‘ഫ്രോഗ് മാൻ ഓഫ് ഇന്ത്യ’ ഡോ. എസ്.ഡി.ബിജുവിനെ ആദരിച്ചു
text_fieldsതിരുവനന്തപുരം: പ്രശസ്ത ഉഭയജീവി ഗവേഷകനും മലയാളിയുമായ ഡോ.സത്യഭാമ ദാസ് ബിജു (എസ്.ഡി.ബിജു)വിന് സ്വീകരണം നൽകി. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് സെന്ററും ഡോ.ഖമറുദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേർസിറ്റി കൺസർവേഷനും സംയുക്തമായാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
'ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ.ബിജു, ഡല്‍ഹി സര്‍വ്വകലാശാലയില്‍ എണ്‍വിരോണ്‍മെന്റല്‍ സ്റ്റഡീസ് വിഭാഗത്തില്‍ സീനിയര്‍ പ്രൊഫസറും, ഹാര്‍വാഡില്‍ ഓര്‍ഗാനിസ്മിക് ആന്‍ഡ് എവല്യൂഷണറി വകുപ്പിലെ അസോസിയറ്റും ആണ്. ലോകശ്രദ്ധയാകര്‍ഷിച്ച ഉഭയജീവി ഗവേഷണമാണ് ഇന്ത്യയുള്‍പ്പടെ ദക്ഷിണേഷ്യന്‍ മേഖലയില്‍ ബിജു നടത്തുന്നത്. ഹാര്‍വാഡ് സര്‍വകലാശാലയുടെ റാഡ്ക്ലിഫ് ഫെലോഷിപ്പ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ആദരിക്കൽ ചടങ്ങിൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.ബി. സാബുലാൽ സ്വാഗതം പറഞ്ഞു. ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷന് വേണ്ടി സലീം പള്ളിവിള ആശംസകൾ നേർന്നു. തുടർന്ന് നടന്ന സംവാദത്തിൽ ഗവേഷണ വിദ്യാർഥികളടക്കമുള്ളവർ പങ്കെടുത്തു. ഡോ: അനുരാഗ് ധ്യാനി നന്ദി പറഞ്ഞു.
കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ബിജു, ഇന്ത്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളില്‍ നിന്നായി 116 ഉഭയജീവി വിഭാഗങ്ങളെ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ്. അതില്‍ 2 ഫാമിലികളും 10 ജീനസുകളും 104 സ്പീഷീസുകളും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഇതുവരെ കണ്ടുപിടിച്ച ഉഭയജീവി വൈവിധ്യത്തില്‍ 25 ശതമാനം ബിജുവിന്റെ സംഭാവനയാണ്.
നിലവില്‍ ലോകത്ത് ഇത്രയും തവളകളെയും മറ്റ് ഉഭയജീവികളെയും കണ്ടെത്തിയ ഗവേഷകര്‍ ബിജു ഉള്‍പ്പടെ ഏതാനും പേര്‍ മാത്രമേയുള്ളൂ. ഉഭയജീവികളുടെ വര്‍ഗ്ഗീകരണം, പരിണാമം, സ്വഭാവസവിശേഷതകള്‍, ബയോജ്യോഗ്രഫി തുടങ്ങിയ മേഖലകളിലാണ് ബിജുവിന്റെ സംഭാവനകള്‍ മിക്കതും.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സസ്യശാസ്ത്രത്തിലും, ബെല്‍ജിയത്തില്‍ വ്രിജെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജന്തുശാസ്ത്രത്തിലും പി.എച്ച്.ഡി.നേടിയ ഡോ.ബിജു, നേച്ചര്‍, സയന്‍സ് തുടങ്ങിയ ജേര്‍ണലുകളില്‍ ഇതിനകം നൂറിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉഭയജീവി ഗവേഷണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ഐ.യു.സി.എന്‍/എ.എസ്.ജി. സാബിന്‍ അവാര്‍ഡ് (2008) നേടിയിട്ടുള്ള ഡോ.ബിജു, 2022 ലെ പ്രഥമ കേരളശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.