അന്ന് റോഡ് പണിക്കിറങ്ങിയ വിദ്യാർഥി ഇന്ന് സി.ഐ; ഇത് ജീവിതസാഹചര്യങ്ങളോട് പടപൊരുതി വിജയിച്ച കൃഷ്ണന് കെ. കാളിദാസ്
text_fieldsശ്രീകണ്ഠപുരം: ചുട്ടുപൊള്ളുന്ന വെയിലില്‍ തിളക്കുന്ന ടാറുമായി റോഡ് പണിക്കിറങ്ങിയ വിദ്യാർഥി. ഇപ്പോഴിതാ അനുഭവങ്ങളുടെ കടലിരമ്പമുള്ള ജീവിതവുമായി നാടുകാക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി.
പയ്യാവൂര്‍ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണന് കെ. കാളിദാസിെൻറ ജീവിതമാണ് പലരും അറിയാത്ത കഥയായി നിൽക്കുന്നത്. ജീവിതസാഹചര്യങ്ങളോട് പടപൊരുതി വിജയം നേടിയ കൃഷ്ണനെ പുതുതലമുറ ഏറെ പഠിക്കാനുണ്ട്.
പാലക്കാട് ജില്ലയിലെ ചോര്‍ന്നൊലിക്കുന്ന പുല്ലുമേഞ്ഞ രണ്ടു മുറി വീട്ടിലായിരുന്നു ഇദ്ദേഹത്തിെൻറ ജനനം. ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ മാതാപിതാക്കൾ പാടുപെട്ടപ്പോൾ പഠനകാലത്ത് തന്നെ കൂലിപ്പണിക്കിറങ്ങാന്‍ കൃഷ്ണന് നിര്‍ബന്ധിതനായി.
പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദ പഠനകാലത്ത് ആരെയും അറിയിക്കാതെ റോഡ് പണിക്ക് പോയാണ് ചെലവിനുള്ള തുക കണ്ടെത്തിയത്. ടൂര്‍ പോയതാണെന്ന് സഹപാഠികളോടും അസുഖമാണെന്ന് അധ്യാപകരോടും കള്ളം പറഞ്ഞാണ് റോഡ് പണിക്ക് പോയിരുന്നത്.
റോഡ് റോളറിെൻറ ചക്രത്തില്‍ വെള്ളം ഒഴിച്ചുകൊണ്ട് പിന്നാലെ ഓടുന്നതായിരുന്നു ആദ്യ ജോലി. പിന്നാലെ ടാറിങ് ജോലി മുഴുവനായി പഠിച്ചെടുത്തു.പരിചയമുഖങ്ങളൊന്നും മുന്നിൽപ്പെടല്ലേയെന്ന പ്രാർഥനയിലാണ് പണിക്കിറങ്ങിയത്.
2004-05 കാലത്ത് രാമനാട്ടുകര, പള്ളിക്കൽബസാര്‍, മാറാട്, കാക്കഞ്ചേരി, യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ റോഡ് പണിയില്‍ പങ്കാളിയായി. പിന്നീട് പി.എസ്.സി പരീക്ഷ എഴുതിയപ്പോള്‍ ആദ്യ പരിശ്രമത്തില്‍തന്നെ ജോലി ലഭിച്ചു. കാസര്‍കോട് കുമ്പളയില്‍ എസ്.ഐ ആയാണ് ആദ്യ നിയമനം.
സർക്കിൾ ഇൻസ്പെക്ടറായി (എസ്.എച്ച്.ഒ) ആദ്യ നിയമനം ലഭിച്ചത് താന്‍ മുമ്പ് റോഡുപണി നടത്തിയ കോഴിക്കോട് ഫറോക്കിലായിരുന്നു. ഫറോക്ക് സ്റ്റേഷൻ പരിധിയിലെ മിക്ക റോഡുകളിലും തെൻറ വിയർപ്പൊഴുകിയിട്ടുണ്ടെന്നത് ഏറെ അഭിമാനത്തോടെയാണ് ഓർക്കുന്നതെന്ന് ഈ പൊലീസ് ഓഫിസർ പറഞ്ഞു.
ഫറോക്കിൽനിന്നാണ് പയ്യാവൂരിലേക്ക് സ്ഥലംമാറിയെത്തിയത്. എം.എ ഇംഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ്. ഭാര്യ: പി.എ. ജീന. മക്കൾ: ശ്രുത കീർത്തി, ശിവാംഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.