ബാലേട്ടന്റെ കൈയിൽ നിന്ന് മീൻ വാങ്ങി കഴിക്കാൻ എന്നും അവനെത്തും..ആ ഭീമൻ ഉടുമ്പ്
text_fieldsനടുവണ്ണൂർ: മീൻവിൽപനക്കാരും പൂച്ചയും തമ്മിലുള്ള കഥകൾ ഒരുപാട് കേട്ട നമ്മുടെ നാട്ടിൽനിന്ന് വേറിട്ട ഒരു അപൂർവ സൗഹൃദത്തിെൻറ കഥയാണ് നടുവണ്ണൂരിലെ വെള്ളോട്ട് അങ്ങാടിയിലുള്ളത്. ഇവിടെ ഒരു പ്രത്യേക അതിഥിയാണ് ദിവസം മുടങ്ങാതെ മീൻവിൽപനക്കാരുടെ അടുത്ത് എത്തുന്നത്. ഒരു ഭീമൻ ഉടുമ്പാണ് നിത്യവും ഇവിടെ സന്ദർശകനായി എത്തി സംതൃപ്തിയോടെ മടങ്ങുന്നത്.
ഓരോ ദിവസവും കൃത്യം പകൽ രണ്ട് മണിക്ക് എത്തുന്ന ഉടുമ്പിന് കഴിക്കാൻ ഇഷ്ടം പോലെ മീൻ കൊടുക്കുകയാണ് ഇവിടുത്തെ മീൻവിൽപനക്കാർ. പാലാടൻ കുഴിയിൽ ബാലേട്ടനും പക്കർക്കയും അതിഥിയെ സ്ഥിരം സൽക്കരിക്കുന്നു. എല്ലാ ദിവസവും എത്തുന്ന ഉടുമ്പ് ബാലേട്ടനെ ചുറ്റിപ്പറ്റി നിൽക്കും. മീൻകിട്ടാനാണ് കക്ഷി ഇങ്ങനെ നാവ് നീട്ടി ചുറ്റിപ്പറ്റി നിൽക്കുന്നത്. നല്ല അയലയും മത്തിയും ഞണ്ടും ഇഷ്ടം പോലെ കക്ഷി അകത്താക്കും. ആരെയും ഇതുവരെ ആക്രമിച്ചിട്ടില്ല.
പൊതുവെ ആളുകൾ ഭയക്കുന്ന ഉടുമ്പ് നിരവധി പേർ കൂട്ടം കൂടുന്ന മീൻകടക്കരികിൽ ഒരു ഉപദ്രവവുമില്ലാതെ നിൽക്കും. മീൻകടക്കാർ കൊടുക്കുന്ന മീൻ ഇപ്പോൾ കൈയിൽനിന്ന് തന്നെ വാങ്ങി കഴിക്കുന്ന സ്വാതന്ത്ര്യത്തിൽ എത്തി നിൽക്കുന്നു. വയറു നിറഞ്ഞാൽ പുള്ളി ഇവിടെ നിൽക്കില്ല. ഒരു ദിവസം അധികം മീൻ കിട്ടിയാൽ തൊട്ടടുത്ത ദിവസം ഉടുമ്പ് അവധിയാകും.
മൂന്നു മാസത്തോളമായി ഈ കൂട്ട് തുടങ്ങിയിട്ട്. ബാലേട്ടനോടാണ് അതിഥിക്ക് പ്രിയം. ബാലേട്ടൻ ഉടുമ്പിന് മീൻ കൊടുക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ഇവരുടെ കൂട്ട് കണ്ടറിഞ്ഞ വെള്ളോട്ട് അങ്ങാടിയിലെ ഷിബു ശേഖർ ഫേസ് ബുക്കിൽ വിഡിയോ പങ്കു വെച്ചതോടെയാണ് നാട്ടുകാർ ഇതറിയുന്നത്. ഇതോടെ അപൂർവ സൗഹൃദം നേരിൽ കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.