സ്വാതന്ത്ര്യത്തിന് 70, കമലേടത്തിക്ക് 91
text_fieldsകോഴിക്കോട്: രാജ്യം ചൊവ്വാഴ്ച സ്വാതന്ത്ര്യത്തിെൻറ സപ്തതിയിലേക്ക് കൺതുറക്കുമ്പോൾ പോരാട്ടത്തിെൻറ കനൽവീര്യത്തെ ഓർമകളുടെ നെഞ്ചകത്ത് ഊതിക്കത്തിച്ച് ഒരു വിപ്ലവതാരകം ഇവിടെ ജീവിച്ചിരിപ്പുണ്ട്. കൗമാരം തുടിക്കുന്ന കാലത്ത് കൈ വാനിലുയർത്തി മുദ്രാവാക്യം വിളിച്ച് സ്വാതന്ത്ര്യപോരാട്ടത്തിലേക്കിറങ്ങിവന്ന എം. കമലം എന്ന മലബാറിെൻറ സ്വന്തം കമലേടത്തി. ഇന്ന് ജീവിച്ചിരിക്കുന്ന പ്രായം കൂടിയ സ്വാതന്ത്ര്യസമരസേനാനികളിലൊരാളായ കമലം സ്വാതന്ത്ര്യദിനത്തലേന്നാൾ 91ാം വയസ്സിലേക്ക് പ്രവേശിക്കും. വിപ്ലവോജ്ജ്വലമായ ജീവിതാനുഭവങ്ങളും 71 വർഷത്തെ പൊതുപ്രവർത്തനത്തിെൻറ പരിചയസമ്പത്തുമായി ജീവിതസായാഹ്നത്തിെൻറ ധന്യതയാഘോഷിക്കുകയാണിവർ. ബി.ഇ.എം സ്കൂളിൽ ഫിഫ്ത്ത് ഫോമിൽ പഠിക്കുന്ന കാലത്ത് ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ക്ലാസ് വിട്ടിറങ്ങിയാണ് കമലം പോരാട്ടഭൂമികയിലെത്തുന്നത്. മഹാത്മാഗാന്ധി കീ ജയ്, ഭാരത്മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ച് സ്കൂളങ്കണത്തിൽ ചുറ്റിയ ആ കൗമാരക്കാരിയുടെ പിറകെ ചില പെൺകുട്ടികളും ഇറങ്ങി. കോൺഗ്രസ് അനുഭാവിയായ അന്നത്തെ പ്രിൻസിപ്പൽ, കമലത്തെ പൊലീസിൽ നിന്ന് ഒളിപ്പിച്ച് രാത്രി വീട്ടിൽ കൊണ്ടുവിട്ടു.
സ്വാതന്ത്ര്യസമരകാലത്തെ ഓർമകളിൽ ഒളിമങ്ങാതെ നിൽക്കുന്നത് ഗാന്ധിജിയെ കണ്ട നിമിഷങ്ങളാണ്. അദ്ദേഹം രണ്ടാംതവണ കോഴിക്കോട്ടെത്തിയപ്പോൾ കുഞ്ഞുകമലത്തിന് പ്രായം 11. ഗാന്ധിജിയെ സ്വീകരിക്കാൻ പൂമാലയൊക്കെ പിടിച്ച്, ഖദറുടുപ്പിട്ട് ഒരുങ്ങിനിൽക്കുകയാണ് കമലവും കൂട്ടുകാരും. കാറിൽ നിന്നിറങ്ങിയപ്പോഴേക്കും ചുറ്റും ജനസമുദ്രമായി, അടുക്കാൻ പോലുമാവുന്നില്ല. തിരക്കിനിടയിൽ പെട്ടുപോവാതിരിക്കാൻ സംഘാടകർ തങ്ങളെ പറഞ്ഞുവിട്ടെന്ന് കമലം ഓർക്കുന്നു.
ഗാന്ധിജിയെ ഹാരമണിയിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെങ്കിലും പിന്നീട് 1955ൽ നടന്ന ആവഡി കോൺഗ്രസ് സമ്മേളനവേദിയിൽ നെഹ്റുവിെൻറ ഉടുപ്പിൽ പനിനീർപൂ ചാർത്തിക്കൊടുത്ത് അന്നത്തെ സങ്കടത്തിൽ നിന്ന് തെല്ല് ആശ്വാസം അവർ കണ്ടെത്തി. ഗാന്ധിയനും കോൺഗ്രസുകാരനുമായിരുന്ന പിതാവ് കോളോത്ത് കൃഷ്ണെൻറ പ്രവർത്തനങ്ങൾ കണ്ടാണ് കമലം വളർന്നത്. സ്വാതന്ത്ര്യപുലരിക്കുശേഷം അവരുടെ ജീവിതം പോരാട്ടത്തിെൻറ മറ്റൊരുപാതയിൽ മുന്നേറി. 20ാംവയസ്സിലാണ് പെട്ടെന്നൊരുദിവസം കോൺഗ്രസ് പ്രവർത്തകർ കുതിരവണ്ടിയുമായി വന്ന് കൗൺസിലറാവാൻ കൂട്ടിക്കൊണ്ടുപോയത്. ‘‘കാത്തുനിൽക്കാനൊന്നും സമയമില്ലെന്നാണവർ പറഞ്ഞത്. എന്നെ കൂട്ടിക്കൊണ്ടുപോയി, ഒപ്പിടീച്ചു. തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു, സജീവരാഷ്ട്രീയത്തിലേക്കുള്ള തുടക്കമായിരുന്നു അതെന്നൊന്നും അന്നറിഞ്ഞില്ല’’ -ചക്കോരത്തുകുളത്തെ ജയതിയെന്ന വീട്ടിലിരുന്ന് കമലം ഓർക്കുന്നു.
1958ൽ കണ്ണൂരിൽ നടന്ന കെ.പി.സി.സി സമ്മേളനത്തിൽ 20,000ത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ച് ഇന്ദിര ഗാന്ധിയുടെ പ്രശംസക്കർഹയായി. എന്നാൽ, പിന്നീട് അടിയന്തരാവസ്ഥയെ വിമർശിക്കാൻ കമലം മടിച്ചില്ല. അതിനെതിരെ കലക്ടറേറ്റിൽ നടന്ന പിക്കറ്റിങ്ങിലും കാരപ്പറമ്പിലെ കശുവണ്ടിസമരത്തിലും പങ്കെടുത്ത് ജയിലിൽ കിടക്കേണ്ടിവന്നു. രണ്ടുതവണ നിയമസഭതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചു. രണ്ടാംതവണ സഹകരണ മന്ത്രിയായി. ഏഴുപതിറ്റാണ്ടിെൻറ പൊതുപ്രവർത്തനത്തിനിടയിൽ വനിതകമീഷൻ അധ്യക്ഷ, കെ.പി.സി.സി വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി തുടങ്ങി പദവികൾ ഏറെയെത്തി. ഭര്ത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി രാഷ്ട്രീയത്തിലും സാഹിത്യത്തിലും താൽപര്യമുള്ള വ്യക്തിയായിരുന്നു.
എം. യതീന്ദ്രദാസ്, എം. മുരളി, എം. രാജഗോപാൽ, എം. വിജയകൃഷ്ണൻ, പത്മജ ചാരുദത്തൻ എന്നിവരാണ് മക്കൾ. ഏത് പ്രതിസന്ധിഘട്ടത്തിലും സ്വതസിദ്ധമായ പുഞ്ചിരി കൈവിടാതെ ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന കമലത്തിെൻറ പ്രസംഗം നിരവധിയാളുകൾക്ക് ആവേശമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.