ഭൂമി തരം മാറ്റാൻ കാത്തിരുന്ന് നിരാശനായ മത്സ്യത്തൊഴിലാളി ജീവനൊടുക്കി; സർക്കാർ സംവിധാനങ്ങൾക്കെതിരെ ആത്മഹത്യകുറിപ്പ്
text_fieldsപറവൂർ: ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളി ജീവനൊടുക്കി. മൂത്തകുന്നം വില്ലേജ് മാല്യങ്കര കോഴിക്കൽ വീട്ടിൽ സജീവനാണ് (57) ആത്മഹത്യ ചെയ്തത്.
പുരയിടം ബാങ്കിന് പണയപ്പെടുത്തി മറ്റ് ബാധ്യതകൾ തീർക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തന്റെ വീടിരിക്കുന്ന സ്ഥലം നിലമാണെന്ന് മനസ്സിലാവുന്നത്. നിലമായതിനാൽ വായ്പ ലഭിച്ചില്ല. സ്ഥലത്തിന്റെ സ്വഭാവം മാറ്റാൻ വില്ലേജ് ഓഫിസ് വഴി അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ബുധനാഴ്ച ഫോർട്ട് കൊച്ചി ആർ.ഡി.ഒ ഓഫിസിലെത്താൻ പറഞ്ഞിരുന്നു. അതനുസരിച്ച് ബുധനാഴ്ച ആർ.ഡി.ഒ ഓഫിസിൽ പോയിരുന്നു. നിരാശനായാണ് മടങ്ങിയെത്തിയത്.
സർക്കാർ സംവിധാനങ്ങൾക്കെതിരെ രാത്രിയിൽ ഒരു കുറിപ്പ് എഴുതി തയാറാക്കിയ ശേഷം സജീവൻ ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിക്കുകയായിരുന്നു. പലർക്കുമുള്ള കടബാധ്യതകൾ തീർക്കാനായിട്ടാണ് സജീവൻ ബാങ്ക് വായ്പക്ക് ശ്രമിച്ചത്.
ഇപ്പോഴത്തെ ഭരണസംവിധാനവും ഉദ്യോഗസ്ഥരുടെ സ്വഭാവവുമാണ് തന്റെ മരണത്തിന് കാരണമെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. സജീവന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും. ഭാര്യ: സതി. മക്കൾ: നിതിൻദേവ്, അഷിതാദേവി. മരുമക്കൾ: വർഷ, രാഹുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.