ഇനിയും അടിക്കടി വരും, നിരക്ക് വർധന
text_fieldsഏതാനും വർഷമായി വൈദ്യുതി നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. സർചാർജ് കൂടി നോക്കിയാൽ എല്ലാ മാസവും എന്ന് പറയാം. എന്നിട്ടും വൈദ്യുതി ബോർഡിന് പറയാൻ നഷ്ട ക്കണക്ക് മാത്രം. പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന്റെ അധിക ബാധ്യതയാണ് വർധനവിന് വഴിവെക്കുന്നതെന്നാണ് വിശദീകരണം. അതു മാത്രമല്ല, ബോർഡ് കമ്പനിയായപ്പോൾ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം പോലും ജനങ്ങളുടെ മുകളിൽ നിരക്ക് വർധനയായി മാറ്റാനുള്ള ശ്രമമാണ് അണിയറയിൽ.
നികത്താൻ 6074.75 കോടിയുടെ കമ്മി
അടുത്ത അഞ്ച് വർഷത്തേക്കും നിരക്ക് വർധിപ്പിക്കാൻ കഴിഞ്ഞ വർഷം ബോർഡ് അപേക്ഷ സമർപ്പിച്ചിരുന്നു. വിവാദങ്ങൾക്കൊടുവിൽ ഒരു വർഷത്തേത് മാത്രമാണ് വർധന നടപ്പായത്. അടുത്ത മാസം (ജൂൺ) 30 വരെയാണ് വർധന. അത് കഴിഞ്ഞാൽ വീണ്ടും നിരക്ക് ഉയരും. മുമ്പ് വല്ലപ്പോഴും മാത്രമായിരുന്ന സർചാർജ് ഇപ്പോൾ സ്ഥിര സംവിധാനമായി മാറി. വൈദ്യുതി കണക്ഷന്റെ നിരക്കുകളും അടുത്തിടെ കൂട്ടി. ഒരു പുതിയ കണക്ഷൻ കിട്ടണമെങ്കിലും, മീറ്റർ മാറ്റണമെങ്കിലും എന്തിനും ഏതിനും ഉയർന്ന നിരക്ക്. തൊട്ടാൽ ഷോക്കടിക്കുകയാണ് വൈദ്യുതി.
മുമ്പൊക്കെ യൂനിറ്റിന് നൽകേണ്ട നിരക്കിൽ മാത്രമായിരുന്നു കെ.എസ്.ഇ.ബി കൈവെച്ചിരുന്നതെങ്കിൽ എല്ലാ വർഷവും ഫിക്സഡ് ചാർജും വർധിപ്പിക്കുക എന്നതാണ് പുതിയ നയം.
കമീഷൻ അംഗീകരിച്ച കണക്ക് നോക്കിയാൽ ഇനിയും 6074.75 കോടി രൂപയുടെ കെ.എസ്.ഇ.ബിയുടെ കമ്മി നികത്താനുണ്ട്. അതും നിരക്ക് വർധനയായി തന്നെ വരും. ഒറ്റയടിക്ക് അല്ലാതെ ഘട്ടംഘട്ടമായി. കഴിഞ്ഞ വർധനക്കുശേഷം 22-23ൽ 509.06 കോടിയുടെയും 23-24ൽ 1487.75 കോടിയുടെയും 24-25ൽ 1520.24 കോടിയുടെയും 25-26ൽ 1285.04 കോടിയുടെയും 26-27ൽ 1272.67 കോടിയുടെയും കമ്മിയാണ് ഇതിനകം കണക്കാക്കിയിരിക്കുന്നത്. വേനൽ കടുത്തതോടെ കൂടുതൽ താപവൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വന്ന ബാധ്യത ഇന്ധന സർചാർജായി വരും. മാസം പിരിച്ചെടുക്കുന്നതിന്റെ പരിമിതി മറികടക്കാൻ അവശേഷിക്കുന്ന ബാധ്യത വൈദ്യുതി നിരക്കിലേക്ക് ചേർത്ത് പിരിക്കാൻ കെ.എസ്.ഇ.ബിക്ക് കമീഷനെ സമീപിക്കാൻ വ്യവസ്ഥയുണ്ട്. അതും വേറെ വരാനിരിക്കുന്നു. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായ ശേഷം കൂടുതൽ കടുത്ത നടപടികൾ പ്രതീക്ഷിക്കാം.
