ഫ്രഞ്ച് സ്കൂൾ മാഹിക്ക് ഓർമയാകുമോ?
text_fieldsമാഹി: 233 വർഷം ഭരിച്ച് ഫ്രഞ്ചുകാർ വിടപറഞ്ഞ് പോയെങ്കിലും ഫ്രഞ്ച് ഭാഷയും സംസ്കാരവും മാഹി ഇന്നും കൈവിട്ടിട്ടില്ല. മാഹിയുൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനത്തെ അഞ്ച് ഔദ്യോഗിക ഭാഷകളിലൊന്നാണ് ഇപ്പോഴും ഫ്രഞ്ച്. മാഹിയിലെ ഏക ഫ്രഞ്ച് മീഡിയം സ്കൂൾ ആയ എക്കോൽ സെന്ത്രാൽ കുർ കോംപ്ലമെന്തേർ മഹെ (ഗവ. ഫ്രഞ്ച് ഹൈസ്കൂൾ മാഹി)ക്കും ആ പ്രാധാന്യമുണ്ട്. പുതുച്ചേരിയിൽ ഫ്രഞ്ച് ഭാഷയെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിൽ പ്രത്യേക വിഭാഗവും ഡെപ്യൂട്ടി ഡയറക്ടറുമുണ്ട്. അതേസമയം അധികൃതർ കാണിക്കുന്ന നിരന്തര അവഗണനയുടെ ഫലമെന്നോളം ഫ്രഞ്ച് സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.
എസ്.എസ്.എൽ.സിക്ക് തുല്യമായ ബ്രവേ പരീക്ഷയാണ് വിദ്യാർഥികൾ എഴുതേണ്ടത്. ഹൈസ്കൂൾ തലത്തിൽ ആറ് അധ്യാപകരാണ് ഇവിടെ വേണ്ടത്. അതിൽ നാലുപേർ ഫ്രഞ്ച് മീഡിയത്തിൽ ക്ലാസെടുക്കേണ്ടവരാണ്. പിന്നെ ഭാഷാപഠനത്തിനായി ഇംഗ്ലീഷ്, മലയാളം അധ്യാപകരും വേണം. നിലവിൽ രണ്ട് ഹൈസ്കൂൾ അധ്യാപകരാണ് ഇവിടെയുള്ളത്. അവരെ രണ്ടു പേരെയും മറ്റു രണ്ടു വിദ്യാലയത്തിനും കൂടി പകുത്തുകൊടുത്തിരിക്കുകയാണ്. ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ആ ഭാഷാധ്യാപകരുടെ സേവനം ലഭിക്കുന്നത്.
ഹൈസ്കൂൾ അധ്യാപകർ ഇല്ലാത്തതിനാൽ മറ്റൊരു വിദ്യാലയത്തിലെ ഫ്രഞ്ച് അറിയുന്ന ലക്ചറർ, ഫ്രഞ്ച് അറിയാവുന്ന ഇവിടത്തെ പ്രൈമറി ടീച്ചർമാർ എന്നിവരെക്കൊണ്ടാണ് അധ്യയനം. ഇവിടെ പഠിച്ച പൂർവ വിദ്യാർഥികളായ രണ്ടുപേരെ കഴിഞ്ഞ വർഷം പി.ടി.എ നിയമിച്ചിരുന്നു.
അഞ്ചാംതരം വരെയുള്ള കാര്യങ്ങൾ നോക്കാൻ അഞ്ച് പ്രൈമറി അധ്യാപകരും വേണം. എന്നാൽ നാലുപേർ മാത്രമാണുള്ളത്. അതിൽ രണ്ട് പേർ സ്ഥിര നിയമനം ലഭിക്കാത്തവരുമാണ്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കും വിദ്യാലയത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. പുതിയ സ്ഥലം മാറ്റത്തിൽ ഫ്രഞ്ച് സ്കൂളിലേക്ക് ഗണിതം, സാമൂഹികശാസ്ത്രം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെത്തിയിട്ടുണ്ട്. എന്നാൽ ഇവർക്കാർക്കും ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യാനറിയില്ലെന്ന കാരണത്തിൽ അവരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റി. സർക്കാർ രേഖകളിൽ ഇവർ ഫ്രഞ്ച് സ്കൂളിൽ തന്നെയാണെന്നതിനാൽ ഫ്രഞ്ച് അറിയുന്ന അധ്യാപകരെ വീണ്ടും നിയമിക്കാനുള്ള പഴുതുകളടയുകയാണ്. ചുരുക്കത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിരുത്തരവാദിത്തം മൂലം വിദ്യാലയം പരിതാപകരമായ രീതിയിലാണ് പോവുന്നത്.
‘നമ്പർ വൺ ഭാഷയായ ഫ്രഞ്ച് അറിയാമെങ്കിൽ ലോകത്തെവിടെയും ഉയർന്ന തസ്തികയിലുൾപ്പെടെ ജോലി ലഭിക്കും. ഫ്രഞ്ച് സ്കൂൾ സംരക്ഷിക്കുന്നതിന് ജനപ്രതിനിധിയുൾപ്പടെയുള്ളവർക്ക് താൽപര്യമില്ല’ -പാരിസ് മോഹൻകുമാർ പൂർവവിദ്യാർഥി, ചിത്രകാരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.