വിനീതക്ക് ഇത്തവണ ‘വലിയ’ പെരുന്നാൾ
text_fieldsകെട്ടിനകം ലേഡീസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നോമ്പുതുറ ചലഞ്ച് കിറ്റ് തയാറാക്കുന്നു
മുഴപ്പിലങ്ങാട് (കണ്ണൂർ): ഈ ചെറിയ പെരുന്നാൾ രാവിൽ വിനീതക്ക് സ്വന്തം വീട്ടിൽ അന്തിയുറങ്ങാം, ജപ്തിഭയമില്ലാതെ. മനസ്സും ശരീരവും സ്രഷ്ടാവിന്റെ പ്രീതിക്കായി സമര്പ്പിച്ച നോമ്പുദിനങ്ങൾ മാനവസ്നേഹത്തിന്റെ മറ്റൊരു കഥ പറയുകയാണ്. വിനീതയെ ജപ്തിഭീഷണിയിൽനിന്ന് കരകയറ്റാൻ സുഹൃത്തുക്കളും അയൽവാസികളുമായ വനിതകൾ മുന്നിട്ടിറങ്ങിയ ‘നോമ്പുതുറ ചലഞ്ച്’ വിജയത്തിലേക്ക് കടക്കുകയാണ്.
മാർച്ച് 31നകം പണം ബാങ്കിൽ അടച്ച് കടബാധ്യത തീർക്കാനാണ് തീരുമാനം. കെട്ടിനകം ലേഡീസ് യൂനിറ്റിലെ പി.കെ. മാജിദ, ഷറിൻ ഫാജിസ്, റജുല കരീം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏഴ് ലക്ഷം രൂപയോളം ഇതുവരെ സമാഹരിച്ചു. നാലുലക്ഷം രൂപകൂടി സമാഹരിക്കേണ്ട തിരക്കിലാണവർ.
കടക്കെണിയിൽപെട്ട് ബാങ്ക് വായ്പ തിരിച്ചടക്കാൻ കഴിയാതായതോടെയാണ് മുഴപ്പിലങ്ങാട് കെട്ടിനകത്തെ വിനീത സജീവൻ ജപ്തി ഭീഷണി നേരിട്ടത്. ഭർത്താവ് മരിച്ചതോടെ രണ്ട് മക്കളെയും കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് ബാങ്ക് വായ്പയുടെ പേരിലെ ജപ്തി ഭീഷണി.
മാർച്ച് 31നകം പലിശ ഒഴിവാക്കി ബാക്കി വരുന്ന 16 ലക്ഷം രൂപയാണ് ബാങ്കിൽ അടക്കേണ്ടത്. അഞ്ചുലക്ഷം വിനീതയുടെ കുടുംബം കണ്ടെത്തി. ബാക്കി പണം കണ്ടെത്താൻ നിർവാഹമില്ലാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ജപ്തിഭീഷണിക്ക് മുന്നിൽ പകച്ചുനിൽക്കുന്ന കാര്യം അറിഞ്ഞതോടെയാണ് സുഹൃത്തിനെ സഹായിക്കാൻ കെട്ടിനകം ലേഡീസ് യൂനിറ്റിലെ മാജിദയും ഷറിനും റജുലയും ‘നോമ്പുതുറ ചലഞ്ച്’ എന്ന ആശയത്തിലൂടെ മുന്നിട്ടിറങ്ങിയത്.
കോഓഡിനേറ്ററായി റഹ്ന ഹാഷിമിനെയും നിയോഗിച്ചു. നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്ത് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കി. വിഭവങ്ങൾ പാകം ചെയ്ത് മാജിദയുടെ വീട്ടിലെത്തിച്ചാണ് കിറ്റ് തയാറാക്കിയത്. നോമ്പുതുറ വിഭവങ്ങൾ സമാഹരിച്ച് 100 രൂപക്ക് വിറ്റഴിക്കുന്ന രീതിയാണ് സ്വീകരിച്ചത്. എന്നാൽ, കഴിയുന്നത്ര തുക നൽകി നാട്ടുകാരും പ്രവാസികളും കൂടെനിന്നു.
സംഭാവന നൽകിയവരുടെ കിറ്റുകൾ അഗതി മന്ദിരത്തിലുള്ളവർക്ക് കൈമാറി. എല്ലാവിഭാഗം ആളുകളും കുടുംബങ്ങളും നോമ്പുതുറ ചലഞ്ചിൽ സഹകരിച്ചതായും ബാങ്ക് പറഞ്ഞ സമയപരിധിക്കുള്ളിൽ മുഴുവൻ തുകയും സമാഹരിച്ച് വിനീതയുടെ കടബാധ്യത തീർക്കുമെന്നതാണ് ഇത്തവണത്തെ പെരുന്നാളിന്റെ പുണ്യമെന്നും ഷറിൻ ഫാജിസ് പറഞ്ഞു.
ആഘോഷദിനമായ പെരുന്നാളിൽ ഒരാളും സങ്കടപ്പെടരുതെന്ന സന്ദേശത്തിൽ പങ്കാളികളായി വിനീതയെ സഹായിക്കാൻ കെട്ടിനകം ലേഡീസ് യൂനിറ്റിനൊപ്പം കാരുണ്യമതികൾക്കും കൈകോർക്കാം. ഫോൺ: 9633889977.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.