പിരിഞ്ഞിട്ടും പിരിയാത്ത ‘ഫ്രണ്ട്സ്’
text_fieldsകൊച്ചി: ചില സൗഹൃദങ്ങളുണ്ട്, കണ്ടുനിൽക്കുന്നവർക്കുപോലും സന്തോഷം പകരുന്നത്... പുറത്തുനിൽക്കുന്നവർക്ക് അസൂയ തോന്നിക്കുന്നത്... എന്നും നിലനിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നത്... അത്തരമൊന്നായിരുന്നു സിദ്ദീഖ്-ലാൽ കൂട്ടുകെട്ട്. വേറിട്ട സംവിധാന ശൈലിയിലൂടെ, ചിരിയോളം തീർക്കുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലും ആ സുഹൃത്തുക്കൾ കൂടുകൂട്ടി.
റാംജിറാവു സ്പീക്കിങ് (1989), ഇൻ ഹരിഹർ നഗർ (1990), ഗോഡ്ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1994) എന്നിങ്ങനെ സിദ്ദീഖും ലാലും ഒരുമിച്ച് സംവിധായകരെന്ന കൈയൊപ്പ് ചാർത്തിയ ചിത്രങ്ങളെല്ലാം മലയാളികളെ കുടുകുടാ ചിരിപ്പിച്ചു. തുടക്കകാലത്ത് സിദ്ദീഖിനെയും ലാലിനെയും അറിയാത്ത സാധാരണക്കാരായ സിനിമപ്രേക്ഷകർ സിദ്ദീഖ്-ലാൽ എന്നത് രണ്ടുപേരല്ല, ഒരാൾതന്നെയാണെന്നുപോലും കരുതിയിരുന്നു. ആ പേരിലെ ഉൾചേർച്ചപോലെ അവരുടെ ആത്മബന്ധവും സുദൃഢമായിരുന്നു.
മികച്ച സിനിമകൾ ഒരുക്കുന്ന കാലത്താണ് ഇരുവരും പിരിയാൻ തീരുമാനിക്കുന്നത്. അങ്ങനെ സിദ്ദീഖ്-ലാൽ, സിദ്ദീഖും ലാലുമായി. എന്നാൽ, ആ വേർപിരിയൽ സംവിധാനത്തിന്റെ കാര്യത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിരിഞ്ഞതിനു പിന്നാലെ നിർമാണ പങ്കാളികളായി ഇവർ തുടർന്നിരുന്നു.
കൊച്ചിൻ കലാഭവനിലൂടെ മിമിക്രി താരങ്ങളായാണ് ഇരുവരുടെയും തുടക്കം. ട്രൂപ്പിന്‍റെ ഏറെ ഹിറ്റായ മിമിക്സ് പരേഡ് എന്ന കോമഡി ഷോ ഇവരുടെ നേതൃത്വത്തിലാണ് തുടങ്ങിയത്. 1981 സെപ്റ്റംബർ 21നാണ് സിദ്ദീഖും ലാലും അൻസാറും റഹ്മാനും പ്രസാദും വർക്കിച്ചൻ പേട്ടയുമടങ്ങുന്ന ആറംഗ സംഘം മിമിക്സ് പരേഡ് തട്ടിൽ കയറ്റിയത്. മിമിക്സ് പരേഡിലൂടെ കാണികൾക്കിടയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച സിദ്ദീഖും ലാലും ഏറെ വൈകാതെ സിനിമയിലേക്കെത്തി. സംവിധായകൻ ഫാസിലിന്‍റെ സഹായികളായാണ് ഇരുവരുടെയും തുടക്കം. കോമഡിക്ക് പ്രാധാന്യമുള്ള, സാധാരണക്കാരന്‍റെ ജീവിതം പറയുന്ന ചിത്രങ്ങളെല്ലാം അക്കാലത്തെ സൂപ്പർഹിറ്റുകളായി.
മാന്നാർ മത്തായി സ്പീക്കിങ് (1995), ഫിംഗർപ്രിന്‍റ് (2005), കിങ് ലയർ (2016) എന്നീ ചിത്രങ്ങൾക്ക് ഒരുമിച്ച് തിരക്കഥയും പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986), നാടോടിക്കാറ്റ് (1987), മക്കൾ മഹാത്മ്യം (1993), മാന്നാർ മത്തായി സ്പീക്കിങ് (1995) തുടങ്ങിയ ചിത്രങ്ങൾക്ക് ഒരുമിച്ച് കഥയുമെഴുതി. ഒരുമിച്ച് വിജയങ്ങൾ മാത്രം സമ്മാനിക്കുന്നതിനിടെയാണ് ഇരുവരും ഔദ്യോഗികമായി വേർപിരിയുന്നത്. പിന്നീട്, സിദ്ദീഖ് ഒറ്റക്ക് ആദ്യമായി സംവിധാനം ചെയ്ത ഹിറ്റ്ലറിൽ ലാൽ സഹനിർമാതാവിന്‍റെ വേഷമണിഞ്ഞു.
ഫ്രണ്ട്സ് എന്ന ചിത്രത്തിലും ഈ സഹകരണം ആവർത്തിച്ചു. അന്നൊന്നും തങ്ങൾ പിരിഞ്ഞതിന്‍റെ കാരണം ഇരുവരും വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഇരുവരും തല്ലിപ്പിരിഞ്ഞതാണെന്ന പ്രചാരണവുമുണ്ടായിരുന്നു. എന്നാൽ, വളർച്ചയുടെ ഒരുഘട്ടത്തിൽ ഇനി രണ്ടുപേരും വെവ്വേറെ മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സിദ്ദീഖ് പിന്നീട് അഭിമുഖങ്ങളിൽ വ്യക്തമാക്കിയത്. സിനിമയുടെ ലോകത്ത് രണ്ടുവഴിയായിരുന്നെങ്കിലും സൗഹൃദത്തിൽ ഒട്ടും ഉലച്ചിൽ വരാതെ അവസാന നിമിഷംവരെ അവർ കാത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.