വന്യ ജീവികളുടെ ശല്യം ഒഴിവാക്കാൻ കനാലിൽ വൈദ്യുതി കമ്പികൾ സ്ഥാപിച്ചു; മീൻപിടിക്കാനെത്തിയ സുഹൃത്തുക്കൾ ഷോക്കേറ്റ് മരിച്ചു
text_fieldsഅങ്കമാലി: ചാലക്കുടി ഇടതുകര കനാലിൽ കാരമറ്റം ഭാഗത്ത് മീൻപിടിക്കാൻ പോയ അയൽവാസികളായ രണ്ട് പേരെ വൈദ്യുത ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി പൂതംകുറ്റി കാരമറ്റം സ്വദേശികളായ മുള്ളൂർക്കാട് അണേക്കാട്ടിൽ വീട്ടിൽ പരേതനായ രാമകൃഷ്ണന്‍റെ മകൻ സനൽ(32), കൂരൻ കല്ലൂക്കാരൻ വീട്ടിൽ ഔസേഫിന്‍റെ മകൻ തോമസ് (50) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയിലാണ് മൃതദേഹം കണ്ടത്. ഇരുവരെയും വെള്ളിയാഴ്ച മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തി വരുന്നതിനിടെയാണ് കനാലിന്‍റെ വിജിനമായ പ്രദേശത്ത് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു. കനാൽ കടന്ന് വരുന്ന കാട്ടുപന്നി അടക്കമുള്ള വന്യജീവികളുടെ ശല്യം ഒഴിവാക്കാൻ ആരോ തോട്ടിൽ വൈദ്യുതി കമ്പികൾ സ്ഥാപിച്ചിരുന്നു. മീൻ പിടിക്കാൻ ഇരുവരും തോട്ടിൽ ഇറങ്ങിയതോടെ വൈദ്യുതി കമ്പികളിൽ തട്ടി ഷോക്കേറ്റതാണെന്നാണ് സംശയിക്കുന്നത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഒരുവർഷം മുൻപ് പൂതംകുറ്റി പാടശേഖരത്തിലും കനാലിന് സമീപം മീൻ പിടിക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിക്കുകയുണ്ടായി. കനാലിൽ വൈദ്യുതി കമ്പികൾ സ്ഥാപിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് അങ്കമാലി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. .സനൽ അവിവാഹിതനാണ്. മാതാവ്: ഉഷ. സഹോദരി: സന്ധ്യ. മരിച്ച തോമസ് ഇലക്ട്രീഷ്യനാണ്. ഭാര്യ: ഷീജ(നഴ്‌സ്). മക്കൾ:ഹർഷ (നഴ്‌സിങ് വിദ്യാർഥിനി, ബംഗളൂരു), ലിയോൺസ്. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10ന് താബോർ തിരുകുടുംബം പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.