പിരിച്ചെടുക്കാനുള്ളത് 3780.5 കോടി
അടിക്കടി വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ സർവശ്രമവും നടത്തുന്ന കെ.എസ്.ഇ.ബി കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ ആ ശുഷ്കാന്തി കാണിക്കുന്നില്ല. കഴിഞ്ഞ ഡിസംബറിലെ ത്രൈമാസ അവലോകന റിപ്പോർട്ട് പ്രകാരം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമായി വൈദ്യുതി ബോർഡിന് പിരിഞ്ഞുകിട്ടാനുള്ളത് 3780.5 കോടി രൂപയാണ്. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് 1982.47 കോടി കിട്ടാനുണ്ട്.
ജല അതോറിറ്റിയാണ് ഇതിൽ മുമ്പൻ. വിവിധ വകുപ്പുകളിൽ നിന്ന് 163.15 കോടി. മറ്റ് പൊതു സ്ഥാപനങ്ങളിൽനിന്ന് 68.55 കോടി, തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് 7.36 കോടി, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് 174.63 കോടി, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് 1.40 കോടി, ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് 310.49 കോടി, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് 989.90 കോടി, ക്യാപ്റ്റിവ് പവർ പ്ലാന്റ് 66.14 കോടി, അന്തർ സംസ്ഥാനം 2.84 കോടി, ലൈസൻസി ഇനത്തിൽ 12.94 കോടി, മറ്റുള്ള ഇനത്തിൽ 0.18 കോടി എന്നിങ്ങനെയാണ് കുടിശ്ശികയുടെ വിവരങ്ങൾ.
കുടിശ്ശിക പിരിച്ചെടുക്കാൻ ബോർഡ് പലതവണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കിയിരുന്നു. നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കാര്യമായ പ്രതികരണം ഉണ്ടായില്ല. സർക്കാർ സ്ഥാപനങ്ങൾ എല്ലാ മാസവും വൈദ്യുതി ബിൽ അടക്കാൻ സംവിധാനം ധനവകുപ്പ് പ്രഖ്യാപിച്ചുവെങ്കിലും വീണ്ടും കുടിശ്ശിക തന്നെ. അടുത്തിടെ പൊതുമേഖല സ്ഥാപനങ്ങൾക്കടക്കം നോട്ടീസ് നൽകാൻ ബോർഡ് നീക്കം നടത്തി. ചില സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരി.
ഉന്നത ഇടപെടൽ വന്നപ്പോൾ വീണ്ടും പുനഃസ്ഥാപിച്ചു. ജല അതോറിറ്റിയുടെ വൈദ്യുതി വിച്ഛേദിച്ചാൽ കുടിവെള്ളം മുടങ്ങും. സർക്കാർ അതിന് സമ്മതിക്കാറില്ല. വൈദ്യുതി കുടിശ്ശിക അടക്കാൻ ജല അതോറിറ്റി പല പദ്ധതികൾ തയാറാക്കി. വീണ്ടും കുടിശ്ശിക പെരുകി. സർക്കാർ തലത്തിൽ തന്നെ ഇതിന് ശാശ്വത പരിഹാരം കാണേണ്ടിവരും. കിട്ടാനുള്ളത് മുഴുവൻ പിരിച്ചാൽ തന്നെ അടിക്കടി നടത്തുന്ന നിരക്ക് വർധന ഒഴിവാക്കാം.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.