ന്യായമായ കാരണമില്ലാതെ അഭിപ്രായസ്വാതന്ത്ര്യത്തിനു മേൽ നിയന്ത്രണം പാടില്ല -ഹൈകോടതി
text_fieldsകൊച്ചി: ഏറ്റവും അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ നിയന്ത്രണം കൊണ്ടു വരാവൂ എന്ന് ഹൈകോടതി. ന്യായമായ കാരണമില്ലാതെ മാധ്യമങ്ങളടക്കമുള്ളവയുടെ വായ് മൂടിക്കെട്ടുന്ന നടപടി പാടില്ലെന്നും ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. തെറ്റായ വാർത്ത സംപ്രേഷണം ചെയ്തുവെന്ന കേസിൽ പ്രതിയായ ഓൺലൈൻ മാധ്യമ റിപ്പോർട്ടർക്ക് മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ സെഷൻസ് കോടതി ഏർപ്പെടുത്തിയ വ്യവസ്ഥ റദ്ദാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിരീക്ഷണം. ബിലീവേഴ്സ് ചർച്ച് ബിഷപ്പ് കെ.പി. യോഹന്നാന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും തടഞ്ഞു കൊണ്ടാണ് കേസിൽ മാധ്യമ പ്രവർത്തകന് സെഷൻസ് കോടതി ജാമ്യം നൽകിയത്. വ്യവസ്ഥ ഒഴിവാക്കാൻ മാധ്യമ പ്രവർത്തകനാണ് കോടതിയെ സമീപിച്ചത്.
കെ.പി. യോഹന്നാൻ (അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത) അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചതിന് പിന്നിൽ ദൂരൂഹതയുണ്ടെന്ന് കാട്ടി ഹരജിക്കാരൻ സംപ്രേഷണം ചെയ്ത വാർത്തകൾക്കെതിരെ ഒരു ബിഷപ്പ് നൽകിയ പരാതിയിലാണ് കേസെടുത്തത്. കലാപത്തിന് പ്രകോപനം ഉണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന, തുടങ്ങിയവയടക്കം കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുന്നിടത്ത് ജനാധിപത്യം ഇല്ലാതാകുമെന്ന് സുപ്രീം കോടതി ഉത്തരവ് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ഇത്തരം നിയന്ത്രണങ്ങളിലൂടെ തടയുന്നത് ജനാധിപത്യാവകാശങ്ങളെയാണ്. ജാമ്യ ഉപാധിയായി കോടതിക്ക് ഉചിതമായ വ്യവസ്ഥകൾ വെക്കാമെങ്കിലും അത് സ്വേഛാപരമാകരുത്. അഭിപ്രായ പ്രകടനം ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശമാണ്.
ഇത്തരം അഭിപ്രായ പ്രകടനങ്ങൾ അന്വേഷണത്തിലേക്കും വിവാദമായ വെളിപ്പെടുത്തലുകളിലേക്കും നയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ വിപരീത ഫലമാകും ഉണ്ടാക്കുക. അതേസമയം, അഭിപ്രായപ്രകടനം ക്രിമിനൽ സ്വഭാവത്തിലുള്ളതാണെങ്കിൽ അതിനനുസൃതമായ നടപടിയാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.