സൗജന്യ ലാപ്ടോപ്പ് വിതരണം; ദലിത് വിദ്യാർഥിനിയെ പഞ്ചായത്ത് ഉദ്യോഗസ്ഥൻ അപമാനിച്ചെന്ന്, പരാതി നൽകി
text_fieldsപുളിക്കല്‍: ഗ്രാമ പഞ്ചായത്ത് അനുവദിച്ച ലാപ്ടോപ്പ് കൈപ്പറ്റാനെത്തിയ ദലിത് വിദ്യാര്‍ഥിനിയെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥന് അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന് പരാതി. കൊട്ടപ്പുറം സ്വദേശി ചോയക്കാട് വാസുവിന്റെ മകള്‍ വിന്‍സിയാണ് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ലാപ്ടോപ്പിനുള്ള അപേക്ഷയിലെ പഠിക്കുന്ന സ്ഥാപനത്തിലെ സാക്ഷ്യപത്രം പകര്‍പ്പാണെന്ന് പറഞ്ഞ് പഞ്ചായത്ത് കാര്യാലയത്തില്‍വെച്ച് പരസ്യമായി ആക്ഷേപിക്കുകയും അസഭ്യം പറഞ്ഞതായുമാണ് പരാതി.
2022-23 വാര്‍ഷിക പദ്ധതിയില്‍ ആവിഷ്ക്കരിച്ച ലാപ്ടോപ്പ് വിതരണ പദ്ധതിക്ക് ആവശ്യമായ രേഖകൾ നേരത്തെ സമര്‍പ്പിച്ചതാണെന്ന് പരാതിയിൽ പറയുന്നു. ഒരു വര്‍ഷമായിട്ടും ലാപ്ടോപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് വാര്‍ഡ് അംഗം പി.ടി. ഹിബത്തുല്ല മുഖേന അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ജൂൺ 13ന് പഞ്ചായത്തില്‍ നിന്ന് അസി. സെക്രട്ടറി ഫോണില്‍ ബന്ധപ്പെട്ട് 15ന് ഓഫീസില്‍ നേരിട്ടെത്തി ലാപ്ടോപ്പ് കൈപ്പറ്റാന്‍ നിദേശിച്ചു.
15ന് ഓഫീസിലെത്തിയപ്പോള്‍ നേരത്തെ നൽകിയ രേഖകള്‍ വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും അതില്‍ പഠിക്കുന്ന കോളജില്‍ നിന്നുള്ള സാക്ഷ്യപത്രം പകര്‍പ്പാണെന്ന് പറഞ്ഞ് ലാപ്ടോപ്പ് നിഷേധിക്കുകയും ആക്ഷേപിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നുണ്ട്.
ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷാംഗങ്ങളും യു.ഡി.എഫും വിവിധ സംഘടനകളും അറിയിച്ചു. പാലാട്ട് ഷെരീഫ്, എന്‍.കെ. യസീദ് കോയ തങ്ങള്‍, ദളിത് കോണ്‍ഗ്രസ് പുളിക്കല്‍ മണ്ഡലം പ്രസിഡണ്ട് ഉണ്ണി കുറുവങ്ങാട്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പരിയാരന്‍ തുടങ്ങിയവര്‍ പഞ്ചായത്ത് സെക്രട്ടറി വിനോദിനെ പ്രതിഷേധമറിയിച്ചു.
അതേസമയം ഗുണഭോക്താവായ വിദ്യാര്‍ഥിനി പഠന കേന്ദ്രത്തില്‍ നിന്നുള്ള രേഖയുടെ പകർപ്പാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും പദ്ധതിയിലുള്‍പ്പെട്ട മറ്റ് 33 പേർക്ക് ലാപ്ടോപ്പുകൾ അനുവദിച്ചതായും സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.