എൻജിനീയറിങ്ങിൽനിന്ന് ഐ.എ.എസിലേക്ക്; സ്വപ്ന നേട്ടത്തിൽ മീര, അഭിനന്ദനപ്രവാഹം
text_fieldsതൃശൂർ: സിവിൽ സർവിസ് പരീക്ഷയിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയ തൃശൂർ കോലഴി സ്വദേശി കെ. മീരക്ക് അഭിനന്ദനവുമായി മന്ത്രി കെ. രാജൻ. ആറാം റാങ്ക് നേടിയ മീരയെ വീട്ടിൽ എത്തിയാണ് മന്ത്രി അഭിനന്ദിച്ചത്.
മീര നാടിന്‍റെ അഭിമാനമാണെന്നും കേരള കേഡറിൽതന്നെ സിവിൽ സർവിസ് ലഭിച്ചെന്നത് കൂടുതൽ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് മുഴുവൻ അഭിമാനകരമായ നിമിഷമാണിത്. റവന്യൂ കുടുംബത്തിലേക്ക് മീരയെ സ്നേഹപൂർവം സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലക്ടർ ഹരിത വി. കുമാർ, സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മീരക്ക് മധുരം നൽകിയാണ് മന്ത്രി ആഘോഷത്തിന്‍റെ ഭാഗമായത്.
കോലഴി പോട്ടോരിൽ രാംദാസിന്‍റെയും രാധികയുടെയും മകളായ മീരക്ക് ബംഗളൂരുവിൽ ജോലി ചെയ്യുന്ന സമയത്താണ് സിവിൽ സർവിസ് പരീക്ഷ എഴുതണമെന്ന് ആഗ്രഹം തോന്നിയത്. നാലാം പരിശ്രമത്തിലാണ് മീര റാങ്ക് ഉറപ്പിച്ചത്.
തൃശൂർ ഗവ. എൻജിനീയറിങ് കോളജ് 2016 ബാച്ച് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും മീര പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മീരയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. നാടിന്‍റെ നന്മയ്ക്കായി ആത്മാർത്ഥമായി സേവനം ചെയ്യാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.