തോട്ടങ്ങളിൽ ഫലവർഗ കൃഷി പ്രതിവിധിയില്ലാത്ത വന്യമൃഗശല്യം; റവന്യൂ എതിർപ്പടക്കം കടമ്പകളേറെ
text_fieldsആലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച 'തോട്ടങ്ങളിൽ ഫലവർഗ കൃഷി പദ്ധതി' നിർദേശം നടപ്പാകാൻ നിയമങ്ങളിലെ പൊളിച്ചെഴുത്ത് അടക്കം നിരവധി കടമ്പ. പശ്ചിമഘട്ട മേഖലയിലും അതിർത്തി ഗ്രാമങ്ങളിലും രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഇനിയുമാകാത്തത് പഴവർഗ കൃഷിക്ക് മുഖ്യ പ്രതിബന്ധമായി മാറും. തോട്ടം മേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിലും ടൗണുകളിലും പോലും കാട്ടാനകൾ ഉൾെപ്പടെ എത്തുകയും ആക്രമണകാരികളാകുന്നതും നിയന്ത്രിക്കാൻ മൂന്ന് വർഷമായി ആവിഷ്കരിച്ച സർക്കാർ പദ്ധതികൾക്കൊന്നുമായിട്ടില്ല.
ചക്കയും വാഴപ്പഴവും മറ്റ് പഴവർഗങ്ങളുമാണ് നിലവിൽ ആനകളെ കൃഷിയിടങ്ങളിലേക്ക് ആകർഷിക്കുന്നത്. വൈദ്യുതി വേലികൾ മറികടന്നുപോലും വന്യമൃഗങ്ങൾ എത്തുന്നത് അടുത്തകാലത്ത് രൂക്ഷമാണ്. തോട്ടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണമടയുന്നവരുടെ എണ്ണവും പതിന്മടങ്ങായി. സംസ്ഥാന ബജറ്റ് വിഭാവനം ചെയ്യുന്ന പഴവർഗം വ്യാപകമാക്കൽ പദ്ധതി വിജയിക്കണമെങ്കിൽ വന്യമൃഗശല്യം തീർക്കാൻ സമഗ്ര പരിഹാര പദ്ധതി ആവിഷ്കരിക്കുകയാണ് ആദ്യം വേണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റമ്പുട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയവയടക്കം കൃഷി ചെയ്യാവുന്ന തരത്തിൽ നിയമഭേദഗതിക്കാണ് നീക്കം.
നിലവിലെ ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടംഭൂമിയിൽ പഴവർഗങ്ങളോ മറ്റ് വിളകളോ കൃഷി ചെയ്താൽ 15 ഏക്കറിൽ കൂടുതൽ കൈവശം വെക്കുന്നതിന് അവകാശം ഉടമക്ക് നഷ്ടമാകും. പതിറ്റാണ്ടുകൾ മുമ്പ് ഏത് ആവശ്യത്തിനാേണാ സർക്കാറിൽനിന്ന് ഭൂമി പാട്ടത്തിന് നൽകിയത് ഇതിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക സാധ്യമല്ല. ഇതൊഴിവാക്കുന്നതിനാണ് നിയമ ഭേദഗതി. ബന്ധപ്പെട്ട വകുപ്പുകൾ മുൻകൈയെടുത്ത് വിദഗ്ധരുമായി ചേർന്നു പഠനം നടത്തി നയം രൂപവത്കരിച്ച് ആറു മാസത്തിനകം പദ്ധതി തയാറാക്കാനാണ് ബജറ്റ് നിർദേശം. വൻകിട- ചെറുകിട തോട്ടം ഉടമകൾക്കും കർഷകർക്കും മാത്രമല്ല ഭക്ഷ്യ സംസ്കരണ, വിപണന സംരംഭകർക്കും വ്യവസായികൾക്കുമെല്ലാം വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിെൻറ സമ്പദ് വ്യവസ്ഥയിൽ ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം സൃഷ്ടിക്കാനാകുമെന്നും കണക്കാക്കുന്നു.
കർഷകരും തോട്ടം ഉടമകളും അനുഭവിക്കുന്ന പ്രതിസന്ധി കണക്കിലെടുത്ത് കൃഷിമന്ത്രിയായിരുന്ന സുനിൽകുമാർ മുൻകൈയെടുത്ത് ഇത്തരത്തിലൊരു ആശയം നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും സി.പി.െഎ നേതൃത്വത്തിനും കഴിഞ്ഞ സർക്കാറിെൻറ കാലത്തുതന്നെ കത്ത് നൽകിയെങ്കിലും എതിർപ്പുയർന്നതോടെ പിൻവാങ്ങുകയായിരുന്നു. പാർട്ടിയിൽ ചർച്ചക്കുവന്നപ്പോൾ റവന്യൂ മന്ത്രി വ്യത്യസ്ത അഭിപ്രായക്കാരനായതാണ് കുഴപ്പമായത്.
ഭൂവിനിയോഗം സംബന്ധിച്ച കരാറുണ്ടാക്കിയ സമയത്തെ ലക്ഷ്യം മാറ്റുന്നത് റവന്യൂവകുപ്പിൽ ഉയരുന്ന എതിർപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ തർക്ക പശ്ചാത്തലത്തിൽ തുടർനടപടികൾ വേണ്ടെന്നുവെച്ചു. പുതിയ സാഹചര്യത്തിൽ സി.പി.െഎ നയംമാറ്റത്തിന് തയാറായേക്കുമെന്ന സൂചനയാണ് അനുകൂല ഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.