ആവിഷ്കാര സ്വാതന്ത്ര്യമെന്നാൽ ആർ.എസ്.എസിനെ തൃപ്തിപ്പെടുത്തുക എന്നതല്ല-എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ ആർ.എസ്.എസിനെ തൃപ്തിപ്പെടുത്തുക എന്നതല്ലെന്ന് എസ്.ഡി.പി.ഐ. സംഘപരിവാര അക്രമങ്ങളെ വെള്ള പൂശിയാൽ മാത്രമേ സിനിമ പോലും പ്രദർശിപ്പിക്കാനാകൂ എന്ന സ്ഥിതി അത്യന്തം അപകടകരമാണ്. ഗുജറാത്ത് വംശഹത്യ യാഥാർഥ്യവും ചരിത്രവുമാണ്. അത് പറയാൻ പാടില്ല എന്നത് ഫാഷിസത്തിൻറെ മൂർത്തീഭാവമാണ്.
നുണക്കഥകളും വിദ്വേഷങ്ങളും തിരക്കഥയാക്കിയ കേരളാ സ്റ്റോറി, കശ്മീർ ഫയൽസ് ഉൾപ്പെടെയുള്ള സിനിമകൾക്ക് അനുമതി നൽകുമ്പോൾ യാഥാർഥ്യം ഭാഗീകമായെങ്കിലും അനാവരണം ചെയ്യുന്ന എം പുരാൻ സിനിമയ്ക്ക് കത്രിക വെക്കാനുള്ള തീരുമാനം ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരായ വെല്ലുവിളിയാണ്. ഭയപ്പെടുത്തിയും ആക്രമണങ്ങൾ അഴിച്ചുവിട്ടും ആവിഷ്കാരങ്ങൾക്ക് കത്തിവെക്കാനുള്ള നീക്കത്തെ ജനാധിപത്യ വിശ്വാസികൾ ചെറുത്തുതോൽപ്പിക്കണം.
സംഘപരിവാര ഭീഷണിയെ തുടർന്ന് ഒരു സിനിമയുടെ സംഘാടകർക്ക് ഖേദം പ്രകടിപ്പിക്കേണ്ട വരുന്ന ഗതികേട് സാംസ്കാരിക കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും നീതിനിഷേധങ്ങൾക്കുമെതിരെ ശബ്ദിച്ചിരുന്ന കേരളത്തിലെ സാംസ്കാരിക നായകന്മാരുടെ മൗനം ദുരൂഹമാണ്.
ശബ്ദിക്കാൻ കഴിയാത്ത വിധം സാംസ്കാരിക ലോകത്തെ നിശബ്ദമാക്കാൻ കഴിയുന്ന ഒരുതരം ഭീതി കേരളത്തിൽ വിതയ്ക്കുന്നതിലും സംഘപരിവാർ വിജയിച്ചു എന്നതിന്റെ സൂചനയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതന്നും സംസ്ഥാന ട്രഷറർ എൻ.കെ. റഷീദ് ഉമരി അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.