‘സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്‌ടോപ്’; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്‌ടോപ് നൽകുന്നെന്ന രീതിയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പേരിലുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മന്ത്രി വി. ശിവൻകുട്ടി. ‘എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്ടോപ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക’ എന്ന രീതിയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചാരണം നടക്കുന്നത്.
ഇത് വിവരങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ദിവസം മുതലാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വ്യാപകമായി ലിങ്കുകൾ ലഭിച്ച് തുടങ്ങിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലോഗോയടക്കം ഉപയോഗിച്ചുള്ള ലിങ്കിൽ കയറിയാൽ പേരും മറ്റ് വിവരങ്ങളും നൽകാനും ഒ.ടി.പി വന്ന് വിവരം സ്ഥിരീകരിക്കാനുമാണ് പറയുന്നത്.
ഇത് വ്യാജ പ്രചാരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും ഇക്കാര്യത്തിൽ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊലീസും ഫേസ്ബുക്ക് പേജിൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ സൗജന്യ ലാപ്ടോപ് നൽകുന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. വ്യാജ പ്രചാരണത്തിലൂടെ കുട്ടികളുടെ വിവരശേഖരണം ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പാണിത്. ഈ ലിങ്കിൽ രജിസ്റ്റർ ചെയ്ത് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക’, എന്നിങ്ങനെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.