചുവടുമാറുന്നു. വരുമാന വർധന സംബന്ധിച്ച് ഐ.ടി സെക്രട്ടറിയുടെ നേതൃത്വത്തിലെ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിലെ പരാമർശങ്ങൾ സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കി. ലക്ഷ്യമിട്ട പ്രകാരം ഒരു കുടുംബത്തിനുപോലും സൗജന്യ കണക്ഷൻ നൽകിയില്ലെന്ന് മാത്രമല്ല, പണം ഈടാക്കിയുള്ള കണക്ഷനുകൾ നൽകലിന് തയാറെടുപ്പും തുടങ്ങിക്കഴിഞ്ഞു. ഇതിനായി കെ-ഫോൺ ബോർഡിന് കീഴിൽ താരീഫ് കമ്മിറ്റി രൂപവത്കരിക്കും.
സ്വകാര്യ സേവനദാതാക്കൾക്ക് ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വാടകക്ക് നൽകി വരുമാനമുണ്ടാക്കുകയാണ് മറ്റൊരു നീക്കം. ‘ലീസ് ടു ലൈൻ’ എന്നാണ് വാടകദൗത്യത്തിന് പേര്. നിലവിൽ 48 ഫൈബറുകളാണ് കേബിൾ ലൈനുകളിലുള്ളത്. കെ-ഫോണിനും കെ.എസ്.ഇ.ബിക്കുമായി 20 മുതൽ 22 ഫൈബർ ലൈനുകളാണ് വേണ്ടിവരുക. ശേഷിക്കുന്ന 26 ലൈനുകളാണ് സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കൾക്കായി വാടകക്ക് വെക്കുന്നത്. 30,000 കിലോമീറ്റർ ശൃംഖലയാണ് സംസ്ഥാനത്താകെ സജ്ജമാക്കിയത്. ഒരു കിലോമീറ്റർ നെറ്റ്വർക്കിന് 20,000 രൂപ വാടക നിശ്ചയിച്ചാലും വലിയ തുക വരുമാനമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
വീടുകൾക്ക് കണക്ഷൻ നൽകലടക്കം മറ്റു ജോലികളെല്ലാം പുറംകരാർ നൽകും. കെ-ഫോൺ ബോർഡിന്റെ നിയന്ത്രണം ഉറപ്പാക്കിയാണ് സ്വകാര്യ ഏജൻസികൾക്ക് പുറംകരാർ നൽകുക. പ്രൊപ്രൈറ്ററുടെ റോളിലേക്ക് കെ-ഫോൺ ബോർഡ് മാറുന്നതോടെ തനത് പ്രവർത്തനച്ചെലവ് കുറക്കാമെന്നാണ് വിലയിരുത്തുന്നത്. കെ-ഫോണിന് കീഴിൽ പണം ഈടാക്കിയുള്ള പൊതുയിടങ്ങളിലെ വൈ-ഫൈ ഹോട്സ്പോട്ടുകളാണ് മറ്റൊരു പദ്ധതി. വരുമാന വർധന പദ്ധതികൾ തകൃതിയിലാണെങ്കിലും പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമായ സൗജന്യ കണക്ഷനുകളാകട്ടെ ഇഴഞ്ഞു നീങ്ങുകയാണ്. ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾ സൗജന്യ കണക്ഷൻ നൽകാൻ തീരുമാനിച്ചെങ്കിലും ഇതുവരെ പഞ്ചായത്തുകളിൽനിന്ന് കിട്ടിയത് 7569 കുടുംബങ്ങളുടെ പട്ടിക മാത്രമാണ്. ഇവർക്ക് എന്ന് കണക്ഷൻ നൽകുമെന്നും ഉറപ്പില്ല. നേരത്തേ പ്രഖ്യാപിച്ചിരുന്ന സമയപരിധികളൊക്കെ പലവട്ടം കഴിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.