പ്രതികൾക്ക് സൗജന്യ നിയമ സഹായം; ദരിദ്രർ, സ്ത്രീകൾ, കുട്ടികൾ അടക്കമുള്ളവർക്ക് പ്രയോജനം
text_fieldsകൽപറ്റ: കുറ്റകൃത്യങ്ങളിൽ പ്രതികളാവുന്ന ദരിദ്രർ, സ്ത്രീകൾ, കുട്ടികൾ അടക്കമുള്ളവർക്ക് സൗജന്യ നിയമ സഹായം നൽകാനുള്ള വ്യവസ്ഥാപിത സംവിധാനം രാജ്യത്തെ 350 ജില്ലകളിൽ പ്രാബല്യത്തിൽ വരുന്നു. ദേശീയ നിയമ സേവന അതോറിറ്റി (നൽസ) 2019ൽ എറണാകുളത്ത് അടക്കം രാജ്യത്തെ 13 ജില്ലകളിൽ ആരംഭിച്ച പൈലറ്റ് പ്രോജക്ടായ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം (എൽ.എ.ഡി.സി.എസ്) ആണ് രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ജനുവരി മൂന്നിന് ഇതിന്റെ ഉദ്ഘാടനം നടക്കും.
എസ്.സി-എസ്.ടി, സ്ത്രീകൾ, കുട്ടികൾ, പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയാവുന്നവർ, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ളവർ എന്നീ വിഭാഗത്തിൽപെടുന്ന പ്രതികൾക്കാണ് സൗജന്യ നിയമ സഹായം നൽകുക. എല്ലാവിധ ക്രിമിനൽ കേസുകളിലും ഈ വിഭാഗത്തിലെ പ്രതികൾക്കായി അഭിഭാഷകരെ ആവശ്യമെങ്കിൽ ലഭ്യമാക്കും. സിവിൽ കേസുകൾ ഈ ഓഫിസുകളിൽ പരിഗണിക്കില്ല. പണമില്ലാത്തതിന്റെ പേരിൽ നീതി നിഷേധിക്കപ്പെടരുത് എന്ന ആശയത്തിൽ ഊന്നിയാണ് പദ്ധതി രൂപപ്പെടുത്തിയത്.
ഓരോ ജില്ലയിലും ചീഫ് ലീഗൽ കൗൺസൽ, ഡെപ്യൂട്ടി കൗൺസൽ, ഇവർക്ക് കീഴിൽ ഓരോ ജില്ലയിലെയും കോടതികളുടെയും കേസുകളുടെയും എണ്ണത്തിനനുസരിച്ച് അസിസ്റ്റന്റുമാരെയും നിയമിക്കും. നിയമിക്കപ്പെടുന്ന കാലയളവിൽ അഭിഭാഷകർ മറ്റു സ്വകാര്യ കേസുകളിൽ വക്കാലത്ത് ഏറ്റെടുക്കാൻ പാടില്ല. ജില്ല കോടതികളോട് അനുബന്ധിച്ചാണ് ഓഫിസുകൾ പ്രവർത്തിക്കുക. കരാറടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് നിയമനം. ജില്ല നിയമസേവന അതോറിറ്റിക്ക് (ഡി.എൽ.എസ്.എ) കീഴിൽ അഭിമുഖം നടത്തി, കേരള നിയമസേവന അതോറിറ്റിയാണ് (കെൽസ) അഭിഭാഷകരെ നിയമിക്കുന്നത്. മൂന്നുവീതം ഓഫിസ് ജീവനക്കാരെയും ഓരോ ജില്ലയിലും കരാറടിസ്ഥാനത്തിൽ നിയമിക്കും.
പ്രിൻസിപ്പൽ ജില്ല ജഡ്ജി, മൂന്ന് അഡീഷനൽ ജില്ല ജഡ്ജിമാർ, പബ്ലിക് പ്രോസിക്യൂട്ടർ, ഡി.എൽ.എസ്.എ സെക്രട്ടറി എന്നിവരടങ്ങുന്ന ബോർഡാണ് ഇന്റർവ്യൂ നടത്തി പ്രാപ്തരായ അഭിഭാഷകരെ ജില്ലതലങ്ങളിൽ നിയമിക്കുന്നത്. ആറുമാസം കൂടുമ്പോൾ ജില്ല ജഡ്ജിമാരുടെ നേതൃത്വത്തിൽ ഈ ഓഫിസുകളുടെ പ്രവർത്തനം വിലയിരുത്തും. പ്രകടനം മോശമാണെങ്കിൽ കരാർ കാലാവധിക്ക് മുമ്പുതന്നെ അഭിഭാഷകരെ പിരിച്ചുവിടും.
10 വർഷം പ്രാക്ടിസുള്ളവരായിരിക്കും ചീഫ് കൗൺസൽമാർ. ഏഴു കൊല്ലത്തിൽ കുറയാതെ പ്രാക്ടിസുള്ളവരെയാണ് ഡെപ്യൂട്ടിമാരായി നിയമിക്കുക. മൂന്നു വർഷംവരെ പ്രാക്ടിസുള്ളവരായിരിക്കും അസിസ്റ്റന്റുമാർ. ജില്ലകളെ ജീവിതച്ചെലവിന്റെ അടിസ്ഥാനത്തിൽ എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണ് എൽ.എ.ഡി.സി.എസ് അഭിഭാഷകർക്ക് ശമ്പളം നൽകുക. എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടിയ ഓഫിസുകൾ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. നൽസയാണ് ഈ പദ്ധതിക്ക് ഫണ്ട് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.