പഴം-പച്ചക്കറികൾക്ക് അടിസ്ഥാനവില; സംസ്ഥാനതല ഉദ്ഘാടനം 27ന്
text_fieldsതൃശൂർ: 16 ഇനം പഴം പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 27 ന് രാവിലെ 11 മണിക്ക് ജില്ലാ പ്ലാനിങ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഇതോടൊപ്പം സംഭരണ കേന്ദ്രങ്ങളുടെയും വിളകൾ 'ജീവനി -കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബ്ൾസ്' എന്ന ബ്രാൻഡിൽ വില്പന ആരംഭിക്കുന്നതിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മീഷണറും ആയ ഇഷിത റോയ് പദ്ധതി വിശദീകരിക്കും. ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ, കോർപറേഷൻ മേയർ അജിത ജയരാജൻ, എംപി മാരായ ടി എൻ പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, എം വി ശ്രേയാംസ് കുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആകും. ജില്ലയിലെ എംഎൽഎമാർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, കൃഷി ഡയറക്ടർ ഡോ കെ വാസുകി തുടങ്ങിയവർ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് 16 ഇനം പഴ -പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്താൻ തീരുമാനിച്ചത്. കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ കൃഷിവകുപ്പിന്റെ കീഴിൽ ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നീ ഏജൻസികൾ വഴി 300 സംഭരണ വിപണന കേന്ദ്രങ്ങളും സഹകരണവകുപ്പിന്റെ 250 പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സംഭരണ വിപണന കേന്ദ്രങ്ങളും കൂടി ആകെ 550 കേന്ദ്രങ്ങളാണ് നവംബർ ഒന്നുമുതൽ നിലവിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.