കുട്ടികളുടെ സൗജന്യ ചികിത്സ: സർക്കാർ സ്ഥാപനങ്ങൾ അറിയിപ്പ് പ്രദർശിപ്പിക്കണം
text_fieldsതിരുവനന്തപുരം: മാരകരോഗങ്ങൾ ബാധിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ചകിത്സ പദ്ധതികൾ സംബന്ധിച്ച് ജനങ്ങൾക്ക് അവബോധം നൽകാൻ സർക്കാർ സ്ഥാപനങ്ങൾ അറിയിപ്പ് പ്രദർശിപ്പിക്കണമെന്ന് നിർദേശം. ഗുരുതരരോഗങ്ങൾ ബാധിച്ച് ചികിത്സിക്ക് വഴിയില്ലാതെ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കൾ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് സംസ്ഥാന ബാലാവകാശ കമീഷനാണ് ശ്രദ്ധേയമായ ഇൗ നിർദേശം നൽകിയത്. സർക്കാർ പദ്ധതികളുടെ സഹായം കുട്ടികളിലേക്ക് എത്താൻ സ്ഥിരവും കാര്യക്ഷമവുമായ സംവിധാനം ഉണ്ടാകണമെന്നും കമീഷൻ നിർദേശിച്ചു. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിത്സ സംസ്ഥാനത്ത് നിലവിലുണ്ട്. രാഷ്ട്രീയ ബാൽ സ്വസ്ത്യ കാര്യക്രം (ആർ.ബി.എസ്.കെ), ആരോഗ്യകിരണം, താലോം പദ്ധതികളാണ് നിലവിലുള്ളത്. സർക്കാർ മെഡിക്കൽ കോളജുകളിലും മറ്റ് സർക്കാർ ആശുപത്രികളിലും ഇതു ലഭ്യവുമാണ്. എന്നാൽ, പലകാരണങ്ങളാൽ കുട്ടികളുടെ ചികിത്സാപദ്ധതികളും സേവനങ്ങളും സാധാരണക്കാരിൽ എത്തുന്നില്ല. ജെ.ജെ ആക്ട് സെക്ഷൻ 2 (14) പ്രകാരം യഥാവിധിയുള്ള ചകിത്സാസഹായം കുട്ടികൾക്ക് ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നും കമീഷൻ വ്യക്തമാക്കുന്നു.
മെഡിക്കൽ കോളജ് സൂപ്രണ്ട്, സാമൂഹിക സുരക്ഷാ മിഷൻ എക്സി. ഡയറക്ടർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, പിന്നാക്ക വിഭാഗ വികസനവകുപ്പ് ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, നാഷനൽ െഹൽത്ത് മിഷൻ ഡയറക്ടർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ, സംസ്ഥാന വികലാംഗ കോർപറേഷൻ മാനേജിങ് ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവർക്ക് കമീഷൻ കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഇൗ സ്ഥാപനങ്ങൾ കുട്ടികൾക്ക് നൽകിവരുന്ന ചികിത്സ പദ്ധതികൾ ഏതൊക്കെ എന്ന് അറിയിക്കാനും നിർദേശം നൽകി.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വില്ലേജ് ഒാഫിസ്, താലൂക്ക് ഒാഫിസ്, പഞ്ചായത്ത്-നഗരസഭ ഓഫിസുകൾ, മറ്റു തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി ജനങ്ങൾ വന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം സൗജന്യചികിത്സ പദ്ധതികൾ സംബന്ധിച്ച് അറിയിപ്പ് നൽകണം. മാരകരോഗങ്ങൾ പിടിപെട്ട് ചികിത്സക്ക് നിവൃത്തിയില്ലാതെ പത്രപരസ്യങ്ങൾ നൽകി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണവും നിരവധിയാണ്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശോഭയുടെ മകൻ അനീഷ് (17) തലച്ചോറിൽ ബാധിച്ച രോഗത്തിന് ചികിത്സതേടി വന്ന പത്രവാർത്ത സംബന്ധിച്ച് പൊതുപ്രവർത്തകൻ കവടിയാർ ഹരികുമാർ കമീഷന് നൽകിയ ഹരജിയിലാണ് ഇൗ നിർദേശം.
ഗുരുതര രോഗങ്ങൾക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികൾ
- ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം
- ഗവ. മെഡിക്കൽ കോളജ്, തൃശൂർ
- ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ
- ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട്
- ഗവ. മെഡിക്കൽ കോളജ്, കോട്ടയം
- െഎ.എം.സി.എച്ച്, കോഴിക്കോട്
- െഎ.സി.എച്ച്, കോട്ടയം
- ഗവ. മെഡിക്കൽ കോളജ്, എറണാകുളം
- കോഓപറേറ്റിവ് മെഡിക്കൽ കോളജ്, പരിയാരം, കണ്ണൂർ
- ചെസ്റ്റ് ഹോസ്പിറ്റൽ, തൃശൂർ
- ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
- ആർ.സി.സി, തിരുവനന്തപുരം
- മലബാർ കാൻസർ സെൻറർ, കണ്ണൂർ
- ജില്ല ആശുപത്രി, ആലുവ
- െഎ.സി.സി.ഒ.എൻ.എസ്, പാലക്കാട്
- െഎ.സി.സി.ഒ.എൻ.എസ്, തിരുവനന്തപുരം
- ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.