നിരന്തര ആക്രമണം: നീതി കിട്ടാതെ ബിന്ദു അമ്മിണി
text_fieldsകോഴിക്കോട്: മൂന്ന് വർഷം മുമ്പ് ശബരിമലയിൽ ദർശനം നടത്തിയതിനു ശേഷം ആക്ടിവിസ്റ്റും ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണി ക്രൂരമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും നേരിട്ടിട്ടും അനക്കമില്ലാതെ ആഭ്യന്തരവകുപ്പും സർക്കാറും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് കഴിഞ്ഞ പിണറായി സർക്കാറും ഇടതുപക്ഷവും സജീവ പിന്തുണ നൽകിയിരുന്നു. കനകദുർഗക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനെ പിന്നീട് സർക്കാറും ഇടതുമുന്നണിയും കൈയൊഴിഞ്ഞു. ഹൈന്ദവ വോട്ടുകൾ നഷ്ടമാകുമെന്ന് ഭയന്ന് സി.പി.എമ്മടക്കം പിന്നീട് ബിന്ദുവിനൊപ്പം നിന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
നിരവധി തവണ ബിന്ദു അമ്മിണിക്കെതിരെ സംഘ്പരിവാറിന്റെ ആക്രമണമുണ്ടായിരുന്നു. 2019 നവംബർ26ന് കൊച്ചിയിൽ സംഘ്പരിവാറുകാർ ഇവരുടെ കണ്ണിൽ മുളകുവെള്ളമൊഴിച്ചിരുന്നു. കുരുമുളക് സ്പ്രേയും അടിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണർ ഓഫിസിന്റെ മുറ്റത്ത് നടന്ന സംഭവത്തിൽ ശ്രീനാഥ് എന്ന സംഘ്പരിവാറുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും നടപടിയുണ്ടായില്ല.
ദലിത് സമുദായക്കാരി കൂടിയായ ബിന്ദുവിനെ സംഘ്പരിവാർ വിടാതെ പിന്തുടരുകയാണ്. കൊയിലാണ്ടി പൊയിൽക്കാവിലെ വീടിന് സമീപം പലവട്ടം ഭീഷണിയുമായി പലരും നിലയുറപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണം നേരത്തേയുണ്ടായിരുന്നെങ്കിലും നിലവിൽ ഇല്ല. പൊലീസുകാരിയടക്കം മോശമായി പെരുമാറിയതിൽ ഡി.ജി.പിക്ക് പരാതി നൽകിയപ്പോൾ നിലവിലുള്ള സംരക്ഷണം പിൻവലിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ രാത്രി പൊയില്‍ക്കാവിൽ നിന്ന് വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞ കേസിൽ നടക്കാവ് പൊലീസ് കേസെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. സംഘ്പരിവാറുകാരായ ബസ് ജീവനക്കാർ യാത്രക്കിടെ സ്ഥിരമായ കളിയാക്കലും അധിക്ഷേപവും നടത്താറുണ്ടായിരുന്നു. ഡിസംബർ 18ന് രാത്രി കൊയിലാണ്ടിയിൽവെച്ച് ഓട്ടോ ഇടിപ്പിച്ചതിനെ തുടർന്ന് മൂക്കിന് പരിക്കേറ്റു. വധശ്രമത്തിന് കേസെടുത്തിട്ടും ഓട്ടോ കണ്ടെത്താൻ പോലും പൊലീസ് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.