കിട്ടിയ സൗജന്യ വാക്സിൻ കൊടുക്കണം; എന്നിട്ടാവാം വിലയെച്ചൊല്ലി വാചകക്കസര്‍ത്ത് -വി. മുരളീധരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വിലകൂട്ടി വാക്സിൻ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കിട്ടിയ സൗജന്യ വാക്സിന്‍ ആളുകളെ വലയ്ക്കാതെ വിതരണം ചെയ്യാൻ കഴിയണമെന്നും എന്നിട്ടാവാം വിലയെച്ചൊല്ലിയുള്ള വാചകക്കസർത്തെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
കൂടിയ വിലയ്ക്ക് സംസ്ഥാനം വാങ്ങുന്ന വാക്സിന്‍റെ വിതരണ കാര്യത്തിൽ സംസ്ഥാന സർക്കാറുകൾക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. 'സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് വാങ്ങുന്ന വാക്സിന്‍റെ വിതരണത്തിന് മുന്‍ഗണനയടക്കം നിശ്ചയിക്കാന്‍ അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുകയാണ്. ആരോഗ്യം സംസ്ഥാനവിഷയമായതിനാല്‍ത്തന്നെ പ്രതിരോധകുത്തിവയ്പ്പിന്‍റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് കാര്യക്ഷമത വർധിപ്പിക്കുമെന്നതിൽ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തിയതിനാൽ വാക്സിന്‍ വിതരണത്തിന്‍റെ വേഗതയേറ്റും. കാത്തുനില്‍ക്കാന്‍ നമുക്ക് സമയമില്ല എന്ന് മനസിലാക്കണം. എത്രയും വേഗം എല്ലാവരിലേക്കും, അതാണ് ലക്ഷ്യം' -മുരളീധരൻ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
വാക്സിന്‍, വാക്പോരല്ല, വിതരണം കാര്യക്ഷമമാകട്ടെ…..
ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല എന്നറിയാം. വാക്സിന്‍ നയത്തെ വിമര്‍ശിക്കുന്നവര്‍ ഇത്തരത്തില്‍ ഉറക്കം നടിക്കുന്നവരാണെന്നുമറിയാം....
എങ്കിലും കേന്ദ്രസര്‍ക്കാരിന്‍റെ വാക്സിന്‍ നയത്തെക്കുറിച്ച് ആരോഗ്യമന്ത്രി ശ്രീ ഹര്‍ഷ വര്‍ധന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു….
കേന്ദ്രസര്‍ക്കാരിന്‍റെ 50 ശതമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അവരുടെ വിഹിതം തുടര്‍ന്നും സൗജന്യമായിത്തന്നെ ലഭിക്കും…
മുൻഗണനാ വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിൻ്റെ സൗജന്യ വാക്സിൻ തുടരും...
വാക്സിന്‍ നയം കൂടുതല്‍ ഉദാരമാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടവരാണ് സംസ്ഥാനങ്ങള്‍…
സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ട് വാങ്ങുന്ന വാക്സിന്‍റെ വിതരണത്തിന് മുന്‍ഗണനയടക്കം നിശ്ചയിക്കാന്‍ അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുകയാണ്….
ആരോഗ്യം സംസ്ഥാനവിഷയമായതിനാല്‍ത്തന്നെ പ്രതിരോധകുത്തിവയ്പ്പിന്‍റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത് കാര്യക്ഷമത വർധിപ്പിക്കുമെന്നതിൽ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല….
സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തുന്നത് വാക്സിന്‍ വിതരണത്തിന്‍റെ വേഗതയേറ്റും…
സാമ്പത്തികശേഷിയുള്ളവര്‍ സ്വന്തം നിലയ്ക്ക് കുത്തിവയ്പ്പെടുക്കും…
കാത്തുനില്‍ക്കാന്‍ നമുക്ക് സമയമില്ല എന്ന് മനസിലാക്കണം..
എത്രയും വേഗം എല്ലാവരിലേക്കും, അതാണ് ലക്ഷ്യം….
രാജ്യം ഒറ്റക്കെട്ടായി പൊരുതിയാല്‍ മാത്രമെ നൂറ്റാണ്ടിന്‍റെ മഹാമാരിയെ പരാജയപ്പെടുത്താനാവൂ എന്ന് മറക്കരുത്…
വാക്സിന്‍ കേന്ദ്രത്തിന്‍റെ മാത്രം ഉത്തരവാദിത്തമെന്ന് പറഞ്ഞ് മാറിനില്‍ക്കുന്നത് ഈ പോരാട്ടത്തില്‍ നമ്മെ പിന്നോട്ടടിക്കും ….
വാല്‍ക്കഷണം...
കിട്ടിയ സൗജന്യ വാക്സിന്‍ ആളുകളെ വലയ്ക്കാതെ വിതരണം ചെയ്യാനെങ്കിലും പറ്റിയിട്ട് പോരേ കേന്ദ്രവിമര്‍ശനം…?
ഡല്‍ഹിയിലേക്ക് നോക്കി വിലപിക്കുന്നവര്‍ തിരുവനന്തപുരത്ത് വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ കുഴഞ്ഞുവീഴുന്നവരെ കാണാതെ പോകുന്നത് അദ്ഭുതം തന്നെ…
ആഗോളപ്രശസ്തര്‍ക്ക് ഇത്ര കുറഞ്ഞ ഡോസ് പോലും ജനങ്ങള്‍ക്ക് കൃത്യമായി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ മെയ് ഒന്നിന് ശേഷം എന്താവും അരാജകത്വം...! ?
മെഗാ ക്യാംപുകളും പ്രചാരവേലയുമല്ല, കൃത്യമായ ആസൂത്രണത്തോടെ കിട്ടിയതെങ്കിലും കൊടുക്കാന്‍ കഴിയണം…
എന്നിട്ടാവാം വിലയെച്ചൊല്ലിയുള്ള വാചകക്കസര്‍ത്ത് !
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.