സമത്വമില്ലാത്ത സ്വാതന്ത്ര്യവും സ്വാതന്ത്ര്യമില്ലാത്ത സമത്വവും നിരർഥകം -സുനിൽ പി. ഇളയിടം
text_fieldsതൃശൂർ: സമത്വമില്ലാത്ത സ്വാതന്ത്ര്യവും സ്വാതന്ത്ര്യമില്ലാത്ത സമത്വവും നിരർഥകമാണെന്ന് ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സെക്കുലർ ഫോറം സംഘടിപ്പിച്ച സെമിനാറിൽ 'ചണ്ഡാലഭിക്ഷുകിയും ആശാന്റെ ജീവിതദർശനവും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ബഹുഭൂരിപക്ഷത്തെ കൊള്ളയടിക്കാനുള്ള ന്യൂനപക്ഷത്തിന്റെ അവകാശമാണ് ഇന്ന് സമത്വമില്ലാത്ത സ്വാതന്ത്ര്യം. അതുകൊണ്ടാണ് പട്ടിണിസൂചികയിൽ സ്വതന്ത്ര ഇന്ത്യയിന്ന് 107ാം സ്ഥാനത്ത് എത്തി നിൽക്കുന്നതും അദാനിയുടെയും അംബാനിയുടെയും സമ്പത്ത് അനുദിനം വർധിക്കുന്നതും.
ചണ്ഡാലഭിക്ഷുകിയിലെ രാജാവും ബുദ്ധനും തമ്മിലുള്ള സംവാദം ജാതിക്കെതിരായ ആശാന്റെ ആവിഷ്കാരമാണ്. അത് ശ്രീനാരായണ ഗുരു ജാതിക്കെതിരെ ഉന്നയിച്ച ആശയങ്ങളുടെ ആവിഷ്കാരം കൂടിയാണെന്നും സുനിൽ പി. ഇളയിടം ചൂണ്ടിക്കാട്ടി.
കവിതയുടെ പണി തത്ത്വം പറയലല്ല. പറയുന്ന തത്ത്വത്തിൽ തെളിയാതെ നിൽക്കുന്ന ജീവിത വൈരുധ്യങ്ങളിലേക്ക് കണ്ണ് തുറക്കാൻ നമ്മെ സഹായിക്കലാണ് കവിത. ചരിത്രത്തെ, അതിന്റെ യാഥാർഥ്യത്തെ അനുഭവിച്ചറിയാനുള്ള മനുഷ്യവംശത്തിന്റെ വലിയ പരിശ്രമമായി കവിതയെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
പ്രഫ. സി. വിമല അധ്യക്ഷത വഹിച്ചു. ഗോപിക സുരേഷ് ചണ്ഡാലഭിക്ഷുകിയുടെ രണ്ടാം ഖണ്ഡം ആലപിച്ചു. ഡോ. പി.യു. മൈത്രി, ഷീബ അമീർ, ടി. സത്യനാരായണൻ എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.