സ്വാതന്ത്ര്യസമര സ്മരണപേറി പൊൻകുന്നം രാജേന്ദ്രമൈതാനം
text_fieldsപൊൻകുന്നം: ബ്രിട്ടീഷ് ഭരണകാലത്ത് പൊൻകുന്നത്തെ വണ്ടിപ്പേട്ടയായിരുന്ന മൈതാനം പിന്നീട് സ്വാതന്ത്ര്യസമര കാലത്ത് അനവധി സമരങ്ങൾക്ക് സാക്ഷ്യംവഹിച്ച് രാജേന്ദ്ര മൈതാനമായി. 1947 ജൂലൈയിൽ തിരുവനന്തപുരത്ത് പേട്ട മൈതാനിയിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ വെടിയേറ്റ് മരിച്ച രാജേന്ദ്രൻ എന്ന 13കാരന്‍റെ സ്മരണക്കാണ് വണ്ടിപ്പേട്ടയായിരുന്ന മൈതാനത്തിന് പൊൻകുന്നം രാജേന്ദ്ര മൈതാനമെന്ന പേരിട്ടത്.
പൊൻകുന്നത്ത് എ.കെ. പാച്ചുപിള്ളയുടെ നേതൃത്വത്തിൽ പി. ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് നാമകരണം നടത്തിയത്. ഇവിടെ പ്രസംഗിക്കാത്ത രാഷ്ട്രീയ-സാമൂഹിക-മതസമുദായ-സാഹിത്യ നായകരില്ല കേരളത്തിൽ.1912ൽ ബ്രിട്ടനിൽ ജോർജ് അഞ്ചാമൻ രാജാവിന്റെ കിരീടധാരണം നടന്നപ്പോൾ അതിന്‍റെ സ്മരണക്കായി ഈ മൈതാനത്ത് കിണർ നിർമിക്കപ്പെട്ടു. മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം അന്ന് പ്രദേശത്തെ ഓരോ കുടുംബത്തിൽനിന്ന് 100 രൂപ വീതം പിരിച്ചെടുത്താണ് കിണർ നിർമിച്ചത്.
ജോർജ് അഞ്ചാമൻ കോറ ഷേണൽ വെൽ എന്ന് കരിങ്കല്ലിൽ കൊത്തിവെച്ച ഫലകം കിണറിന്‍റെ വക്കിലുണ്ട്. ഇത് വാഹനമിടിച്ച് തകർന്നിരുന്നു. ഈ കിണർ ഇന്നും പൊൻകുന്നം പട്ടണത്തിന്റെ ദാഹമകറ്റി നിലനിൽക്കുന്നു.രാജേന്ദ്രമൈതാനവും ബ്രിട്ടീഷ് കിണറും സംരക്ഷിക്കുന്നതിനായി ചിറക്കടവ് പഞ്ചായത്ത് 25 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി പണി ആരംഭിച്ചെങ്കിലും. ഇതുവരെ അത് പൂർത്തിയായിട്ടില്ല.
കുറച്ചു കാലുംനാട്ടി മുകളിൽ മേൽക്കൂരയും സ്ഥാപിച്ചിട്ടുണ്ട്. കിണറിന്‍റെയും സ്മാരക ശിലയുടെ അവസ്ഥയും പഴയനിലയിൽതന്നെ. ഒരു നവീകരണവും നടത്തിയിട്ടില്ല. ഇവിടെ ഇപ്പോൾ മിനിലോറികളും ചെറുവണ്ടികളുമാണ് പാർക്ക് ചെയ്തിരിക്കുന്നത്. പൊൻകുന്നത്ത് പ്രധാന പൊതുപരിപാടികളും പാർട്ടി സമ്മേളനങ്ങളും നടക്കുന്നത് ഈ മൈതാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.