എല്ലാവരോടും പ്രാർഥിക്കാൻ പറഞ്ഞ് അവൾ പോയി, ഒാർമയിൽനിറഞ്ഞ് അശ്വതിയുടെ കളിചിരികൾ...
text_fieldsകോഴിക്കോട്: 'അപ്പോ പ്രാർഥിക്കുക. എന്താന്നറിയത്തില്ല. അവിെടപ്പോയി എന്താ അവസ്ഥാന്നുേനാക്കീട്ടല്ലാതെ എന്താ പറയാ?' -കേരളമാകെ പ്രചരിക്കുന്ന വിഡിയോയിൽ ചിരിച്ചുകൊണ്ട് അശ്വതി ഉണ്ണികൃഷ്ണൻ പറയുന്ന വാക്കുകൾ മലയാളികളുടെ നൊമ്പരമാവുകയാണ്. മാനന്തവാടിയിലെ വയനാട് ജില്ല ടി.ബി സെന്‍ററിൽനിന്ന് സുൽത്താൻ ബത്തേരിയിലെ ഗവ. ലാബിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിലാണ് അത്രയേറെ പ്രസന്നവതിയായി അശ്വതി ഇതു പറയുന്നത്.
കൂട്ടുകാർക്കെല്ലാം ഏറെ പ്രിയങ്കരിയായിരുന്നു അവൾ. 24കാരിയായ ഈ ലാബ് ടെക്നീഷ്യന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കോവിഡ് ബാധിച്ചത്. എന്നാൽ, തിങ്കളാഴ്ച അശ്വതി മരണത്തിന് കീഴടങ്ങി. വൃക്കസംബന്ധമായ രോഗത്തിനിടയിലും എപ്പോഴും ചിരിച്ച് ഊർജസ്വലയായിരുന്ന അശ്വതി ചുറ്റുമുള്ളവർക്ക് എന്തു സഹായവും ചെയ്യാൻ സദാ സന്നദ്ധയായിരുന്നു.
അശ്വതിയുടെ വിയോഗം അതുകൊണ്ടുതന്നെ അവളുടെ കൂട്ടുകാർക്കൊന്നും താങ്ങാനാവുന്നതല്ല. മേപ്പാടി റിപ്പണിലെ തേയില ഫാക്ടറി തൊഴിലാളിയായ ഉണ്ണികൃഷ്ണന്റെ മകളാണ് അശ്വതി. 'ഒരുപാട് ആഗ്രഹുണ്ടായിരുന്നു എന്‍റെ മോൾക്ക്. ജില്ലക്ക് പുറത്തുപോയി ജോലി ചെയ്യണമെന്നൊക്കെ അവൾ എേപ്പാഴും പറയാറുണ്ടായിരുന്നു. വീട്ടിൽ ചടങ്ങുകൂടിയിരിക്കുന്ന സ്വഭാവക്കാരിയായിരുന്നില്ല' -ഉണ്ണിക്കൃഷ്ണൻ പറയുന്നു. പിതാവിന് പുറമെ അമ്മ ബിന്ദുവും ഏക സഹോദരൻ അമൽ കൃഷ്ണയും അശ്വതിയുടെ വേർപാടിൽ ഹൃദയം തകർന്നിരിക്കുകയാണ്. കോവിഡ് കാലത്ത് ജോലിക്ക് പോകുേമ്പാൾ എല്ലാ മുൻകരുതലും അവൾ എടുക്കാറുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ബി.എസ്.സി മെഡിക്കൽ ലാബ് ടെക്നീഷ്യൻ കോഴ്സ് പാസായ ശേഷം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് അശ്വതി ആദ്യം ജോലി നോക്കിയത്. പിന്നീട് നാഷനൽ ഹെൽത്ത് മിഷനിൽ ജോലി കിട്ടി. രണ്ടു വർഷം മാനന്തവാടി ടി.ബി െസന്‍ററിൽ സേവനമനുഷ്ഠിച്ചശേഷം ഒരു മാസം മുമ്പാണ് ബത്തേരിയിലേക്ക് മാറിയത്.
ഏപ്രിൽ 22നാണ് അശ്വതി കോവിഡ് പരിശോധനയിൽ പൊസിറ്റീവായത്. അടുത്ത ദിവസം മാനന്തവാടി ജില്ല ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടു. രണ്ടു മാസം മുമ്പ് കോവിഡ് വാക്സിന്റെ രണ്ടു ഡോസും അശ്വതി എടുത്തിരുന്നുവെന്ന് ആേരാഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പനിയും ചുമയും തൊണ്ടവേദനയുമായിരുന്നു തുടക്കത്തിൽ. ആരോഗ്യ നില വഷളായതോടെ ഐ.സി.യു ആംബുലൻസിൽ കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിലേക്ക്. എന്നാൽ, കോഴിക്കോട് എത്തുന്നതിന് മുേമ്പ വഴിയിൽ അവൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. വയനാട് ജില്ലയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ ആരോഗ്യപ്രവർത്തകയാണ് അശ്വതി.
'ചേച്ചി കവിതയെഴുത്തിൽ സന്തോഷം കണ്ടെത്താറുണ്ടായിരുന്നു. എന്നാൽ, എഴുതുന്ന കവിതകൾ ആരെയും കാണിക്കാറില്ല. ജില്ല ടി.ബി സെന്‍റർ ഈയിടെ സംഘടിപ്പിച്ച ഓൺലൈൻ കവിതയെഴുത്തുമത്സരത്തിൽ ഏറെ ആവേശത്തോടെ പങ്കെടുത്തിരുന്നു.'-കണ്ണൂരിൽ ബി ടെക്കിന് പഠിക്കുന്ന സഹോദരൻ അമൽ പറഞ്ഞു. 'തന്‍റെ ജോലിയിൽ വളരെ അർപ്പണബോധമുള്ള കുട്ടിയായിരുന്നു അശ്വതി. എപ്പോഴും ചിരിച്ച് കളിച്ച് പ്രസന്നവതിയായിരിക്കും. ജോലിയിൽ ഒരിക്കലും അവർ 'നോ' എന്ന് പറഞ്ഞിട്ടില്ല' -ജില്ല ടി.ബി. ഓഫിസർ ഡോ. വി. അംബു ഓർമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.