മുല്ലപ്പെരിയാര്‍: അണക്കെട്ടിന്റെ സുരക്ഷിതത്വം പുതുതായി വിലയിരുത്തണമെന്ന് ഉന്നതതല സമിതി
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാര്‍ ഹരജികളില്‍ സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയങ്ങളുടെ കാര്യത്തിൽ ഉന്നതതല സമിതി ധാരണയിലെത്തി. റൂള്‍ കര്‍വ്, ഗേറ്റ് ഓപറേഷന് എന്നിവയടക്കം നാല് വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ രണ്ടു സംസ്ഥാനങ്ങള്‍ക്കും യോജിപ്പുണ്ട്. അതേസമയം, സുരക്ഷയടക്കമുള്ള വിയോജിപ്പുള്ള വിഷയങ്ങള്‍ പ്രത്യേകം കോടതി അറിയിക്കാനും ധാരണയായി.
126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വം പുതുതായി വിലയിരുത്തേണ്ടതുണ്ടെന്ന് കേന്ദ്ര ജല കമീഷനും കേരള, തമിഴ്നാട് സർക്കാർ പ്രതിനിധികളും ഉൾപ്പെട്ട മേൽനോട്ട സമിതി സുപ്രീംകോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് നൽകിയ റിപ്പോർട്ടിലാണിത്. സുപ്രീംകോടതി നിർദേശ പ്രകാരം നിയോഗിച്ച ഉന്നതാധികാര സമിതി 2010ലും 2012ലും സുരക്ഷ വശങ്ങൾ പരിശോധിച്ചിരുന്നു. മേൽനോട്ട സമിതി 14 യോഗങ്ങൾ ചേർന്നിട്ടുണ്ട്.
ഡാം എല്ലാ വിധത്തിലും സുരക്ഷിതമെന്നാണ് വിദഗ്ധാഭിപ്രായം. എന്നിരുന്നാലും ഡാമിന്റെ സുരക്ഷിതത്വം പുതുതായി വിലയിരുത്താൻ സമയമായി. അത് നടത്തേണ്ടതുമുണ്ട്. കഴിഞ്ഞ മാസം എട്ടിന് നടന്ന മേൽനോട്ട സമിതി യോഗത്തിൽ സ്പിൽവേ ഷട്ടർ പ്രവർത്തന കാര്യത്തിലും വെള്ളം തുറന്നുവിടുന്ന രീതിയിലും കേരളം അതൃപ്തി പ്രകടിപ്പിച്ച കാര്യം റിപ്പോർട്ടിൽ പറഞ്ഞു.
മഴ സംബന്ധിച്ച കണക്കുകൾ മണിക്കൂർ ഇടവിട്ട് നൽകുന്നതിനു പകരം പ്രതിദിനാടിസ്ഥാനത്തിൽ കേരളം നൽകുന്നതിനാൽ തീരുമാനങ്ങൾ മുൻകൂട്ടി എടുക്കാൻ മതിയായ സമയം കിട്ടുന്നില്ലെന്ന് തമിഴ്നാടും ബോധിപ്പിച്ചു. ടെലിമെട്രി സ്റ്റേഷനുകൾ ആവശ്യത്തിന് സ്ഥാപിക്കാൻ മേൽനോട്ട സമിതി നിർദേശിച്ചെങ്കിലും ഇതുവരെ കേരളം നടപടി സ്വീകരിച്ചിട്ടില്ലെന്ന് മേൽനോട്ട സമിതി പറഞ്ഞു. അടുത്ത മാസം രണ്ടാംവാരം കേസ് പരിഗണിക്കാനിരിക്കേയാണ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.