കെ.ഇ. ഇസ്മാഈലിനെതിരെ നടപടി മരവിപ്പിക്കൽ: രൂക്ഷവിമർശനം, ഒടുവിൽ അടിയന്തര എക്സിക്യൂട്ടിവ്
text_fieldsതിരുവനന്തപുരം: വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ. ഇസ്മാഈലിനെതിരെ സംസ്ഥാന ഘടകം കൈക്കൊണ്ട നടപടി ദേശീയ നേതൃത്വം ഇടപെട്ട് മരവിപ്പിച്ചതിൽ സംസ്ഥാന കൗൺസിലിൽ രൂക്ഷവിമർശനവും പ്രതിഷേധവും. വിയോജിപ്പ് കനത്തതോടെ ജനറൽ സെക്രട്ടറി ഡി. രാജയുടെ സാന്നിധ്യത്തിൽ അടിയന്തര എക്സിക്യൂട്ടിവ് യോഗം ചേരുന്നതിലേക്ക് കാര്യങ്ങളെത്തി.
പാലക്കാട് ജില്ലയിൽനിന്നുള്ള പ്രതിനിധികളാണ് വിഷയം ഉന്നയിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തത്. നിലവിൽ പാലക്കാട് ജില്ല കൗൺസിലിൽ പ്രത്യേക ക്ഷണിതാവാണ് ഇസ്മാഈൽ. ജില്ല നേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് പ്രവർത്തനമാരംഭിച്ച സേവ് സി.പി.ഐ ഫോറവുമായി സഹകരിച്ചു എന്നതാണ് ഇസ്മാഈലിനെതിരായ ആരോപണം.
വിഷയത്തിൽ ശക്തമായ നടപടി വേണമെന്നതായിരുന്നു ജില്ല നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം ഇസ്മാഈലിനെപ്പോലുള്ള മുതിർന്ന നേതാവിനെതിരെ ജില്ല തലത്തിൽ നടപടി സ്വീകരിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിൽ ജില്ല കൗൺസിലിൽ എത്തുകയും നടപടിക്കായി സംസ്ഥാന കൗൺസിലിന് ശിപാർശ ചെയ്യുകയും ചെയ്തിരുന്നു.
കഴിഞ്ഞ സംസ്ഥാന കൗൺസിൽ സാഹചര്യങ്ങൾ വിലയിരുത്തുകയും നടപടിയുടെ ഭാഗമായി ഇസ്മാഈലിന് നോട്ടീസ് നൽകുകയും ചെയ്തു. ദേശീയ എക്സിക്യൂട്ടിവ് വിഷയത്തിൽ ഇടപെടുകയും നടപടി ഒഴിവാക്കുകയും ചെയ്തു. ഇതാണ് വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന കൗൺസിലിൽ വിമർശനത്തിനിടയാക്കിയത്. വിഭാഗീയ പ്രവർത്തനങ്ങൾക്ക് വളംവെക്കുന്നതാണ് ദേശീയ എക്സിക്യൂട്ടിവിന്‍റെ തീരുമാനമെന്നും അംഗീകരിക്കാനാവില്ലെന്നും പാലക്കാട്ടുനിന്നുള്ള അംഗങ്ങൾ ചൂണ്ടിക്കാട്ടി. പിന്നാലെയാണ് അടിയന്തര എക്സിക്യൂട്ടിവ് ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.