സി.പി.എം പി.ബി മുതൽ ലോക്കൽ കമ്മിറ്റി വരെ അനുപമ മുട്ടാത്ത വാതിലുകളില്ല; 'വൃന്ദ മാത്രമാണ് നന്നായി പെരുമാറിയത്'
text_fieldsപ്രസവിച്ച് മൂന്നാം നാൾ രക്ഷിതാക്കളുടെയും പാർട്ടിയുടെയും പിന്തുണയോടെ മാറിടത്തിൽ നിന്ന് പറിച്ച് മാറ്റപ്പെട്ട സ്വന്തം കുഞ്ഞിന് വേണ്ടി ആ അമ്മ മുട്ടാത്ത വാതിലുകളില്ല. താൻ അടിയുറച്ച് വിശ്വസിച്ച പാർട്ടിയുടെ പരമോന്നത നേതൃത്വമായ പി.ബി മുതൽ ലോക്കൽ കമ്മിറ്റിയിൽ വരെ കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ കയറിയിറങ്ങി. എന്നാൽ, നിരാശയായിരുന്നു ഫലം. പി.ബി അംഗം വൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവരോട് മകനെ തിരിച്ചുകിട്ടാൻ ഇടപെടണമെന്നാവശ്യപ്പെട്ട് നിരവധി തവണ കേണപേക്ഷിച്ചു.
ഒടുവിൽ, ഇന്നലെ കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി പരസ്യമായി കുറ്റസമ്മതം നടത്തി. അനുപമയുടെ പരാതി പരിഹരിക്കുന്നതിൽ താൻ പരാജയപ്പെട്ടെന്ന് പി.കെ. ശ്രീമതി ചാനൽ ചർച്ചയിൽ തുറന്നു സമ്മതിച്ചു. 'പി.ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞാണ് അനുപമയുടെ പരാതിയെക്കുറിച്ച് താൻ അറിഞ്ഞത്. അനുപമയുടെ പ്രശ്നം പരിഹരിക്കാൻ താൻ ഏറെ പരിശ്രമിച്ചിരുന്നു. വീണ്ടും പരാതി നൽകാൻ അനുപമയോട് ആവശ്യപ്പെട്ടു. അനുപമയോട് കോടതിയെ സമീപിക്കാനും നിർദേശിച്ചു. കോടിയേരി ബാലകൃഷ്ണനെ സമീപിക്കാനും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയോടും പാർട്ടിയിലെ വനിതാ നേതാക്കളോടും വിവരം ധരിപ്പിക്കുകയും ചെയ്തു. എന്നിട്ടും പരാതി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു' - പി.കെ. ശ്രീമതി വ്യക്തമാക്കി.
'വൃന്ദ കാരാട്ട് മാത്രമാണ് നന്നായി പെരുമാറിയത്'
പരാതി നൽകിയിട്ടും ആരും ഞങ്ങളെ സഹായിച്ചില്ലെന്നും വൃന്ദ കാരാട്ട് മാത്രമാണ് നന്നായി പെരുമാറിയതെന്നും ഇതേക്കുറിച്ച് അനുപമ 'മാധ്യമ'ത്തോട് പറഞ്ഞു. 'വൃന്ദ കാരാട്ട് എന്നെ ആശ്വസിപ്പിച്ചു. പരാതി പി.കെ. ശ്രീമതിക്ക് അയച്ചുകൊടുത്തു. വൃന്ദ കാരാട്ടിെൻറ നിർേദശപ്രകാരം പി.കെ. ശ്രീമതി വിളിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്നു ചെയ്യാം, നാെള ചെയ്യാം എന്നൊക്കെ പറഞ്ഞ് അവർ കാര്യങ്ങൾ വൈകിപ്പിക്കുകയാണ് ചെയ്തത്' -അനുപമ പറഞ്ഞു.
അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ ബലമായി ദത്ത് നൽകിയത് ഏത് സാഹചര്യത്തിലാണെങ്കിലും മനുഷ്യത്വരഹിതമായ കാര്യമാണെന്ന് വൃന്ദ കാരാട്ട് പ്രതികരിച്ചു. 'നടന്നത് നീതി നിഷേധമാണ്. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കണം. സംഭവം വളരെ സങ്കീർണമായി തീർന്നിരിക്കുകയാണ്. കുഞ്ഞിനെ ദത്തെടുത്ത അമ്മയും സ്വന്തമെന്ന് കരുതിയാണ് വളർത്തുന്നത്. അവകാശങ്ങളേക്കാൾ യാഥാസ്ഥിതികത്വത്തിനാണ് ഇവിടെ മുൻതൂക്കം ലഭിച്ചത്. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കുകയാണ് വേണ്ടത്' -ഡൽഹിയിൽ കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ വൃന്ദ മാധ്യമങ്ങളോട് പറഞ്ഞു.
അജിത്തിെൻറ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ല സെക്രട്ടറി
സഹായം തേടിയെത്തിയ തങ്ങളെ പരിഗണിക്കാതെ, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അനുപമയുടെ ഭർത്താവ് അജിത്തിെൻറ പിതാവിനെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് അനുപമ പറയുന്നു.
