ഫ്രഞ്ച് കരാർ: ജലവിഭവ വകുപ്പിന് മൗനം; കുടിവെള്ളവും കൈവിട്ടേക്കും
text_fieldsതിരുവനന്തപുരം: എ.ഡി.ബി സാമ്പത്തിക സഹായത്തോടെ കൊച്ചിയിലും തുടർന്ന് തിരുവനന്തപുരത്തും നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ സംസ്ഥാനത്തിന് ദോഷകരമാണെന്നറിഞ്ഞിട്ടും മൗനം പാലിച്ച് ജലവിഭവ വകുപ്പ്. എ.ഡി.ബി ഫണ്ട് വിനിയോഗിച്ചുള്ള ജലവിതരണ കരാർ ഏറ്റെടുക്കാൻ ഫ്രഞ്ച് കമ്പനി ‘സൂയസ്’ മുന്നോട്ടുവെച്ച കരാർ വ്യവസ്ഥകൾ ജലവിതരണ രംഗത്തെ സർക്കാർ നിയന്ത്രണം നഷ്ടമാക്കുമെന്ന ആശങ്ക ശക്തമാണ്. എ.ഡി.ബി കൺസൾട്ടൻറ് തയാറാക്കിയ എസ്റ്റിമേറ്റും അപാകത നിറഞ്ഞതാണെന്ന് ജല അതോറിറ്റി എൻജിനീയർമാരടക്കം ചൂണ്ടിക്കാട്ടുന്നു.
കൊച്ചിയിൽ ‘സൂയസി’ന് കരാർ നൽകാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. സർക്കാർ അനുമതി ലഭിച്ചാൽ 10 വർഷത്തേക്ക് കൊച്ചിയിലെ ജലവിതരണം പൂർണമായും ഫ്രഞ്ച് കമ്പനി നിയന്ത്രണത്തിലാവും. തിരുവനന്തപുരത്തും സമാന കരാറിനാണ് എ.ഡി.ബിക്ക് താൽപര്യം. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കിയ ജലനിധി, ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷനൽ കോർപറേഷൻ സഹായത്തോടെയുള്ള പദ്ധതി എന്നിവയിൽനിന്ന് വ്യത്യസ്തവും ചരടുകളുള്ളതുമാണ് എ.ഡി.ബി പദ്ധതി.
പൈപ്പിടാൻ റോഡ് മുറിക്കുന്നതടക്കം അനുമതി കിട്ടാത്തതുകൊണ്ടോ മറ്റ് കാരണങ്ങളാലോ നിർമാണം നീളുകയും തർക്കമുണ്ടാവുകയും ചെയ്താൽ കമ്പനിക്ക് രാജ്യാന്തര ആർബിട്രേഷന് പോകാം. വിദേശത്താവും ആർബിട്രേഷൻ. 10 വർഷ കരാറിൽ എസ്കലേഷൻ വ്യവസ്ഥ ഉൾപ്പെടുത്തിയതിനാൽ വിലസൂചിക മാറുന്നതിനനുസരിച്ച് കരാർ തുക മാറും. ഇത് വരുംവർഷങ്ങളിൽ ഉയർന്നതുക നൽകേണ്ട സാഹചര്യമുണ്ടാക്കും.
ചെലവ് കൂടുന്നതിനനുസരിച്ച് വെള്ളക്കരം ഈടാക്കാനുള്ള സാധ്യതയും തള്ളാനാവില്ല. ജൽജീവൻ മിഷൻ, അമൃത് എന്നിവ വഴി വിവിധ പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നതിനിടെയാണ് എ.ഡി.ബിയും ഫ്രഞ്ച് കമ്പനിയും പ്രധാന നഗരങ്ങളിൽ കണ്ണുവെക്കുന്നത്. കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമായിട്ടും ജൽജീവൻ മിഷൻ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാതിരിക്കെയാണ് പുതിയ പദ്ധതികൾക്ക് പിന്നാലെ പോവുന്നതെന്നെ വിമർശനവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.