സാത്താെൻറ അടുപ്പക്കാർ
text_fieldsഒരിക്കൽ സാത്താന് ഉടയതമ്പുരാെൻറ ഒരു ആജ്ഞ കിട്ടി: നബി തിരുമേനിയെ ചെന്നു കാണണം. തിരുമേനി ചോദിക്കുന്നതിനൊക്കെ ശരിയായ മറുപടി കൊടുക്കണം. അങ്ങനെ അധികം വൈകാതെ സാത്താൻ നബി തിരുമേനിയുടെ അടുത്തെത്തി. ഒരു കിഴവെൻറ മട്ടിൽ വടിയിലൂന്നിയായിരുന്നു വരവ്. സാത്താൻ സ്വയം പരിചയപ്പെടുത്തി. ആഗമനോദ്ദേശ്യവും അറിയിച്ചു.
ശരി, നബി തിരുമേനിക്ക് രണ്ടേ രണ്ട് ചോദ്യങ്ങളേ സാത്താനോട് ചോദിക്കേണ്ടതുണ്ടായിരുന്നുള്ളൂ. ഒന്ന്, ആരോടാണ് ഏറ്റവും വെറുപ്പ്? രണ്ട്, ആരോടാണ് അടുപ്പം?
സാത്താൻ തനിക്ക് വെറുപ്പുള്ളവരുടെ പട്ടിക നിരത്തി. ഒന്ന്, നബിയോടുതന്നെ. രണ്ട്, നീതിമാനായ ഭരണാധികാരി. മൂന്ന്, വിനയമുള്ള ധനാഢ്യൻ. നാല്, സത്യസന്ധനായ കച്ചവടക്കാരൻ. അഞ്ച്, ഭക്തനായ വിജ്ഞൻ. ആറ്, സന്മാർഗം കാട്ടുന്ന വിശ്വാസി. ഏഴ്, കൃപാലുവായ വിശ്വാസി. എട്ട്, പശ്ചാത്താപബോധത്തോടെ ജീവിക്കുന്നയാൾ. ഒമ്പത്, നിഷിദ്ധകാര്യങ്ങളിലേക്ക് അടുക്കാത്തയാൾ. പത്ത്, സദാ അംഗശുദ്ധിയുള്ളയാൾ. പതിനൊന്ന്, ദാനശീലമുള്ളവർ. പന്ത്രണ്ട്, സൽസ്വഭാവി. പതിമൂന്ന്, പരോപകാരികൾ. പതിനാല്, ഖുർആൻ ഹൃദിസ്ഥമാക്കി പതിവായി ഓതുന്നയാൾ. പതിനഞ്ച്, നിശാ നമസ്കാരത്തിൽ വ്യാപൃതനായ ആൾ.
പിന്നെ, ഇഷ്ടക്കാരായ ആളുകളെ കുറിച്ചായി തിരുമേനിയുടെ ചോദ്യം. അവർ പത്തു പേരുണ്ട്. സാത്താൻ ഓരോരുത്തരെയായി എണ്ണി. ഒന്ന്, അധർമിയായ ഭരണാധികാരി. രണ്ട്, അഹങ്കാരിയായ ധനാഢ്യൻ. മൂന്ന്, വഞ്ചകനായ വ്യവസായി. നാല്, ചതിയനായ കച്ചവടക്കാരൻ. അഞ്ച്, മദ്യപാനി. ആറ്, വ്യഭിചാരി. ഏഴ്, അനാഥയുടെ ധനം കവരുന്നയാൾ. എട്ട്, അശ്രദ്ധരായി നമസ്കരിക്കുന്നവർ. ഒമ്പത്, സകാത് നൽകാത്തയാൾ. പത്ത്, വ്യാമോഹി.
മൂർച്ചയേറിയ സാമൂഹിക വിമർശനങ്ങളുണ്ട് ഇതിൽ. ഒന്നാമതായി ഇത് അധികാരിയുടെ നേരെ ചൂണ്ടുന്നു. അത് രാജ്യാധികാരിയുടെ നേർക്കാണെന്ന് കരുതി നാം കൊച്ചുകൊച്ചു അധികാരികൾ മാറിനിൽക്കേണ്ട. അതതിടങ്ങളിൽ അധികാരികൾ ആരാണോ, അവരൊക്കെ ഈ വിമർശന ചാട്ടുളിയുടെ പരിധിയിൽ വരും. പിന്നീട് ധനാഢ്യന്മാർ. അവരിൽ പലരും സാധുജന പരിപാലകരായിരിക്കാം. അതുമാത്രം പോരാ, വിനയം വേണം.
കച്ചവടക്കാരും വ്യവസായരംഗവും സംശയത്തിെൻറ നിഴലിലാണിന്ന്. മായം കലരാത്ത ഭക്ഷ്യവസ്തുക്കൾ ഇല്ല എന്നുതന്നെ പറയാം. ലാഭം ഒത്തിരി കുറഞ്ഞാലും പ്രാദേശികമായി വ്യവസായ യൂനിറ്റുകളുണ്ടാക്കി നല്ല ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ വ്യവസായികൾ തയാറാവണം. മുസ്ലിംകൾക്ക് മഹല്ല് സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം. ഭക്തനായ പണ്ഡിതൻ ദോഷം വരുത്തില്ല, അല്ലാത്തവർ കൊടും ദുരന്തം വിതക്കും. അംഗശുദ്ധി ഏതു സാഹചര്യത്തിലും വേണമെന്ന് പുതിയ സാമൂഹികാരോഗ്യസ്ഥിതി നിഷ്കർഷിക്കുന്നു.
ലഹരിയുടെയും വ്യഭിചാരത്തിെൻറയും വ്യാപനം അമ്പരപ്പിക്കുന്നതാണ്. അന്യ ലിംഗത്തിൽപെട്ടവരുടെ ശരീരത്തിൽ നമുക്കവകാശമില്ലാത്തത് ആസ്വദിക്കുന്നതെല്ലാം വ്യഭിചാരത്തിെൻറ പരിധിയിൽ വരും. പിന്നെ ആ കഥയിൽ പറഞ്ഞതൊന്ന് വ്യാമോഹികളെ പറ്റിയാണ്. വ്യാമോഹങ്ങളാണ് നമ്മെ ചതിയിൽ അകപ്പെടുത്തുന്നത്. വീണ്ടുവിചാരങ്ങളില്ലാതെ മനുഷ്യർ വ്യാമോഹങ്ങളോടൊപ്പം പോവുന്നു. ചൂതാട്ടങ്ങളൊക്കെ അതിെൻറ ഭാഗമാണ്. വ്യാമോഹി വിചാരിച്ച് വിചാരിച്ച് കുന്നുകയറും. അയാൾക്ക് ദൈവസ്മരണയിലോ സർഗാത്മക വിചാരങ്ങളിലോ ഏർപ്പെടാനാവില്ല. ഇങ്ങനെ നിത്യജീവിതത്തിലെ അനേകായിരം പാളിച്ചകളിൽനിന്ന് പുതിയ മനുഷ്യർക്ക് മാറിച്ചിന്തിക്കാനുള്ള മാർഗദർശനങ്ങളുടെ ആകത്തുകയാണ് സാത്താനും നബി തിരുമേനിയുമായുള്ള ഈ സംഭാഷണത്തിൽ ഉള്ളടങ്ങിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.