ഇതുസംബന്ധിച്ച് അനുപമ 'മാധ്യമ'ത്തോട് പറഞ്ഞതിങ്ങനെ: ''അജിത്തിനൊപ്പം താമസിക്കാൻ തുടങ്ങിയ ശേഷം, ആനാവൂർ നാഗപ്പൻ അജിത്തിെൻറ പിതാവിനെ വിളിച്ചുവരുത്തി, അനുപമയെ തിരിച്ചുെകാണ്ടാക്കിയില്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോഴദ്ദേഹം അത് മാറ്റിപ്പറയുന്നു. പ്രസവത്തിന് കുറച്ചുനാൾ മുമ്പ് പബ്ലിക് പ്രോസിക്യൂട്ടറും പഴയ തീപ്പൊരി യുവനേതാവുമായ അഡ്വ. ഗീനാകുമാരി പിതാവിെൻറ ഫോണിൽ വിഡിയോകാൾ ചെയ്തു. അജിത്തിന് അനുപമയെ വേണ്ടെന്നും ആദ്യ ഭാര്യക്കൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും ഗർഭച്ഛിദ്രത്തിന് സമ്മതിക്കണമെന്നും പറഞ്ഞു. അജിത്തിനെ എനിക്കറിയാമെന്നും അങ്ങനെ പറയില്ലെന്നും പ്രതികരിച്ചതോടെ ''നീ വേണമെങ്കിൽ വിശ്വസിച്ചാൽ മതി. നിന്നെ വിശ്വസിപ്പിക്കേണ്ട ആവശ്യം എനിക്കില്ല'' എന്ന് ദേഷ്യപ്പെട്ടു. അതിനുശേഷം അജിത്തിനെ വിളിച്ചു. അനുപമക്ക് കുഞ്ഞിെനയും അജിത്തിനെയും വേണ്ട. ബന്ധത്തിൽനിന്ന് ഒഴിവായില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും പുറത്തിറങ്ങാത്ത വിധത്തിൽ കേസിലുൾപ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തി. കുഞ്ഞിനെക്കുറിച്ച് അേന്വഷിക്കുേമ്പാഴൊക്കെ അച്ഛൻ ആവശ്യപ്പെട്ടതനുസരിച്ച് അജിത്തിനെ അഞ്ചാറുതവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി.''
ഉപദ്രവത്തിന് പുറമെ പാർട്ടിയിൽനിന്ന് പുറത്താക്കി
ഡി.വൈ.എഫ്.ഐ പേരൂർക്കട മേഖല സെക്രട്ടറിയായിരുന്ന അജിത്തിനെ അനുപമയുമായുള്ള ബന്ധം അറിഞ്ഞപ്പോൾതന്നെ വിശദീകരണം പോലും ചോദിക്കാതെ സംഘടനയിൽനിന്ന് പുറത്താക്കിയിരുന്നു. പിതാവിെൻറ സ്വാധീനത്താലാവണം അന്ന് അനുപമയെ പുറത്താക്കിയില്ല. ഈ സെപ്റ്റംബറിലാണ് അനുപമയെ നാടകീയമായി പുറത്താക്കിയത്. ബ്രാഞ്ച് സമ്മേളനം നടക്കുേമ്പാൾ അറിയിച്ചിരുന്നില്ല. അതിൽ പങ്കെടുത്തില്ലെന്നും അംഗത്വം പുതുക്കിയില്ലെന്നുമാണ് കാരണം പറഞ്ഞത്.
ഷിജുഖാന്‍റെ ആസൂത്രിത ഇടപെടൽ കുഞ്ഞിനെ തിരിച്ചുകിട്ടാതിരിക്കാൻ ?
ഡി.വൈ.എഫ്.ഐ നേതാവും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ ഷിജുഖാൻ ഈ വിഷയത്തിൽ ഏറെ ദുരൂഹത നിറഞ്ഞ ഇടപെടലുകൾ നടത്തിയതായാണ് ആരോപണം. കുട്ടിയെ ഒരുകാലത്തും അനുപമക്ക് തിരിച്ചുകിട്ടാതിരിക്കാൻ ആൺ കുഞ്ഞിനെ പെൺകുഞ്ഞാക്കി രേഖപ്പെടുത്തിയതിലും ഡി.എൻ.എ ടെസ്റ്റിൽ കൃത്രിമത്വം നടത്തിയതിലും ഇദ്ദേഹത്തിന് പങ്കുള്ളതായാണ് ആരോപണം.
രക്തബന്ധുക്കളിൽനിന്ന് ജീവനക്കാർക്ക് നേരിട്ട് കുട്ടിയെ ഏറ്റുവാങ്ങാൻ നിയമം അനുവദിക്കുന്നില്ല. പകരം, ശിശുക്ഷേമ സമിതി വഴി മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. എന്നാൽ, ഷിജുഖാന്‍റെ നിർദേശ പ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് 2020 ഒക്ടോബർ 22ന് രാത്രി 12.30ന് അമ്മത്തൊട്ടിലിെൻറ മുൻവശത്തുനിന്ന് അനുപമയുടെ മാതാപിതാക്കളുടെ കൈയിൽനിന്ന് കുട്ടിയെ ഏറ്റുവാങ്ങിയത്.
