ചാരായം മുതൽ രാസലഹരി വരെ; ലഹരി വലയിൽ എറണാകുളം ജില്ല
text_fieldsകൊച്ചി: മറൈൻ ഡ്രൈവിൽ വൈകീട്ടാകുന്നതോടെ ‘മിഠായിപെറുക്കൽ പരിപാടി’ അരങ്ങേറുന്നു. ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന മത്സരമല്ല ഇത്. ലഹരി കച്ചവടക്കാർ കൊണ്ടുവന്നിടുന്ന മയക്കുമരുന്ന് പൊതികൾ ശേഖരിക്കാനെത്തുന്ന ഉപഭോക്താക്കളാണ്. സമീപകാലത്ത് എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സമൂഹമാധ്യമ സഹായത്തോടെ നടക്കുന്ന ലഹരി വിപണനത്തിന്റെ കണ്ണികളാണ് അന്വേഷണത്തിലൂടെ എക്സൈസ് ഉദ്യോഗസ്ഥർ ഇവിടെ പൊട്ടിച്ചത്. പ്രധാന മയക്കുമരുന്ന് വിതരണക്കാരിൽ പലരും സമീപകാലത്ത് എക്സൈസിന്റെയും പൊലീസിന്റെയും പിടിയിലായിട്ടുമുണ്ട്.
മൂന്നാം കണ്ണ്, മാജിക് മെഹന്ദി, തക്കാളി... ഇത്തരത്തിൽ പല അപരനാമങ്ങളിൽ അറിയപ്പെടുന്നവരാണ് വിവിധ കേസുകളിലായി കുടുങ്ങിയത്. കഞ്ചാവ് മുതൽ എം.ഡി.എം.എ വരെ നീളുന്ന മയക്കുമരുന്നിന്റെ കൊച്ചിയിലേക്കുള്ള വ്യാപനത്തിന് ഇനിയും കുറവ് സംഭവിച്ചിട്ടില്ലെന്ന് വേണം സമീപകാല കേസുകളുടെയടക്കം പശ്ചാത്തലത്തിൽ വിലയിരുത്താൻ. ഇതിനൊപ്പം ചാരായത്തിന്റെയും മദ്യത്തിന്റെയും മറ്റ് ലഹരി ഉൽപന്നങ്ങളുടെയും വിപണനവും സജീവമായി നടക്കുന്നുണ്ട്. മെത്താംഫിറ്റമിൻ, എൽ.എസ്.ഡി, നൈട്രോസെപാം തുടങ്ങിയ മാരക ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറയുന്നില്ല.
സമൂഹമാധ്യമത്തിലൂടെ ലഹരി കച്ചവടം
ബംഗളൂരു, ഗോവ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പ്രധാനമായും ഇവിടേക്ക് ലഹരിയെത്തുന്നതെന്ന് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ടാക്കിയാണ് ലഹരി കച്ചവടം വ്യാപകമാകുന്നത്.
‘മിഠായി റെഡി’ എന്ന് കോഡ് മെസേജ് ഗ്രൂപ്പിൽ അയക്കുന്നു. ആവശ്യക്കാർ ക്യൂആർ കോഡ് വഴി പണം അയക്കും. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് കവറിൽ മിഠായി രൂപത്തിൽ പാക്ക് ചെയ്ത് മയക്കുമരുന്ന് മറൈൻഡ്രൈവിലെ വിവിധ ഭാഗങ്ങളിൽ വെക്കുന്നു. തുടർന്ന് ഇതിന്റെ ഗൂഗ്ൾ ലൊക്കേഷും വെച്ചിരിക്കുന്ന സ്ഥലത്തിന്റെ ചിത്രവും ആവശ്യക്കാർക്ക് എത്തിച്ചുനൽകും. ഇവിടെ ‘മിഠായിപെറുക്കാൻ’ നിരവധി യുവതീയുവാക്കൾ എത്തുന്നതായാണ് കണ്ടെത്തൽ.
വ്യാജമദ്യത്തിനും ചാരായത്തിനും കച്ചവടക്കാർ
രാസലഹരി മാത്രമല്ല, ചാരായത്തിനും വ്യാജമദ്യത്തിനും നിരവധി ആവശ്യക്കാരും കച്ചവടക്കാരുമാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വ്യാജമദ്യം പറമ്പുകളിലും മറ്റ് കാടുപിടിച്ച സ്ഥലങ്ങളിലും സൂക്ഷിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതാണ് രീതി. പതിവ് ഉപഭോക്താക്കളാണ് ഇത്തരക്കാരെ സമീപിക്കുന്നതിലധികവും. നിരവധി പേർ ഇതിനോടകം തൊണ്ടിസഹിതം കുടുങ്ങിയിട്ടുണ്ട്. പലരെയും എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.
എക്സൈസ് പിടികൂടിയ വസ്തുക്കൾ :
(യഥാക്രമം ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ)
ചാരായം (ലിറ്റർ)- അഞ്ച്, ഇല്ല, മൂന്ന്, 12, 25, 11, ഇല്ല, 13, 13, അഞ്ച്
ഇന്ത്യൻ നിർമിത വിദേശ മദ്യം (ലിറ്റർ)- 322, 186.11, 255, 293.9, 287, 254, 315, 354, 351, 284
വാഷ് (ലിറ്റർ)- 900, 185, 1034, 480, 100, 435, 85, 1975, 35, 685
കഞ്ചാവ് (കിലോഗ്രാം)- 4.96, 79.214, 29.8, 7.835, 12, 47.8, 29.1, 43.6, 16.8, 17.4
ബിയർ (ലിറ്റർ)- 43.55, 18.2, 14.8, 32.55, 39, 29, 26, 16, 39, 20
എം.ഡി.എം.എ (ഗ്രാം)- 22.6, 46.021, 54.2, 39.8932, 740, 50.7, 24, 150, 0.95, 340
ഹഷീഷ് ഓയിൽ (ഗ്രാം)- 466, ഇല്ല, ഇല്ല, 34.02, 58.1, ഇല്ല, 111, 3.85, ഇല്ല, 1017
ബ്രൗൺ ഷുഗർ (ഗ്രാം)- 20.03, 100.517, 20.4, 12.953, 0.3, ഇല്ല, ഇല്ല, 2.2, 18, 2.5
ഹെറോയിൻ (ഗ്രാം)- 106.8, 22.222, 94.9, 27.81, 19, 68, 0.9, 82, 5.4, 7.8
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.