അവളുടെ ഓർമകളിൽ കൂട്ടുകാരെത്തി; ക്രൂരതയിൽ നീറി വിദ്യാലയം
text_fieldsആലുവ/കൊച്ചി: കളിയും ചിരിയും കലപില വർത്തമാനങ്ങളും നിറഞ്ഞ ആ വിദ്യാലയ മുറ്റത്ത് തിങ്കളാഴ്ച ദുഃഖം തളംകെട്ടിനിന്നു. വിഷമവും സങ്കടവും രോഷവുമെല്ലാം അവരുടെ മുഖങ്ങളിൽ വായിച്ചെടുക്കാമായിരുന്നു. വ്യാഴാഴ്ച വരെ തങ്ങളോടൊപ്പം കളിച്ചുനടന്ന ആ കൂട്ടുകാരിക്ക് നേരെയുണ്ടായ ക്രൂരതയിൽ നീറുകയായിരുന്നു അവരെല്ലാം. അധ്യയന ദിവസമായിട്ടും തിങ്കളാഴ്ച സ്കൂളിൽ ക്ലാസുണ്ടായിരുന്നില്ല, അവളുടെ ഓർമകൾ പങ്കുവെക്കാൻ ഒരു ദിനം മാത്രം. മനുഷ്യത്വം മരവിക്കുന്ന ക്രൂരതക്ക് ഇരയായി കൊല്ലപ്പെട്ട ബാലികയുടെ ഓർമകളിലായിരുന്നു കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും എല്ലാം. ആലുവ തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സ് എല്‍.പി സ്കൂളിലേക്ക് മാതാപിതാക്കൾക്ക് ഒപ്പമാണ് കുട്ടികൾ എത്തിയത്.
അഞ്ചു വയസ്സുകാരിയുടെ ഓർമകൾ പങ്കുവെച്ചുള്ള അനുശോചന യോഗമാണ് സ്കൂളിൽ നടന്നത്. രക്ഷിതാക്കൾക്കൊപ്പം മിക്ക കുട്ടികളുമെത്തിയിരുന്നു. എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ; എന്തിനീ ക്രൂരത ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടിയോട് ചെയ്തു, അവളുടെ ആ പുഞ്ചിരി കണ്ട് എങ്ങനെ ചെയ്യാൻ തോന്നിയീ അരുംകൊല?
പി.ടി.എ യോഗത്തിലുടനീളം ഏറെ വൈകാരികമായ നിമിഷങ്ങളായിരുന്നു. ഉച്ചക്ക് രണ്ടു മണിക്കാരംഭിച്ച യോഗത്തിൽ പതിവിലേറെ രക്ഷിതാക്കളും പങ്കെടുത്തു. പ്രധാനാധ്യാപിക കെ.എച്ച്. ജാസ്മിൻ ഉൾെപ്പടെയുള്ളവർ അനുസ്മരണ പ്രസംഗത്തിനിടെ വിതുമ്പി. പി.ടി.എ പ്രസിഡൻറ് എം.എം. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. പാളിച്ചകള്‍ ഇല്ലാതെ പഴുതടച്ച അന്വേഷണം നടത്തണമെന്നും പ്രതിക്ക് വധശിക്ഷ ഉറപ്പ് വരുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ കൗൺസലിങ് നൽകാൻ യോഗം തീരുമാനിച്ചു. തായിക്കാട്ടുകര മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ ലഹരിക്ക് എതിരെ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവർക്കും ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.