ഇടതു വിട്ട് എൻ.ഡി.എ ക്യാമ്പിൽ
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപാളയം വിട്ടുവന്ന് എൻ.ഡി.എ സ്ഥാനാർഥികളായത് അഞ്ചുപേർ. പന്തളം പ്രതാപൻ ഉൾപ്പെടെ ചില കോൺഗ്രസ് നേതാക്കളും എൻ.ഡി.എ സ്ഥാനാർഥികളായെങ്കിലും എണ്ണത്തിൽ കൂടുതൽ ഇടതുപക്ഷക്കാർതന്നെ. കോൺഗ്രസ് - ബി.ജെ.പി കൂട്ടുകെട്ട് ആരോപിക്കുന്ന എൽ.ഡി.എഫിനെ വെട്ടിലാക്കുന്നതാണ് ഇൗ മറുകണ്ടം ചാടൽ.
സി.പി.ഐ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടിവ് അംഗത്വം രാജിെവച്ച തമ്പി മേട്ടുതറയാണ് ഇതിൽ പ്രധാനി. അദ്ദേഹമാണ് കുട്ടനാട്ടിൽ എൻ.ഡി.എ സ്ഥാനാർഥി. മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സഖാവ് മേട്ടുതറ നാരായണെൻറ മകനാണ് തമ്പി. ഹരിപ്പാട് സീറ്റിലേക്ക് സി.പി.െഎ പരിഗണിച്ച ആദ്യ പേരുകാരനായിരുന്നു ഇദ്ദേഹം.
തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡൻറും മരുത്തോർവട്ടം സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് ആണ് ചേർത്തലയിലെ എൻ.ഡി.എ സ്ഥാനാർഥി. മാവേലിക്കരയിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം പ്രാദേശിക നേതാവുമായിരുന്ന കെ. സഞ്ജുവിനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്.
സി.പി.എം നേതാവും പൂഞ്ഞാർ തെക്കേക്കര മുൻ പഞ്ചായത്ത് പ്രസിഡൻറുമായ മിനർവ മോഹനാണ് കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി. പാലക്കാട് മണ്ണാർക്കാട് മണ്ഡലത്തിൽ സി.പി.എം സഹയാത്രികയായിരുന്ന പി. നസീമ എൻ.ഡി.എ സ്ഥാനാർഥിയായത് എ.ഐ.ഡി.എം.കെ വഴിയാണ്. ദിവസങ്ങൾക്ക് മുമ്പ് ആഭ്യന്തരമന്ത്രി അമിത് ഷായിൽനിന്ന് അംഗത്വം ഏറ്റുവാങ്ങിയ കോൺഗ്രസ് നേതാവ് പന്തളം പ്രതാപൻ അടൂരിലെ എൻ.ഡി.എ സ്ഥാനാർഥിയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.