വിവരാവകാശ വിജയം; സ്വത്ത് വെളിപ്പെടുത്തി മെഡിക്കൽ കമീഷൻ ഭാരവാഹികൾ
text_fieldsപാലക്കാട്: ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണാധികാരമുള്ള ദേശീയ മെഡിക്കൽ കമീഷൻ രൂപവത്കരിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും സ്വത്ത് -ബാധ്യത വിവരം വെളിപ്പെടുത്താതിരുന്ന ചെയർപേഴ്സനും അംഗങ്ങളും ഒടുവിൽ വെബ്സൈറ്റിൽ അവ പ്രസിദ്ധപ്പെടുത്തി. മലയാളിയായ നേത്രരോഗവിദഗ്ധൻ ഡോ. കെ.വി. ബാബുവിന്റെ വിവരാവകാശ പേരാട്ടത്തിനൊടുവിലാണ് നടപടി. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുൾപ്പെടെ നിർദേശമെത്തിയതോടെയാണ് കഴിഞ്ഞദിവസം നാഷനൽ മെഡിക്കൽ കമീഷൻ ചെയർപേഴ്സനും അംഗങ്ങളുമടങ്ങുന്ന ഏഴ് പേർ സ്വത്ത് വിവരം വെബ്സൈറ്റിൽ വെളിപ്പെടുത്തിയത്.
ചെയർമാനും പ്രസിഡന്റുമാരും അംഗങ്ങളും ചുമതലയേൽക്കുമ്പോഴും ഒഴിയുമ്പോഴും സ്വത്ത് -ബാധ്യത വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് 2019ലെ നാഷനൽ മെഡിക്കൽ കമീഷൻ ആക്ടിലെ ആറാം വകുപ്പിൽ നിർദേശിച്ചിരുന്നു. മൂന്നുവർഷമെത്തിയിട്ടും നിലവിലെ ഭാരവാഹികൾ ഇവ വെളിപ്പെടുത്തിയിരുന്നില്ല. വിവരാവകാശ പ്രവർത്തകനായ ഡോ. കെ.വി. ബാബു ഒന്നിലധികം അപേക്ഷ സമർപ്പിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. അക്കാര്യം ബാധകമല്ലെന്ന നിലപാടിലായിരുന്നു അവർ.
തുടർന്ന് ഡോ. ബാബു പ്രധാനമന്ത്രിയുടെ ഓഫിസിൽ പരാതി നൽകി. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് നാഷനൽ മെഡിക്കൽ കമീഷന് കത്തയച്ചു. കമീഷൻ സ്വത്ത് വിവരം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് ജനുവരി നാലിന് മെഡിക്കൽ കമീഷൻ ഡോ. ബാബുവിന് കത്തയച്ചു. ചെയർമാൻ ഡോ. ബി.എൻ. ഗംഗാധർ, ഡോ. അരുണ വിശ്വനാഥ്, ഡോ. വിജയ്, ഡോ. വിജയേന്ദ്ര, ഡോ. വിജയലക്ഷ്മി, ഡോ. ജിതുലാൽ മീണ, ഡോ. യോഗേന്ദ്ര മാലിക് എന്നിവരാണ് വെബ്സൈറ്റിൽ സ്വത്ത് വിവരം വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.