ഇന്ധന-പാചകവാതക വില: മോദിയും പിണറായിയും കണ്ണുംപൂട്ടിയിരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
text_fieldsകോട്ടയം: ഇന്ധനവിലയും പാചകവാതക വിലയും റോക്കറ്റ് പോലെ കുതിച്ചുയരുമ്പോള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗരായി ജനങ്ങളെ മഹാദുരിതത്തിലേക്ക് തള്ളിവിട്ടെന്ന് കോൺഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.
ലോക്ഡൗണ്‍ തൊട്ടുള്ള ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളില്‍ കൂടിയത് 238 രൂപ. രാജ്യത്തിന്‍റെ ചരിത്രത്തില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത വര്‍ധനവാണിത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലയുടെ നികുതി ഉപേക്ഷിച്ചതും (619.17 കോടിരൂപ) യു.പി.എ സര്‍ക്കാര്‍ സബ്‌സിഡി നല്കിയതും (1,25,000 കോടി രൂപ) നമ്മുടെ മുന്നിലുണ്ട്. അസം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതിയിളവ് നൽകിയിട്ടുണ്ട്. ഇതു മാതൃകയാക്കാന്‍ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും മടിക്കുന്നു.
ഒരു വര്‍ഷമായി മുടങ്ങിയ ഗാര്‍ഹിക പാചകവാതക സബ്‌സിഡി കേന്ദ്രം ഇതുവരെ പുനഃസ്ഥാപിച്ചില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടിയത് ഹോട്ടല്‍ വ്യവസായത്തിനും മറ്റും തിരിച്ചടിയാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും ഇപ്പോള്‍ വലിയ ദുരിതത്തിലാണ്. കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം വറചട്ടിയിലായ ജനങ്ങൾ ഇപ്പോള്‍ എരിതീയിലാണ്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതിയാണ് യഥാര്‍ത്ഥ വില്ലന്‍. പെട്രോളിന്റെ അടിസ്ഥാന വില 32.27 രൂപയാണെങ്കില്‍ കേന്ദ്രനികുതി 32.90 രൂപയും സംസ്ഥാന നികുതി 20.86 രൂപയുമാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കില്‍ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08 രൂപയുമാണ്. രണ്ടു നികുതികളും കൂടി ചേര്‍ന്നാല്‍ അടിസ്ഥാന വിലയുടെ ഇരട്ടിയോളമാകും. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കാണിത്. 2014ല്‍ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുതാണ് ഇപ്പോള്‍ പതിന്മടങ്ങായി ഉയര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.