വിദ്യാർഥികൾക്ക് സൗജന്യ യാത്ര: സർക്കാർ നിർദേശം അംഗീകരിക്കില്ലെന്ന് ബസുടമ സംഘടന
text_fieldsതൃശൂർ: അതിദരിദ്ര വിദ്യാർഥികൾക്ക് നവംബർ ഒന്നുമുതൽ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ബസുടമ സംഘടന. ഉത്തരവ് അംഗീകരിക്കില്ലെന്നും ഇളവ് നൽകില്ലെന്നും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ അറിയിച്ചു.
അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിന്റെ ഭാഗമായാണ് ഇത്തരം വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര തീരുമാനിച്ചത്. 64,006 കുടുംബങ്ങളിലെ 20,000 വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എന്നാൽ, സർക്കാറിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നാണ് സംഘടനയുടെ വാദം. കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഉത്തരവ് ഇറങ്ങിയപ്പോഴാണ് സ്വകാര്യ ബസുകളെയും ഉൾപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടതെന്ന് സംഘടന പറയുന്നു.
കെ.എസ്.ആർ.ടി.സിക്ക് ഉള്ളതുപോലെ നികുതിയിളവോ ആനുകൂല്യങ്ങളോ സ്വകാര്യ ബസുകൾക്കില്ലെന്ന് കെ.ബി.ടി.എ സംസ്ഥാന പ്രസിഡന്റ് ജോൺസൺ പടമാടൻ ചൂണ്ടിക്കാട്ടി. തീരുമാനം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ സർവിസ് നിർത്തിവെക്കുന്നത് അടക്കം സമരങ്ങളിലേക്ക് തിരിയുമെന്നും കെ.ബി.ടി.എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചൂണ്ടിക്കാട്ടി. സെക്രട്ടറി എം. ഗോകുൽദാസ്, ജോയന്റ് സെക്രട്ടറി വി.വി. മുജീബ് റഹ്മാൻ, വൈസ് പ്രസിഡന്റ് കെ.ബി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.