ട്രെൻഡിങായി 'ഫ്രീ സിദ്ദീഖ് കാപ്പൻ' ഹാഷ്ടാഗ്; പ്രതിഷേധവുമായി എം.പിമാർ ഉൾപ്പടെ പ്രമുഖർ
text_fieldsയു.പിയിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് FreeSiddiqueKappan ട്വിറ്ററിൽ ട്രൻഡിങ്. ഞായറാഴ്ച ആരംഭിച്ച ട്വിറ്റർ കാമ്പയിനെ തുടർന്ന് നാൽപ്പതിനായിരത്തോളം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതോടൊപ്പം JournalismIsNotACrime എന്ന ഹാഷ്ടാഗും ട്രന്റിങ്ങാണ്. കോവിഡ് ബാധിച്ച സിദ്ദീഖിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരാണ് രംഗത്തെത്തിയിട്ടുള്ളത്. സിദ്ദീഖിനെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 11 എംപിമാർ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
'മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല' - കത്തിൽ പറയുന്നു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് ഭാര്യ റൈഹനത്ത് ആവശ്യപ്പെട്ടു. സിദ്ദിഖിന്റെ ആരോഗ്യം മുഖ്യമന്ത്രിക്ക് സംരക്ഷിക്കാൻ പറ്റുമെന്ന് ഉറപ്പാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.
'മുഖ്യമന്ത്രിക്ക് നിയമത്തിന്റെ വഴിയിൽ ഒന്നും ചെയ്യാൻ പറ്റില്ലായിരിക്കാം. എന്നാൽ ഒരു കത്തയക്കുമ്പോഴേക്ക് മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിക്കുമോ? എന്താണ് അതിന്റെ പരിമിതി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. തെരഞ്ഞെടുപ്പാണ് പേടിയെങ്കിൽ അതൊക്കെ കഴിഞ്ഞില്ലേ? ഇനിയുമെന്തെങ്കിലും പറഞ്ഞുകൂടേ? വോട്ടൊക്കെ പെട്ടിയിലായല്ലോ?' -അവർ മാധ്യമങ്ങളോട് ചോദിച്ചു. സിദ്ദീഖ് കാപ്പന്റെ ജീവൻ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവർത്തക യൂണിയൻ പ്രത്യക്ഷ സമരത്തിനും കാമ്പയിനും തുടക്കമിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സേവ് സിദ്ദീഖ് കാപ്പൻ കാമ്പയിെൻറ തുടക്കമായി യൂനിയൻ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ തിങ്കളാഴ്ച കരിദിനം ആചരിക്കും. രാജ്യാന്തര തലത്തിൽ അടക്കം വിഷയം കൂടുതൽ സജീവ ചർച്ചയാക്കി മാറ്റുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഉപാധികളിലൂടെയും കാമ്പയിൻ നടത്തുമെന്നും രാജ്ഭവനു മുന്നിൽ ധർണ അടക്കം വിവിധ സമര പരിപാടികൾ വരും ദിവസങ്ങളിൽ ആവിഷ്കരിക്കുമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.