പിങ്കിനും സൗജന്യ റേഷൻ
text_fieldsതിരുവനന്തപുരം: മുൻഗണന വിഭാഗത്തിന് റേഷൻ ധാന്യം ഒരു വർഷത്തേക്ക് കേന്ദ്രസർക്കാർ സൗജന്യമാക്കിയതോടെ ഈ മാസം മുതൽ പിങ്ക് കാർഡുകാർക്കുള്ള റേഷൻ വിഹിതവും കേരളം സൗജന്യമാക്കി.
അന്ത്യോദയ അന്നയോജന വിഭാഗത്തിനൊപ്പം (മഞ്ഞ കാർഡ്) പി.എച്ച്.എച്ച് വിഭാഗത്തിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും ജനുവരിമുതൽ സൗജന്യമായി ലഭിക്കും. കഴിഞ്ഞ മാസംവരെ ഇവർക്ക് നാലുകിലോ അരിക്കും ഒരുകിലോ ഗോതമ്പിനും കിലോക്ക് രണ്ടുരൂപ നിരക്കിൽ ഈടാക്കിയിരുന്നു .
റേഷൻ വ്യാപാരിയുടെ കമീഷനും വാതിൽപ്പടി വിതരണത്തിനുമാണ് ഈ പണം ഉപയോഗിച്ചിരുന്നത്. മുൻഗണന വിഭാഗത്തിന് നൽകിയിരുന്ന മൂന്നു രൂപയുടെ അരിയും രണ്ടുരൂപയുടെ ഗോതമ്പും കേന്ദ്രം ഒരുവർഷത്തേക്ക് സൗജന്യമാക്കിയതോടെ പ്രതിമാസം എഫ്.സി.ഐയിലേക്ക് അടയ്ക്കേണ്ട തുകയുടെ ഒരു വിഹിതം റേഷൻ വ്യാപാരികളുടെ കമീഷനും റേഷൻ കടകളിലേക്കും എഫ്.സി.ഐയിലേക്കുമുള്ള വാതിൽപ്പടി വിതരണത്തിനുള്ള ഗതാഗത ചെവലിനും ഉപയോഗിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. സൗജന്യ റേഷൻ പ്രഖ്യാപനത്തിലൂടെ കേരളത്തിന് പ്രതിമാസം 24.36 കോടിയാണ് ലാഭം. വ്യാപാരികളുടെ പ്രതിമാസ കമീഷന് 15 കോടിയാണ് വേണ്ടത്. വാതിൽപ്പടി വിതരണത്തിനുള്ള തുക കൂടി കഴിച്ചാലും സർക്കാറിന് ലാഭമാണ്.
കോവിഡ് കാലത്ത് ആരംഭിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം.ജി.കെ.വൈ) പദ്ധതി കേന്ദ്രം അവസാനിപ്പിച്ചതോടെ കേരളത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യത്തിൽ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. പി.എം.ജി.കെ.വൈക്ക് പകരമായി കാർഡിന് അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം ദേശീയ ഭക്ഷ്യഭദ്രത പദ്ധതി വഴി നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതോടെ റേഷൻ വ്യാപാരികളുടെ കമീഷനിൽ വൻ ഇടിവുണ്ടാകും. പി.എം.ജി.കെ.വൈ സ്കീമിൽ 2020 മാർച്ച് മുതൽ പ്രതിമാസം 7,74,002 ക്വിന്റൽ ധാന്യമാണ് കേരളത്തിന് ലഭിച്ചിരുന്നത്. ക്വിന്റലിന് 180 രൂപയാണ് ലൈസൻസിക്ക് കമീഷൻ. 13.93 കോടി രൂപയാണ് ഈ ഇനത്തിൽ വിതരണം ചെയ്തിരുന്നത്.
അരി വിഹിതം കേന്ദ്രം വർധിപ്പിക്കാത്ത സ്ഥിതിക്ക് 14,176 റേഷൻ വ്യാപാരികളുടെ ഈ വരുമാനം നിലയ്ക്കും. പൊതുവിപണിയിൽ അരിവില വർധനക്കും കേന്ദ്രത്തിന്റെ വെട്ടിച്ചുരുക്കൽ ഈടാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.