സുഹൃത്തുക്കളോട് ഉറങ്ങാൻപോവുകയാണെന്ന് പറഞ്ഞിറങ്ങിയ ശരതിനെ പിന്നെ അവർ കാണുന്നത് മരിച്ച നിലയിൽ
text_fieldsകോഴിക്കോട്: മെഡിക്കൽ വിദ്യാർഥിയായ സുഹൃത്തിന്റെ അപ്രതീക്ഷിത മരണവാർത്തയിൽ വിറങ്ങലിച്ചിരിക്കുകയാണ് സുഹൃത്തുക്കൾ. മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർഥിയും മട്ടാഞ്ചേരി മങ്ങാട്ടുപറമ്പിൽ സുനിൽ കുമാറിെൻറ മകനുമായ ശരതിനെ (21) മെഡിക്കൽ കോളജ് കോഫീ ഹൗസിനു സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊട്ട് മുമ്പ് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന ശരത് താൻ ഉറങ്ങാൻപോവുകയാണെന്നും അൽപം കഴിഞ്ഞ് വിളിക്കണമെന്നും പറഞ്ഞിരുന്നതായി സഹപാഠികൾ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. അബോധാവസ്ഥയിൽ വഴിയിൽ കിടന്ന യുവാവിനെ അതുവഴി നടന്നുപോയവരാണ് ആദ്യം കണ്ട് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കൈയിൽ ബാഗും പുസ്തകങ്ങളും ഉണ്ടായിരുന്നു. പരീക്ഷ അടുത്തതിനാൽ പഠനത്തിരക്കിലായിരുന്നു. ലൈബ്രറിയിലേക്കുള്ള വഴിയിലാണ് വീണുകിടന്നത്.
താടിക്ക് മുറിവുണ്ടെങ്കിലും മരണകാരണമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.കോളജ് യൂനിയെൻറ സജീവ പ്രവർത്തകനായിരുന്ന ശരത് വൈസ് ചെയർമാനായിരുന്നു. ശരത് പ്രമേഹ രോഗിയാണെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ അറിയിച്ചു. ഡയബെറ്റിക് മെല്ലിറ്റസ് ഉള്ളവരിൽ കണ്ടുവരുന്ന കുഴഞ്ഞു വീണുള്ള മരണമാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ കരുതുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ എത്തിയ ശേഷം വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.