തോട്ടങ്ങളിൽ പഴവർഗങ്ങൾ കൂടി: നയം മാറ്റവുമായി സർക്കാർ
text_fieldsതിരുവനന്തപുരം: തോട്ടങ്ങളിൽ പഴവർഗങ്ങൾ കൂടി കൃഷി ചെയ്യാന്‍ സുപ്രധാന നയം മാറ്റവുമായി സർക്കാർ. തോട്ടം മേഖലയുടെ ഏറെക്കാലമായുള്ള ആവശ്യമാണിതെങ്കിലും ഭൂപരിഷ്കരണ നിയമത്തിെൻറ അന്തസ്സത്ത നിലനിർത്തി നടപ്പാക്കുക എളുപ്പമാകില്ല.
തോട്ടംമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ യു.ഡി.എഫ് സർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമീഷൻ റിപ്പോർട്ടിലും ഇത്തരമൊരു നിർദേശമുണ്ടായിരുന്നെങ്കിലും 1963ലെ ഭൂപരിധി നിയമത്തിലെ നൂലാമാലകളെ തുടർന്ന് കഴിഞ്ഞ പിണറായി സർക്കാർ നിർദേശം നടപ്പാക്കാതെ മാറ്റിവെക്കുകയായിരുന്നു.
എന്നാൽ, തോട്ടമുടമകളുടെയും തൊഴിലാളികളുടെയും സമ്മർദം ശക്തമായതോടെയാണ് ആറുമാസം കൊണ്ട് വകുപ്പുകള്‍ മുന്‍കൈയെടുത്ത് നയം രൂപവത്കരിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മണ്ണ് പരിശോധന അടക്കമുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രണ്ടുകോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
കേരളത്തിെൻറ മൊത്തം കാര്‍ഷിക വിസ്തൃതിയുടെ 27.5 ശതമാനം തോട്ടം മേഖലയാണ്. റബർ, തേയില, കാപ്പി, ഏലം, കശുമാവ്, കൊക്കോ, ഗ്രാമ്പൂ തോട്ടങ്ങളിലായി മൂന്നര ലക്ഷം തൊഴിലാളികള്‍ ഉപജീവനം നടത്തുന്നു. എന്നാൽ, ഉയർന്ന കൃഷിചെലവും ഉല്പന്നങ്ങളുടെ വിലയിടിവും തോട്ടങ്ങളുടെ തകര്‍ച്ചക്ക് കാരണമായി. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥമാറ്റവും ഉൽപാദനം കുറച്ചു. ഈ സാഹചര്യത്തിലാണ് പഴവര്‍ഗങ്ങളുടെ ഉൽപാദനം അനുവദിക്കണമെന്ന വാദം ശക്തമായത്.
വർഷത്തിൽ ഒമ്പത് മാസവും പഴങ്ങളുടെ ഉൽപാദനം നടത്താൻ യോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേതെന്നാണ് റിട്ട. ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമീഷെൻറ കണ്ടെത്തൽ. റംബുട്ടാൻ, മാംഗോസ്റ്റിൻ, ഓറഞ്ച്, അവക്കാഡോ തുടങ്ങിയ ഉയർന്ന മൂല്യമുള്ള ഫലവർഗങ്ങൾ കൂടി ഉൾപ്പെടുത്തി തോട്ടം വിളകളുടെ പട്ടിക പരിഷ്കരിക്കാൻ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കൃഷിവകുപ്പ് ശ്രമിച്ചെങ്കിലും റവന്യൂവകുപ്പ് ഫയൽ മാറ്റിവെക്കുകയായിരുന്നു.
സംസ്ഥാനത്ത് ഒരാൾക്ക് കൈവശം െവക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തിയപ്പോൾ ഏലം, കാപ്പി, റബർ, തേയില കൃഷിചെയ്യുന്ന തോട്ടങ്ങളെ ഭൂപരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. വർഷങ്ങൾക്കുശേഷം കൊക്കോ, ഗ്രാമ്പൂ, കശുവണ്ടി വിളകൾകൂടി തോട്ടവിളകളായി അംഗീകരിച്ചു. ഇൗ ഏഴ് വിളകളല്ലാതെ മറ്റെന്തെങ്കിലും കൃഷിചെയ്താൽ ഭൂപരിധി നിയമത്തിെൻറ പരിരക്ഷ തോട്ടങ്ങൾക്ക് നഷ്ടമാകും. അതുകൊണ്ടുതന്നെ ഭൂപരിഷ്കരണ നിയമ അന്തഃസത്ത നിലനിർത്തിയുള്ള ചട്ടഭേദഗതിയാകും സർക്കാറിന് മുന്നിലുള്ള വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.