മുസ്ലിം ലീഗുമായുള്ള സൗഹൃദബന്ധം സുദൃഢം, നിലനിർത്തേണ്ടത് എല്ലാവരുടെയും ബാധ്യത -സമസ്ത
text_fieldsമലപ്പുറം: പൂർവീക മഹത്തുക്കളിലൂടെ തുടർന്നുവന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായും മുസ്ലിം ലീഗും തമ്മിലെ സൗഹൃദ ബന്ധം സുദൃഢമാണെന്നും, പ്രസ്തുത ബന്ധം നിലനിർത്തേണ്ടത് എല്ലാവരുടേയും ബാധ്യതയാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ഞായറാഴ്ച ചേർന്ന ഇരു സംഘടനകളുടെയും നേതൃയോഗം സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
പ്രസ്തുത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരുവിധ പ്രവർത്തനങ്ങളും പ്രസ്താവനകളും ഇരുഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് നേതാക്കൾ ഉപദേശിച്ചു. ഇരു സംഘടനകളുടെയും അണികളിൽ നിന്നോ, പ്രവർത്തകരിൽ നിന്നോ ഈ നിലപാടിന് നിരക്കാത്ത വല്ലതും ഉണ്ടായാൽ അത് നേതാക്കളുമായി ബന്ധപ്പെട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും യോഗം തീരുമാനിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ ദ്ഘാടനം ചെയ്തു. പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ പ്രഭാഷണം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വിഷയാവതരണം നടത്തി.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, എം.ടി. അബ്ദുല്ല മുസ്ലിയാർ, എം.പി. അബ്ദുസ്സമദ് സമദാനി, കെ. ഉമർ ഫൈസി മുക്കം, എം.കെ. മുനീർ, പി.വി. അബ്ദുൽ വഹാബ് എം.പി, കെ.പി.എ. മജീദ്, എം.സി. മായിൻ ഹാജി, അബ്ദു റഹ്മാൻ കല്ലായി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബൂബക്കർ ഫൈസി മലയമ്മ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.