രാത്രി 12.45ന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നിയമപരമായ ശാരീരിക പരിശോധനക്കെത്തിച്ച ആൺകുട്ടിയെ ജനറൽ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് പെൺകുട്ടിയായി രേഖപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്. ഇതിന് ഡോക്ടർമാരടക്കം ആശുപത്രി ജീവനക്കാരെയും സ്വാധീനിച്ചു. അടുത്ത ദിവസം സമിതിയിൽനിന്ന് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പുതുതായി ലഭിച്ച കുഞ്ഞിന് 'മലാല' എന്ന് പേരിട്ടതായാണ് ഷിജുഖാൻ മാധ്യമങ്ങളെ അറിയിച്ചത്. 'പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്നതിെൻറ ഭാഗമായാണ് മലാല യൂസഫ് സായിയോടുള്ള ബഹുമാനാർഥം ഈ പേര് നൽകിയതെന്നും' ഷിജുഖാൻ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.
എന്നെങ്കിലും കുട്ടിയെ തേടി അനുപമ എത്തിയാൽ സത്യം മറച്ചുവെക്കാൻ നടത്തിയ നാടകമായിരുന്നു ഇെതന്നാണ് ആക്ഷേപം. ആശുപത്രിയിൽ നടന്ന തിരിമറി ഒരു വിഭാഗം ജീവനക്കാർ പുറത്തുവിട്ടതോടെ 'അബദ്ധ'മെന്ന പേരിൽ ഷിജുഖാൻ കൈയൊഴിഞ്ഞു. കുട്ടിക്ക് 'എഡ്സൺ പെലെ' എന്ന് പേരിട്ടതായും തൊട്ടടുത്ത ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ, ഒക്ടോബർ 23ന് വൈകീട്ട് അമ്മത്തൊട്ടിലിൽ ലഭിച്ച ആൺകുട്ടിക്കായിരുന്നു പെലെ എന്ന പേര് നൽകിയത്. അനുപമയുടെ മകന് സിദ്ധാർഥ് എന്ന് പുനർനാമകരണം ചെയ്തത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ്. ഈ വിവരം രഹസ്യമാക്കിെവച്ചു.
ഒടുവിൽ മലക്കം മറിച്ചിൽ; 'അനുപമക്ക് എല്ലാ പിന്തുണയും പാർട്ടി നൽകും'
പാർട്ടി പിൻബലത്തോടെ തട്ടിക്കൊണ്ടുപോയി ഒരുവർഷമായിട്ടും മകനെ തിരികെ കൊടുക്കുകയോ അതിനുള്ള ഇടപെടൽ നടത്തുകയോ ചെയ്യാത്ത സി.പി.എം, സംഭവം വിവാാദമായതോടെ ഒടുവിൽ മലക്കം മറിഞ്ഞിരിക്കുന്നു. സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാൻ പോരാടുന്ന അനുപമക്ക് എല്ലാ പിന്തുണയും പാർട്ടി നൽകുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞത്.
'നിയമപരമായി പരിഹാരം കാണേണ്ട വിഷയമാണിത്. പാർട്ടി എന്ന നിലക്ക് പ്രശ്നം പരിഹരിക്കാനാകില്ല. വിഷയം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുവനന്തപുരം ജില്ല കമ്മിറ്റി ഇടപെട്ടതാണ്. ഇതുസംബന്ധിച്ച കാര്യങ്ങൾ ജില്ല സെക്രട്ടറി വ്യക്തമാക്കിയിരുന്നു. അനുപമക്ക് എല്ലാവിധ നിയമസഹായങ്ങളും നൽകേണ്ടതുണ്ട്. ബന്ധപ്പെട്ട മന്ത്രി അവരോട് സംസാരിച്ചു. കുഞ്ഞിനെ അമ്മക്ക് കിട്ടുക എന്നത് അവരുടെ അവകാശമാണ്. അതിനുവേണ്ട എല്ലാ പരിശ്രമങ്ങളും നടത്തും. അധികൃതരുടെ അനുകൂലമായ ഇടപെടലുകൾ ഇക്കാര്യത്തിലുണ്ട്. ഒരു തെറ്റിനെയും പാർട്ടി പിന്താങ്ങില്ല' -എന്നായിരുന്നു വിജയരാഘവന്‍റെ വിശദീകരണം. വിഷയത്തിൽ പാർട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും പാർട്ടി അറിഞ്ഞിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി വിജയരാഘവൻ വ്യക്തമാക്കി. മാസങ്ങളായി പി.ബി മുതൽ ലോക്കൽ കമ്മിറ്റി വരെ ഇടപെട്ടുകൊണ്ടിരിക്കുന്ന വിഷയത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ ഈ വിശദീകരണം എന്നതാണ് തമാശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.